കോളറയും
നിപ്പയും
എലിപ്പനിയും
ഞങ്ങളുടെ
ജീവിതത്തിനു മേൽ
അവയുടെ
ഒരാധാരവും
പണയപ്പെടുത്തിയിട്ടില്ല
തീവണ്ടികൾ കൂകിപ്പായുന്ന
പാളങ്ങൾക്കുതാഴെ
ഉപജീവനത്തിൻ്റെ
വലിയ തുരങ്കമുണ്ടായിരുന്നു
ഞങ്ങളണിഞ്ഞത്
പ്ലാസ്റ്റിക് തലപ്പാവുകളും
ടയറാഭരണങ്ങളും
ചില്ലു കോലും
അഴുകിയ
ജഡമാലകളുമായിരുന്നു
അതുകൊണ്ടുതന്നെ
ഞങ്ങളെ
രാജാക്കന്മാരെന്ന്
ആരും വിളിച്ചിരുന്നില്ല
കണ്ണാടി നോക്കാൻ
ഞങ്ങൾക്ക്
മാലിനി നദികളില്ല
മാലിന്യനദികളിലെ
ഓരോ മുങ്ങാങ്കുഴികളിലും
ഞങ്ങൾ നിങ്ങളെ
സ്ഫടികസമാനമാക്കി
ഒരഴുകിയ ചെതുമ്പലിൻ്റെ
പിന്നണിയിലേക്ക്
ഒഴുക്കി വിട്ട പ്രാണനെ
നിങ്ങൾ ജോയിയെന്നും
മുനിയാണ്ടിയെന്നും വിളിച്ചു
▪️▪️▪️

ആമയിഴഞ്ചാനിൽ കാണാതായ ജോയിക്കുവേണ്ടി മൂന്ന് ദിവസം അഹോരാത്രം ജീവൽമരണ പോരാട്ടം നടത്തിയ അഗ്നിരക്ഷാസേനക്കുമുന്നിൽ ആദരവ് അർപ്പിക്കുന്നു.🌹🌹🙏

രാജേഷ് കോടനാട്

By ivayana