രചന : മംഗളാനന്ദൻ✍
സ്വപ്നചാരിയാം മർത്ത്യ-
ഭാവന മരുവുന്നു,
സ്വർഗ്ഗീയസുഖമെന്നു-
മരുളും കൊട്ടാരത്തിൽ.
മരണം കൊതിക്കുന്ന
വ്യാകുലചിത്തങ്ങളും
ശരണമായിക്കാണ്മൂ
പരലോകത്തിൻ സ്വർഗ്ഗം.
പരലോകത്തെക്കുറി-
ച്ചറിയില്ലെനി,ക്കെന്നാൽ,
നരലോകത്തിൽ സ്വർഗ്ഗ-
നരകങ്ങളെ കണ്ടേൻ.
ഭവസാഗരത്തിന്റെ
ക്ഷോഭത്തിൽ മുങ്ങിത്താഴും
യുവതയ്ക്കീനാടൊരു
നരകം മാത്രം പാരിൽ.
സമ്പത്തു വാരിക്കൂട്ടി
ക്കൈവശമൊതുക്കുന്ന
സമ്പന്നർ സ്വർഗ്ഗം തേടി-
പ്പറന്നു നടക്കുന്നു.
ഇഹലോകത്തിലിവർ
സൗഖ്യങ്ങൾ നുകരുമ്പോൾ
സഹജീവികളന്നം
കിട്ടാതെ മരിക്കുന്നു!
വറുതി മാറ്റാനെങ്ങു-
മലയും പതിതർതൻ
ചിറകു കരിയുന്ന
സ്വപ്നങ്ങൾ പൊലിയുന്നു.
ചേരികളുണ്ടാകുന്നു
നരകം പെരുകുന്നു
പേരറിയാത്തോർ ചാവേ-
റുകളായ് മറയുന്നു.
അക്ഷരം നിഷേധിക്ക-
പ്പെട്ട പൈതങ്ങൾ പിന്നെ
ഭക്ഷണം ലഭിക്കാതെ
മയങ്ങി ക്കിടക്കുന്നു.
ദൂരെനിന്നാരോ വലി-
ച്ചെറിയുമപ്പം കിട്ടാൻ
പോരടിക്കുന്നു, പിഞ്ചു –
ബാല്യങ്ങൾ പരസ്പരം.
അകലത്തുയരുന്നു
മണിസൗധങ്ങൾ വീണ്ടും
സകല സൗഭാഗ്യവു-
മവിടെപ്പുലരുന്നു.
ഭരണം ദുഷിപ്പിക്കും
സ്വാർത്ഥ മോഹങ്ങൾ തന്നെ
നരകം സൃഷ്ടിക്കുന്നു
ഭൂമിയിൽ നിരന്തരം!
കലഹം വളരുമ്പോൾ
പട്ടിണി മുറുകുമ്പോൾ
ഉലകിൽ വിദ്വേഷത്തിൻ
വേരുകൾ പടരുമ്പോൾ,
നരകമുണ്ടാകുന്നു
ഭൂമിയിൽ സ്നേഹത്തിന്നു
പകരം വെറുപ്പിന്റെ
ഗോപുരമുയരുന്നു .
മനുഷ്യർ പരസ്പരം
പുഞ്ചിരി തൂകീടുമ്പോൾ
മനസ്സിൽ കരുതലും
സ്നേഹവുമുദിക്കുമ്പോൾ
നവമായൊരു നാക-
മിവിടെ പിറക്കുന്നു,
ഇവിടെത്തന്നെ കാണാം
സ്വർഗ്ഗവും നരകവും!