ശാപം കിട്ടിയ മനുഷ്യകുലത്തിൻ്റെ നൂറാണ്ടുകൾ
ദൈവമെന്ന വിളിപ്പേരിനുടമ തിരികെയെടുത്ത് നിർവീര്യമാക്കി.
കണ്ണുകളടച്ച് തുറന്ന മാത്രപോലെ ,
സ്വസ്ഥമായ നീണ്ട ഒരുറക്കം കഴിഞ്ഞ് ഞെട്ടി എഴുന്നേറ്റ പോലെ ,
ഭൂമിയുടെ നൂറാണ്ടുകൾ ഓർമ്മകളായിരിക്കുന്നു.
പരിചിതമായ ആരുംതന്നെ എൻ്റെ മുമ്പിലില്ല.
മുമ്പിൽ ഉള്ളതിനെയൊന്നും തന്നെ പരിചയവുമില്ലാ..
പുതിയ ഏതോ ഒരു ലോകത്തിൽ ആദ്യമായി പിറന്നു വീണ കുഞ്ഞിനെ പോലെ എനിക്ക് പകച്ചു നിൽക്കേണ്ടി വന്നു.
ചുറ്റും കണ്ണുകൾ ആരെയോ തേടുന്നത് ഭയത്തിൻ്റെ അകമ്പടിയോടെ തീവ്രമായി മാറി കഴിഞ്ഞു.
ഇന്നലെ ഞാൻ ഉറങ്ങുവാൻ കിടന്നയിടം ഇതല്ല.
ഇതൊരു ആകാശമാണ്.
നീല നിറത്തിലുള്ള വസ്ത്രം ധരിച്ച ,
അധ്യാപികയുടെ ചുമതല വഹിക്കുന്ന ആകാശം.
കിടന്ന കിടപ്പിൽ നിന്നും അവർ എന്നോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടത് എന്തിനാണ്…?
ഒരു വിദ്യാർത്ഥിയെ ശകാരിക്കുന്നത് പോലെ ഓരോ കാര്യവും അവർ എൻ്റെ ബോധ മണ്ഡലത്തിലേക്ക് നിറയ്ക്കുവാൻ തുടങ്ങിയത് എന്തിനാവും..?
അവരുടെ സ്നേഹമുള്ള കല്പനകൾ ഞാൻ അനുസരിക്കുവാൻ തയ്യാറായി എന്ന് ബോധ്യമായപ്പോൾ എനിക്ക് അവിടെ നിന്നും പോകുവാൻ അനുവാദം നൽകി..
ഇന്നലെ ഞാൻ ഉടുത്തിരുന്ന മുണ്ട് ,
കൂടെ കിടന്ന എൻ്റെ ഭാര്യ , മക്കൾ , എൻ്റെ വീട്
എല്ലാം എനിക്ക് നഷ്ട്ടമായി.
നഷ്ട്ടങ്ങളുടെ കണക്ക് കൂട്ടൽ അവസാനിപ്പിച്ചു കൊണ്ട് ആകാശത്ത് നിന്നും പതിയെ താഴേക്ക് നടന്നു.
ആദ്യം തേടിയതും കണ്ടതും എൻ്റെ വീട് തന്നെയാണ്.
പക്ഷേ അത് എൻ്റെ വീടല്ല.
മുമ്പ് വീട് നിന്നിരുന്ന സ്ഥലത്ത് ഇപ്പൊ മറ്റാരുടെയോ കെട്ടിടമാണുള്ളത്.
അതൊരു വീടായി തോന്നുന്നില്ല മറ്റെന്തോ വസതി പോലെ തോന്നി.
ചില്ലുകൾ കൊണ്ട് വല്ലാതെ തിളങ്ങുന്നു അവിടം.
കുറച്ച് കൂടി ഞാൻ അടുത്തേക്ക് ചെന്നു.
അതൊരു മരണ വീടാണ്.
ശവം ചിതയിലേക്കുള്ള സമയവും കാത്ത് കിടക്കുന്നത് ഞാൻ കണ്ടു.
പരിചിതമായ നിലവിളികളോ ദുഃഖിതരായ ആളുകളോ അവിടെയില്ല.
ശവത്തിന് ചുറ്റുമിരിക്കുന്നവർ എന്ത്കൊണ്ടാണ് നിലവിളിക്കാത്താത് ,
ഒരു ചലനവുമില്ലാതെ അവർ അവിടെയിരിക്കുന്നു.
ആരോ പറയുന്നത് അതൊക്കെ ജീവനില്ലാത്ത യന്ത്രമനുഷ്യരാണെന്ന്.
അവിടുത്തെ ജോലിക്കാർ മാത്രമായ യന്ത്രങ്ങളല്ലാതെ മരിച്ചയാളെ കാണുവാൻ വന്നത് വിരളമായ ആളുകൾ.
കറുപ്പ് വസ്ത്രങ്ങൾ ധരിച്ച യന്ത്രങ്ങൾ അവർക്ക് നിലവിളിക്കാനോ ദുഃഖിക്കുവാനോ കഴിയില്ല.
മനസ്സ് കല്ലാക്കി ജീവിക്കുന്ന മനുഷ്യരുടെ നാട്ടിലേക്ക് വന്ന യന്ത്രമനുഷ്യൻ്റെ ഹൃദയം എത്രയോ മൃദുലം.
അത്ഭുതത്തോടെ ഞാൻ അവിടെ നിന്നുമിറങ്ങി.
അടുത്ത എൻ്റെ ലക്ഷ്യം ഒരു അമ്പലമായിരുന്നു.
കുറേ ദൂരം സഞ്ചരിച്ചു ഞാനെത്തിച്ചേർന്നയിടം
ഒരമ്പലമാണെന്ന് തിരിച്ചറിഞ്ഞു.
സ്വർണ്ണ നിറത്തിലുള്ള അമ്പലം കണ്ട് എൻ്റെ കണ്ണുകൾ മഞ്ഞളിച്ചു.
പൂർണമായും സ്വർണ്ണം കൊണ്ട് നിർമ്മിതമായ അമ്പലം ആധുനിക കാലത്തിലെ മനുഷ്യരുടെ അന്ധവിശ്വാസത്തിൻ്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്ന ഒന്നായി തോന്നി.
ഇഷ്ട്ട ദേവനോട് സഹായം അഭ്യർത്ഥിക്കുന്നതിനായി ഞാൻ അകത്തേക്ക് കയറി ചെന്നു.
മുമ്പത്തെ പോലെയല്ല ഇപ്പൊഴവിടെ.
കല്ലും മരവും കൊണ്ട് നിർമ്മിച്ച ദൈവങ്ങളെ അവർ പുറത്തേക്ക് വലിച്ചെറിഞ്ഞു.
പകരം കണ്ണുകളിൽ നീലനിറമുള്ള യന്ത്രദൈവത്തെ പ്രതിഷ്ഠിച്ചു.
കൈകളും കാലുകളും എപ്പോഴും ചലിച്ചു കൊണ്ടേയിരിക്കുന്നു.
വഴിപാടോ നേർച്ചയോ ചെയ്യുവാനായി വരുന്നവർ ദക്ഷിണയായി സ്വർണ്ണം യന്ത്രദൈവത്തിൻ്റെ മുകളിലൂടെ ഉള്ളിലേക്കിടുന്നു
തിരികെ എന്തൊക്കെയോ വാങ്ങി മടങ്ങുന്നു.
ആരുടെയും പേരുകളോ നാളുകളോ അവിടെ പറയുന്നില്ല ,
പകരം ജാതിയുടെ അടിസ്ഥാനത്തിൽ പ്രവേശനം ആരംഭിച്ച ഒരമ്പലമാണ് അതെന്ന് എനിക്ക് മനസ്സിലായി.
കാലം മാറിയിട്ടും കോലം മാറിയിട്ടും ചിന്തകളിൽ മാറ്റം ഇല്ലാത്ത ആധുനിക മനുഷ്യരാണ് അവിടെയധികം.
കൂടുതൽ നേരം അവിടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.
ഞാൻ അവിടെനിന്നും ഇറങ്ങി ഓടി.
എൻ്റെ സങ്കടം കേൾക്കുവാൻ യോഗ്യർ എൻ്റെ അധ്യാപകർ തന്നെയാണ് എന്നെനിക്ക് തോന്നി.
ഞാൻ പഠിച്ച സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചു.
പഠിച്ച സ്കൂളിൻ്റെ മുമ്പിൽ നിന്നുകൊണ്ട് ഭംഗിയുള്ള എൻ്റെ കഴിഞ്ഞ് പോയ കാലഘട്ടം ഞാൻ അയവിറക്കി.
ഗേറ്റിൽ നിൽക്കുന്ന യന്ത്രമനുഷ്യൻ എന്നെ തിരിച്ചറിഞ്ഞു.
നൂറ്റിയിരുപത് വർഷം മുമ്പാണ് ഞാനവിടെ പഠിച്ചതെന്ന് സെക്യൂരിറ്റിയായ യന്ത്രം എന്നെ അറിയിച്ചു.
ഞെട്ടലോടെ പരിചയമുള്ള മുഖങ്ങൾ തേടി ഞാൻ അകത്തേക്ക് കയറി.
ഓർമ്മിക്കുന്ന മുഖങ്ങളുള്ള ഒരു ഫോട്ടോ പോലും എനിക്ക് കാണുവാൻ കഴിഞ്ഞില്ല.
ഒരോരോ ക്ലാസ് മുറിയിലും മുമ്പ് വിദ്യാർത്ഥികളായി അൻപത് പേരിൽ കൂടുതലുണ്ടായിരുന്നു.
ഇന്നോ എണ്ണിയെടുക്കാൻ തികച്ച് അഞ്ച് പേര് പോലുമില്ല.
” ഓട്ടോമാറ്റിക് ടീച്ചിംഗ് ” എന്ന പാഠപദ്ധതിയാണ് നിലവിലുള്ളതെന്ന് പാരമ്പര്യമായി പ്രിൻസിപ്പൽ പദവി അലങ്കരിക്കുന്ന വ്യക്തി പറഞ്ഞു തന്നു.
ആവശ്യമുള്ളവർക്ക് വരാം , പഠിക്കാം .
പൂർണമായി യാന്ത്രികമായ ക്ലാസ്മുറിയിൽ അധ്യാപകന് പകരം റോബോ ടീച്ചർ.
എൻ്റെ കാലത്ത് ഏവരും കാത്തിരുന്ന ലൈംഗീക ക്ലാസ് ഇന്ന് സുലഭമായി ലഭിക്കുന്നു.
പഠിപ്പിക്കുന്ന യന്ത്രങ്ങളോട് കുട്ടികൾക്ക് എന്ത് വികാരം തോന്നാനാണ് എന്നൊരു നിമിഷം ഞാൻ ചിന്തിച്ചു പോയി.
സാരിക്കും ലെഗിൻസിനും വേണ്ടി നടന്ന സമരങ്ങൾ ജനകീയ പ്രക്ഷോഭങ്ങൾ അതെല്ലാം ഈ കുട്ടികൾ കേട്ടിരുന്നുവെങ്കിൽ എത്ര മാത്രം ചിരിച്ചേനെ..
വിചിത്രമായ കാഴ്ചകൾ അവിടെ നിന്നും എന്നെ തിരികെ അയച്ചു.
എൻ്റെ തളർന്ന ശരീരം എനിക്ക് കൊണ്ട് നടക്കുവാൻ കഴിയുന്നില്ല.
മറ്റെന്തോ കുഴപ്പങ്ങൾ എനിക്കുണ്ട് എന്ന ബോധ്യം എന്നെ കൊണ്ടെത്തിച്ചത് ഒരു ആശുപത്രിയിലേക്കായിരുന്നു.
ഹോസ്പിറ്റൽ എന്ന ബോർഡ് കണ്ടാണ് അവിടേക്ക് ചെന്നത് ,
ഒരു മാർക്കറ്റിൽ പോയ അനുഭൂതി എനിക്ക് കിട്ടി.
ആശുപത്രിക്ക് മുന്നിൽ തന്നെ ഓരോരോ കൗണ്ടറുകളിൽ ലേലം നടക്കുന്നു.
വിൽക്കുവാനുള്ളത് ആരുടെയോക്കെ ആന്തരിക അവയവങ്ങളാണ്.
ഹൃദയവും കിഡ്നിയും കരളും കൈയും കാലും
കണ്ണും അങ്ങനെ എന്താണ് ആവശ്യമെന്നാൽ അതൊക്കെ അവിടെ ലഭിക്കും.
അവിടേക്ക് അധികം ശ്രദ്ധ കൊടുക്കാതെ ഞാൻ വീണ്ടും അകത്തേക്ക് നീങ്ങി.
അവിടുത്തെ പ്രധാന വൈദ്യനെ തപ്പി കണ്ടുപിടിച്ച് ഞാൻ എൻ്റെ സങ്കടങ്ങൾ , പ്രശ്നങ്ങൾ അങ്ങനെ എല്ലാംതന്നെ അവതരിപ്പിച്ചു.
അധികം ആലോചിക്കാതെ അയാള് രണ്ടു റോബോട്ടിനെ വിളിച്ചു എനിക്ക് ഷോക്ക് ട്രീറ്റ്മെൻ്റ് നല്കുവാൻ നിർദ്ദേശം നൽകി.
കേട്ടപാതി അവിടെയിരുന്ന കൂർത്ത കത്രിക അയാളുടെ കഴുത്തിൽ കുത്തിയിറക്കി ഞാൻ ഇറങ്ങി ഓടി.
അയാളുടെ അവസാന പിടച്ചിലിൻ്റെ ഇടയിലും തങ്ങൾക്ക് വേണ്ട നിർദ്ദേശത്തിനായി കാത്തു നിൽപ്പായി രണ്ടു റോബോട്ടും.
അടുത്തുള്ള സിറ്റിയിലേക്കാണ് ഞാൻ പാഞ്ഞോടിയത്.
പണ്ടൊക്കെ വാഹനങ്ങളും ആളുകളും കൊണ്ട് തിങ്ങി നിറഞ്ഞ നഗരവീഥികൾ ഇന്ന് ഒരു ശ്മശാനം പോലെ കാണപ്പെട്ടു.
ഒച്ചയും ബഹളവും ഒന്നുമില്ലാതെ ആളുകൾ അവരിലേക്ക് മാത്രം ഒതുങ്ങി നിൽക്കുന്ന കാഴ്ച.
പരസ്പരം ആരെയും അറിയുക കൂടിയില്ല.
ഒരു നോട്ടം കൊണ്ടോ സംസാരം കൊണ്ടോ അവർ ആശയവിനിമയം നടത്തുന്നില്ല.
വ്യാപാര കേന്ദ്രങ്ങളിൽ നല്ല തിരക്കാണ്.
സാധനങ്ങളും സേവനങ്ങളും ആവശ്യാനുസരണം ഏവർക്കും ലഭിക്കുന്നു.
ദാഹം മാറ്റുവാൻ അടുത്തുള്ള കടയിലേക്ക് കയറി ഒരു സർബത്ത് ഓർഡർ ചെയ്തു കാത്തുനിന്നു.
ഗ്ലാസ് നിറച്ച് സർബത്ത് കൊണ്ട് തന്നത് മറ്റോരു യന്ത്ര മനുഷ്യനാണ്.
ഡ്രസ്സ് ധരിച്ചു തൊപ്പിയും ഗ്ലാസ്സും കൂടിയായപ്പോൾ തനി പച്ച മനുഷ്യൻ , ഞാൻ വീണ്ടുമൊന്ന് ഞെട്ടി.
ദാഹം അതിക്രമിച്ചപ്പോൾ ഞെട്ടൽ മാറ്റിവെച്ച്
ഗ്ലാസ്സ് വാങ്ങുവാൻ കൈനീട്ടി.
പൈസ നൽകിയാൽ മാത്രമേ സർബത്ത് തരികയുള്ളു എന്നായി യന്ത്രം.
കയ്യിൽ ഒന്നുമില്ല.
അടുത്ത് നിന്ന ഒരാളോട് പത്ത് രൂപ ആവശ്യപ്പെട്ടു.
പരിഹാസം കലർന്ന ചിരിയിൽ അയാള് എന്നെ നോക്കി.
എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ഓറഞ്ച് കലർന്ന നീല നോട്ട് എടുത്ത് എനിക്ക് നേരെ നീട്ടി.
നന്ദി പറഞ്ഞു കൊണ്ട് മനസ്സാ അയാളെ വണങ്ങി നോട്ട് കൈക്കലാക്കി.
അറിയാതെ നോട്ടിലേക്ക് നോക്കിയപ്പോൾ പൂജ്യങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് വീണ്ടും എന്നെ ഞെട്ടിച്ചു.
കൂട്ടി നോക്കിയപ്പോൾ അത് ഒരു ലക്ഷം രൂപയുടെ നോട്ടാണെന്ന് മനസ്സിലായി.
സർബത്ത് കുടിച്ചു പൈസ ബാക്കിയുണ്ടോ എന്ന് ചോദിച്ചപ്പോൾ വീണ്ടും അവിടെയിരുന്നവരുടെ പരിഹാസ ചിരി.
ഒരു സർബത്തിന് ഒരു ലക്ഷം രൂപയാണത്രേ..
അവിടുത്തെ പോലെ തന്നെ എല്ലാ കടകളിലും സാധനങ്ങൾ വിൽക്കുന്നത് യന്ത്രമനുഷ്യരാണ്.
എങ്ങനെയാണ് പഴയ മനുഷ്യരെ പോലെ യന്ത്രങ്ങൾക്ക് വ്യാപാരം നടത്തുവാൻ കഴിയുന്നത്.
മനുഷ്യർ വിചാരിച്ചാൽ നിസ്സാരമായി പറ്റിക്കാൻ കഴിയുമല്ലോ എന്നായി എൻ്റെ ചിന്ത.
വളരെ വൈകിയ തിരിച്ചറിവ് എനിക്ക് അതിനുള്ള ഉത്തരം നൽകി.
സാധനങ്ങളും സേവനങ്ങളും വാങ്ങുവാൻ വരുന്നതുമിന്ന് മനുഷ്യ കോലമുള്ള യന്ത്രങ്ങളാണ്.
അവർ ഒരിക്കലും പറ്റിക്കില്ല.
അതും മനുഷ്യൻ്റെ തിരിച്ചറിവ്…
കൊള്ളാം.. കാലവും കോലവും.
കുറച്ച് നേരത്തേക്ക് ഒരു ഭിക്ഷാംദേഹിയുടെ കുപ്പായമണിഞ്ഞ് പലരോടും യാചിച്ചു പണം കൈക്കലാക്കി.
ഏതാണ്ട് മൂന്നു കോടിയോളം രൂപ പെട്ടന്ന് തന്നെ ഞാൻ സമ്പാദിച്ചു.
വിശപ്പും ദാഹവും മാറ്റിയപ്പോൾ കുറച്ച് സമയത്തേക്ക് സങ്കടങ്ങളെ പറഞ്ഞയക്കാൻ വേണ്ടി ഒരു സിനിമ കണ്ട് കളയാം എന്ന് തീരുമാനിച്ചു.
ആരോട് ചോദിച്ചിട്ടും സിനിമയെ കുറിച്ചോ സിനിമാ കൊട്ടകയേ കുറിച്ചോ ആർക്കും ഒരുപിടിയുമില്ല.
അതൊക്കെ വർഷങ്ങൾക്ക് മുന്നേ നശിച്ചു പോയി എന്നായി ചിലർ.
കല എന്ന പദത്തിൽ നിന്നുണ്ടായതെല്ലാം വംശനാശം സംഭവിച്ചു എന്ന വേദന കൂടി എന്നിലേക്ക് പടർന്നു.
എന്നാ പിന്നെ അടുത്തുള്ള ബാറിൽ കയറി രണ്ടെണ്ണം അടിക്കാമെന്നായി.
ബാറിലെ സെക്യുരിറ്റിയായ യന്ത്രം അനുവദിക്കാത്തത് കൊണ്ട് വളരെ പ്രയാസപ്പെട്ട് തന്നെ അകത്ത് കയറി.
അവിടെ കുറച്ചധികം സാധാരണ മനുഷ്യരുണ്ടായിരുന്നു.
മദ്യം കുടിക്കുന്ന എല്ലാവരും മനുഷ്യരാകുമെന്ന് ഞാൻ ഉറപ്പിച്ചു.
യന്ത്രം മദ്യം കുടിക്കുന്ന കാലം എത്ര കഴിഞ്ഞാലും വരില്ല എന്ന തോന്നൽ , അത് തെറ്റിയില്ല.
ഒരാളുടെ കപ്പാസിറ്റിയനുസരിച്ച് വെളുത്ത വസ്ത്രം ധരിച്ച യന്ത്രം അവിടെ മദ്യം ഒഴിച്ച് നൽകുന്നു.
കാറിലേക്ക് കിടത്തുവാനും വീട്ടിൽ കൊണ്ടുപോയി ആക്കുവാനും മറ്റു യന്ത്ര സ്റ്റാഫുകൾ.
പലരോടും അങ്ങോട്ട് പോയി സംസാരിക്കുവാൻ ശ്രമിച്ചുവെങ്കിലും എൻ്റെ ഭാഷ അവർക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.
ആ ശ്രമവും പാഴായപ്പോൾ അവിടെ നിന്നും
ഞാൻ ഇറങ്ങി നടന്നു.
എൻ്റെ യാത്ര എനിക്ക് മടുത്തു.
പോകുവാനായി ഇടങ്ങൾ ഒരുപാട് ബാക്കിയുണ്ടെങ്കിലും ഞാൻ അതിനൊന്നും തുനിഞ്ഞില്ല.
തിരികെ ആകാശത്തിലേക്ക് ചെല്ലുവാൻ വഴി മറന്നു പോയിരിക്കുന്നു.
അതുമല്ല അനുവാദം കിട്ടാത്ത എങ്ങനെ പോകും.
എൻ്റെ സങ്കടങ്ങൾ കേൾക്കുവാൻ ആരുംതന്നെ ഉണ്ടാവില്ലയെന്ന തിരിച്ചറിവിൽ ഞാനെത്തി.
കൂടുതലും യന്ത്രങ്ങളാണ് ഇവിടെ.
യന്ത്ര മനസ്സുള്ള കുറച്ച് മനുഷ്യരും.
അവിടേക്ക് പച്ച മനുഷ്യനായ എനിക്ക് സ്ഥാനമില്ല.
ഒരു ഉറക്കം കൊണ്ട് എനിക്ക് ഉണ്ടായ നഷ്ട്ടങ്ങളെ ഓർത്ത് ഞാൻ വീണ്ടും ദുഃഖിക്കുന്നു.
ഒരിക്കൽ കൂടി ഞാനൊന്ന് ഉറങ്ങട്ടെ.
ചിലപ്പോൾ നഷ്ട്ടങ്ങൾ എന്നെ തേടി വന്നാലോ.
ഈയൊരു ഉറക്കത്തിന് ഞാൻ ആത്മഹത്യ എന്ന പേര് വിളിച്ചോട്ടെ…..

By ivayana