മദ്യപാനിയോട്
മകൻ ചോദിച്ചു:
മയക്കുന്ന സുഖമതെന്തച്‌ഛാ
മദ്യം ?
മരണ ദൂരം കുറയ്ക്കുന്നതല്ലേ ..
അച്ഛൻ ചിരിക്കുമ്പോൾ
ചിരിക്കാറ്റഷ്ടമുടിയെ
ഇളക്കിയപോലെ ….
കരയുമ്പോൾ കാലവർഷം
കനക്കും പോലെ…
കോപം പിടിച്ചാൽ
കാട്ടു വ്യാഘ്രമാകുന്ന പോൽ
ഉറക്കം പിടിച്ചാൽ
കുംഭകർണ്ണനെപ്പോൽ …..
പറഞ്ഞു തുടങ്ങിയാൽ
പല കാലങ്ങളൊരുമിച്ച്
പല നൂറ് വാക്കുകൾ
പറയും പോലെ….
മിണ്ടാതിരുന്നാൽ
മൗന രാജ്യം രചിച്ച
മിഴി കൂമ്പി മയങ്ങും
മഹാമുനി പോലെ……
തർക്കം തുടങ്ങിയാൽ
തർക്ക വിദഗ്ധൻ
തൊടുത്തുന്നയമ്പുകൾ
തുരുതുരെ പെയ്യുമ്പോലെ …
ചിലപ്പോൾ
ശവമായുറങ്ങും,
അതിനിടയിൽ മുരളും
തെറി പദസഞ്ചയത്തിൻ്റെ
നാവിലർമാദിക്കും….
ഉണർന്നാൽ,
ലോകമാദ്യം കാണുന്ന
പിഞ്ചുകുഞ്ഞു പോൽ….
ആദര ബൊക്കകളേറ്റുവാങ്ങി
ലോക പാതയിൽ
പിച്ചവച്ചു നടക്കും..
എങ്കിലുമച്ഛാ
മദ്യനെങ്ങനെ
അച്ഛനെ
വിഴുങ്ങിയതിങ്ങനെ….

അശോക് കുമാർ. കെ

By ivayana