മാധ്യമ വിമർശനം ആണല്ലോ ഇപ്പോഴത്തെ ഫേസ്ബുക് ട്രെൻഡ്. എന്നാൽ ഒട്ടു മിക്ക വിമർശനങ്ങളും സെലെക്ടിവ് വിമർശനമാണെന്നത് നിഷേധിക്കാനാവില്ല. വിമർശകരുടെ രാഷ്ട്രീയ ചായ്‌വ് വിമർശനത്തിന്റെ ഗതിയെ നല്ലത് പോലെ ബാധിക്കുന്നുണ്ട്.

സൂര്യനെല്ലിയിലെ പെൺകുട്ടിയെ അപഹസിച്ചു മനോരമയും, മമ്ത മോഹൻദാസിനെ പരിഹസിച്ചു മാതൃഭൂമിയും കാർട്ടൂൺ വരച്ചത് ചൂണ്ടിക്കാണിച്ചു വിമർശനം ഉയർത്തുന്നവർ കണ്ണൂരിലെ ആന്തൂറിൽ ആത്മഹത്യ ചെയ്ത വ്യവസായിയുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്നത് ഒന്നാം പേജിൽ വാർത്തയാക്കിയ ദേശാഭിമാനിയെ കുറിച്ച് മിണ്ടില്ല.

സുനന്ദ പുഷ്കർ മരണപ്പെട്ടപ്പോൾ ശശി തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാകിസ്ഥാൻ ജേർണലിസ്റ്റ് മെഹർ തരാറിനെ ബൈറ്റിനായി ഫോൺ ചെയ്തു ചോദിച്ച കൈരളി പീപ്പിളിനെ പരിഹസിക്കുന്നവർ, കെവിൻ മരിച്ചപ്പോൾ ആ പെൺകുട്ടിയെ പ്രതികരണത്തിനായി നിർബന്ധിച്ച മനോരമ ന്യൂസ്‌ റിപ്പോർട്ടറെയും കാണുകയില്ല.

വായനക്കാരിലേക്ക് വാർത്ത എത്രയും വേഗത്തിൽ എത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയും മത്സരം കടുത്തതായിരിക്കുകയും ചെയ്യുമ്പോൾ ലോകമെമ്പാടും സംഭവിക്കുന്നതാണിത്. ഉത്തര കൊറിയയും, ചൈനയും അപവാദമായിരിക്കും. അല്ലാതെ കേരളത്തിലെ മാധ്യമങ്ങൾക്ക് മാത്രം മൂല്യ ശോഷണം വന്നു എന്നു വിലപിക്കുന്നവർ പറയുന്നതിൽ ഒരു കാര്യവുമില്ലെന്ന് തന്നെയാണ്.

ലോകശ്രദ്ധയാകർഷിച്ച എട്ടുവർഷത്തോളം നീണ്ടു നിന്ന വിചാരണയായിരുന്നു അമാൻഡ കനോക്സിന്റേത്. ഇറ്റലിയിൽ നടന്ന ബ്രിട്ടീഷ് പൗര ആയ പെൺകുട്ടിയുടെ കൊലപാതകത്തിൽ അമേരിക്കകാരിയായ അമാൻഡ കനോക്സ് പ്രതിയായി ചേർക്കപ്പെട്ട കേസാണിത്. മാധ്യമങ്ങൾ അമാൻഡയെ കുറ്റവാളിയായി കാണുകയും, നിറം പിടിപ്പിച്ച കഥകൾ സെക്സിന്റെ മേമ്പൊടിയോടെ പരമ്പരകൾ തന്നെയായി വരുകയും ചെയ്തു. നാല് കോടതികളിലായി നടന്ന നിയമയുദ്ധത്തിൽ ഇറ്റലിയിലെ സുപ്രീം കോടതി വിധിയിൽ അമാൻഡ കുറ്റ വിമുക്തയാവുകയായിരുന്നു. ‘അമാൻഡ കനോക്‌സ്’ എന്ന പേരിലുള്ള നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയിൽ നിരപരാധിയെന്ന് കോടതി കണ്ടെത്തിയ അമാൻഡയിൽ കുറ്റം മുഴുവൻ ചാർത്തി റിപ്പോർട്ടുകൾ എഴുതിയതിൽ കുറ്റബോധം തോന്നുന്നില്ലേ എന്ന് പരമ്പരകൾ
എഴുതിയ ഡെയിലി മെയിൽ ജേർണലിസ്റ്റ് നിക്ക് പിസയോട് ചോദിക്കുന്നുണ്ട്.

അപ്പോൾ അദ്ദേഹം നൽകുന്ന മറുപടി ‘ജേർണലിസ്റ്റ് റിപ്പോർട്ട്‌ ചെയ്യുന്നത് ആളുകൾ പറയുന്ന കാര്യങ്ങളാണ്, പല സോഴ്സുകളിൽ നിന്നും ലഭിക്കുന്ന വാർത്തകളാണ്. ജേർണലിസ്റ്റിന്റെ ജോലിയിൽ സമയം പ്രധാനമാണ്, ഡബിൾ ചെക്ക് ചെയ്യാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ ചിലപ്പോൾ ആ സ്കൂപ് നിങ്ങളുടെ എതിരാളിയുടേതാകാൻ നിങ്ങൾ സമ്മതിക്കുകയായിരിക്കും ചെയ്യുക. ന്യൂസ്‌ ഗെയിമിൽ കാര്യങ്ങൾ ഇങ്ങനെയാണ് നടക്കുന്നത്. എന്താണ് ചെയ്യാൻ പറ്റുക’ എന്നതാണ്.

മനുഷ്യർ എന്ന നിലയിൽ സംഭവിക്കാവുന്ന കൈപ്പിഴകൾ മാറ്റിനിർത്തിയാൽ ഒരു സംശയവുമില്ല, നൈതികതയുള്ള മീഡിയ നമ്മളെല്ലാവരും ആഗ്രഹിക്കുന്നതും, ആവശ്യപ്പെടുന്നതുമാണ് അഴിമതി രഹിതവും, സംശുദ്ധവുമായ ഭരണാധികാരികളെയും, ഉദ്യോഗസ്ഥരെയും, ജുഡിഷ്യറിയെയും പ്രതീക്ഷിക്കുന്നത് പോലെ തന്നെ. അതിൽ കൂടുതലുമില്ല, കുറവുമില്ല.
(രജിത് ലീല രവീന്ദ്രൻ)

By ivayana