തോട്ടുവക്കത്തെ വീതികുറഞ്ഞ പാതയിലൂടെ അവർ നടന്നു, ഒരു ബാങ്ക് മാനേജരും രണ്ട് ശിങ്കിടികളും. ഗിൽബർട്ട് റോയിയാണ് മാനേജർ. അഭിരാജും സീനത്തുമാണ് കൂടെയുള്ളത്. പ്രൈവറ്റ് ബാങ്കായതു കൊണ്ടു തന്നെ ജപ്തിനടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് ഒരു കേവല മര്യാദയെന്ന പോലെ എതിർകക്ഷിയെ നേരിൽകണ്ട് നടപടികൾ ഒഴിവാക്കാനുള്ള വഴികളെ കുറിച്ച് വെറുതേയൊന്ന് സംസാരിക്കണം, പിന്നെ സാന്ത്വനമോതി തിരിച്ചു പോരണം. തല്ലിയാലും തലോടാൻ മറക്കരുത് എന്നത് ബാങ്കിൻ്റെ പോളിസിയാണ്. ഹെഡോഫീസീൽ നിന്നുള്ള നിർദ്ദേശം പാലിക്കാൻ പുറപ്പെട്ടവരാണവർ. പത്തായപ്പുരക്കൽ ചന്ദ്രശേഖരമേനോനെ കണ്ടെത്താനാവാത്തതിൽ അവർ നിരാശരായിരുന്നു.

മാനേജരുടെ കാറിലാണ് അവർ എത്തിയത്. കവലയ്ക്കടുത്ത് റോഡ് സൈഡിൽ തന്നെയുള്ള കോടതി നടപടിക്ക് വിധിക്കപ്പെട്ട വസ്തുവും വീടും അവർ കണ്ടെത്തി. വീടിനു മുന്നിലെ ഭിത്തിയിൽ കോടതി അറിയിപ്പ് പതിച്ചിരിക്കുന്നതും കണ്ടു. പക്ഷേ മേനനേയും കടുംബത്തേയും കണ്ടില്ല. ജപ്തി നോട്ടീസ് പതിച്ചതിൻ്റെ അടുത്ത ദിവസങ്ങളിലെന്നോ അവർ അവിടുന്ന് പോയത്രേ. ഒരു പീടികക്കാരൻ നൽകിയ സൂചന വച്ചാണ് മാനേജരും കൂട്ടരും കാറ് പോകാത്ത ഈ വഴിയിലൂടെ മേനോൻ്റെ ഇപ്പോഴത്തെ കിടപ്പാടം അന്വേഷിച്ച് ഒത്തിരി ദൂരം നടന്നത്. വഴിയിൽ കണ്ട പലർക്കും മേനനെ അറിയും പക്ഷേ ഇപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് ആർക്കും നിശ്ചയമില്ല. ഏറെ നടന്നു ക്ഷീണിച്ചപ്പോൾ മാനേജരാണ് തിരിച്ചു പോകാമെന്ന് അഭിപ്രായപ്പെട്ടത്. തിരിച്ചുള്ള നടത്തയ്ക്ക് വേഗത കുറവായിരുന്നു.

ഉഷ്ണം സഹിച്ചുള്ള നടത്തം അവർക്ക് ശീലമില്ല. കുറ്റിച്ചെടികൾക്കിടയിൽ നിന്നുമൊരു മുഴുത്ത തവള മുന്നിലേക്ക് ചാടിയപ്പോൾ ഗിൽബർട്ട് സഡൻ ബ്രേക്ക് ഇട്ടതു പോലെ നിന്നു. പിറകെയൊരു പാമ്പുമുണ്ടായിരുന്നു. മനേജർ രണ്ടടി പിറകോട്ടുവച്ചു.
” പേടിക്കണ്ട സാറേ… അത് ചേരയാണ് ” അഭിരാജാണത് പറഞ്ഞത്. അപ്പോഴേക്കും പാമ്പ് തവളയെ പിടിച്ചിരുന്നു. അന്തരീക്ഷത്തെ ഭീതിതമാക്കത്തക്ക വിധം ഉച്ചത്തിൽ തവള കരഞ്ഞു. അതിൻ്റെ പിടച്ചിലും നിലവിളിയും അവരുടെ മുഖത്ത് ശോകം വിതറി. ഒന്നും മിണ്ടാതെ അവർ മുന്നോട്ടു നീങ്ങി.


” മരണം വരുന്ന വഴിയേ…”ഗിൽബർട്ടാണ് ശോകസംഗീതം പോലെ അത് ഉരുവിട്ടത്.
“അതിനിത് കൊലപാതകമല്ലേ സാർ” അഭിരാജ് ആ സീനിലേക്ക് തമാശ ചേർക്കാൻ ശ്രമിച്ചു.
“എന്നാലും ഇവിടെ സംഭവിച്ചത് ഒരു മരണമല്ലേ അഭീ”. തന്നെ പിൻതാങ്ങിയതിന് നന്ദി സൂചകമായി ഗിൽബർട്ട് സീനത്തിനെ നോക്കി. പിന്നെ കുറച്ചു ദൂരം ആരും ഒന്നും മിണ്ടിയില്ല.
“നിങ്ങളാരെങ്കിലും മനുഷ്യൻ മരിക്കുന്നത് നേരിൽ കണ്ടിട്ടുണ്ടോ?” മാനേജരുടേതായിരുന്നു ചോദ്യം. ഒരു നിമിഷം മൂവരും മുഖത്തോടു മുഖം നോക്കി, അവരുടെ മനസ്സീന്ന് മരണം ഇറങ്ങി പോയിട്ടുണ്ടായിരുന്നില്ല.
“ഞാനൊരാളുടെ ദാരുണാന്ത്യം നോക്കി നിന്നിട്ടുണ്ട്. അതൊരു അപകടമായിരുന്നു. വർഷമിത്ര കഴിഞ്ഞിട്ടും രാത്രികളിൽ ഞെട്ടിയുണർത്തുന്ന പേക്കിനാവായി അതെന്നെ പിൻതുടരുന്നു “. അഭിരാജും സീനത്തും ഗിൽബർട്ടിൻ്റെ ഇരു വശങ്ങളിലായി ഒപ്പം നടന്നു.


“ഞാൻ ജോലിയിൽ പ്രവേശിച്ച കാലത്തായിരുന്നത്. അഭിയുടെ പ്രായമേ അന്നെനിക്ക് ഉണ്ടാവൂ. തിരുവനന്തപുരം സ്റ്റാച്യൂ ബ്രാഞ്ചിലായിരുന്നു ജോലി. പട്ടത്ത് ഒരു ലോഡ്ജിലായിരുന്നു താമസം. വൈകിട്ട് ജോലി കഴിഞ്ഞിറങ്ങിയാൽ ആര്യഭവനിലൊന്ന് കേറും, ചായ കുടി കഴിഞ്ഞ് രാത്രിയിലേക്കുള്ള ലഘുഭക്ഷണവും വാങ്ങി ചേതക് സ്കൂട്ടറിൽ ലോഡ്ജിലേക്ക് മടങ്ങും. അങ്ങിനെ ഹോട്ടലിൽ വച്ച് സ്ഥിരം കണ്ട് പരിചയമായതാണ് കമലാസനനെ. തിരുവനന്തപുരത്തു തന്നെ ഒരു ബാങ്കിലെ പ്യൂൺ ആണയാൾ. പത്തനംതിട്ടക്കാരൻ.
ഒരു ദിവസം വൈകിട്ട് പാളയം Jn കടന്ന് LMS ജംങ്ഷൻ എത്താറായപ്പോൾ കമലാസനൻ അയാളുടെ സ്കൂട്ടറിൽ എൻ്റൊപ്പമെത്തി.
“അല്ല… സാറ് ഇന്ന് വളരെ സ്ലോ വിലാണല്ലോ ” .
” ഇന്ന് കമലാസനനെ ഹോട്ടലിൽ കണ്ടില്ലലോ “.


“ഇനി രണ്ടീസം അവധിയല്ലേ സാറേ. വീട്ടിൽ പോയി വരാം. ചെക്കൻ പത്താം തരം പാസായി. ഫസ്റ്റ് ക്ലാസുണ്ട്. അവന് ഒരു ജോഡി ഡ്രസ്സ് വാങ്ങാൻ പോയതാ. ലേറ്റായി. ഇനി വന്നിട്ട് കാണാം’ എന്നു പറഞ്ഞ് കമലാസനൻ വാഹനത്തിൻ്റെ വേഗത കൂട്ടി. PMG ജംങ്ഷനിലെത്തിയപ്പോൾ മുന്നിൽ പോവുകയായിരുന്ന മിനിലോറി ഇടത്തേക്കുള്ള വഴിയിലേക്ക് പെട്ടെന്ന് തിരിഞ്ഞു. കമലാസനൻ്റെ സ്കൂട്ടർ ലോറിയുടെ മുൻ ചക്രത്തിൻ്റെ പിന്നിലിടിച്ചു. തൊട്ടു പിറകേ വരികയായിരുന്ന ഞാൻ കണ്ടു നിൽക്കേ ലോറിയുടെ പിൻചക്രം കമലാസനൻ്റെ അരയിലൂടെ കയറിയിറങ്ങി. വയർ പൊട്ടി പുറത്തു ചാടിയതെല്ലാം താങ്ങിപ്പിടിച്ച് കമലാസനൻ ചാടി എഴുന്നേൽക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അയാൾ ഉച്ചത്തിൽ അലറി , പുറത്തേക്കു തുറിച്ച കണ്ണുകളിൽ ചോര തുളുമ്പി നിന്നു. ഒന്നോ രണ്ടോ നിമിഷത്തിലൊതുങ്ങി ആ പ്രകടനം. പിന്നീടയാൾ കുഴഞ്ഞുവീണ് നിശ്ചലനായി”. അവർ നടക്കുകയല്ലായിരുന്നു. “പിന്നീട് നടന്നതൊന്നും ഞാനറിഞ്ഞില്ല. ഞാനും ബോധരഹതനായി വീണു “.മാനേജർ പറഞ്ഞവസാനിപ്പിക്കുമ്പോൾ അഭിരാജ് ആ മുഖത്തേക്ക് നോക്കി, നിലത്ത് കണ്ണുറപ്പിച്ച് സീനത്തും നിന്നു. അടുത്തത് തൻ്റെ ഊഴമെന്ന പോൽ അഭിരാജ് മുരടനക്കി. അവർ വീണ്ടും നടന്നു തുടങ്ങി.


” പല അപകടങ്ങളേയും കുറിച്ച് കേട്ടിട്ടുണ്ട്. മിക്കവാറുമെല്ലാം നിശബ്ദമായ കീഴടങ്ങൽ മാത്രമാവും. പക്ഷേ മരിക്കാൻ ഞാൻ തയ്യാറല്ലെന്ന് പറഞ്ഞ് ചാടിയെഴുന്നേറ്റ് ഒടുവിൽ തളർന്നു വീഴുന്ന മനുഷ്യൻ……… ഭീകരം” അഭിയുടെ ശബ്ദത്തിൽ ഒരു വല്ലായ്മ പ്രകടം. ഗിൽബർട്ട് അഭിയുടെ തോളത്ത് കൈ വച്ച് കൂടുതൽ ചേർന്ന് നടന്നു, നിഴലായി സീനത്തും.
“സാറേ…. എൻ്റെ ബാല്യകാല സുഹൃത്ത് കിട്ടൻ പോയതും ഇതുപോലെ എൻ്റെ കണ്മുന്നിലൂടെയാണ്. കിട്ടനെന്നും കിട്ടുവെന്നും വിളിക്കുമെങ്കിലും അവൻ്റെ പേര് കൃഷ്ണദേവ് എന്നായിരുന്നു. ഏറ്റുമാനൂരിൽ മീനച്ചിലാറിൻ്റെ തീരത്തെ അമ്മയുടെ തറവാട്ടിൽ എല്ലാ കൊല്ലവും മധ്യവേനലവധിക്കാലത്ത് ഞങ്ങളൊന്നിക്കാറുണ്ട്. രണ്ടു മാസത്തോളം ഞാൻ അവൻ്റൊപ്പം വിലസി നടക്കും. ഒഴിഞ്ഞ പാടത്ത് കാൽപ്പന്ത് കളിക്കാനും പച്ചപ്പ് തേടി കാലികളുടെ കയർ പിടിച്ച് നടക്കാനുമൊക്കെ അവൻ്റൊപ്പം കൂടാറുണ്ട്. അവൻ്റെ അച്ഛൻ, എൻ്റെ മൂത്തമാമക്ക് എല്ലാത്തിനും അവനായിരുന്നു സഹായി. വെക്കേഷൻ മാമ്പഴക്കാലമാണല്ലോ, മാമ മരത്തിൻെറ മുകളിൽ നിന്നും പറിച്ചിടുന്ന മാങ്ങകൾ നിലത്തു വീഴാതെ ഞങ്ങൾ വല്ലത്തിൽ പിടിക്കുമായിരുന്നു. ഒരു ദിവസം നട്ടുച്ചനേരത്ത് ഞങ്ങൾ മീനച്ചിലാറിൽ കുളിക്കാനായി പോയി.

തറവാട്ടുപറമ്പിൻ്റെ അതിരിലൂടെയാണ് ആറ് ഒഴുകുന്നതെങ്കിലും അതിർത്തിയിലെ ഒരു കൂറ്റൻ പാറ വഴിമുടക്കിയായതിനാൽ പുഴ അതിനെ ചുറ്റിയാണ് പോകുന്നത്. ഒരു ചെറിയ കൈവഴി ഒരു തോട്കീറിയതുപോലെ പാറയുടെ മറുവശത്ത് ഞങ്ങടെ പറമ്പിലൂടെ ഒഴുകുന്നു. ആ വെള്ളം ശേഖരിക്കാൻ പറമ്പിൽ വിസ്തൃതമായ ഒരു കുളംകുത്തിയിട്ടുണ്ട്. പറമ്പിലെ ജലസേചനം ആ കുളത്തിനെ ആശ്രയിച്ചാണ്. പാറയുടെ മുകളിൽ നിന്ന് കുളത്തിലേക്ക് ഡൈവ് ചെയ്യുക കിട്ടൻ്റെ വിനോദമാണ്. നിന്തലറിയാത്തോണ്ട് ഞാൻ പടവിലിരുന്ന് അവൻ്റെ ചെയ്തികൾ രസിക്കും. പതിവുപോലെ അന്നും അവൻ പാറപ്പുറത്ത് വലിഞ്ഞു കയറി. ഓടി വന്ന് ചാടാനൊരുങ്ങുമ്പോൾ കാല് വഴുക്കി മലർന്നടിച്ചു വീണു. പിന്നെ പാറയിലൂടെ ഇഴുകി കുളത്തിലേക്കും. ജലാശയം ഒന്നിളകിയ ശേഷം വീണ്ടും സ്വസ്ഥമായി. കാര്യങ്ങൾ പന്തിയല്ലന്ന് തോന്നിയ ഞാൻ അമ്മാവനേയും പറമ്പിലെ പണിക്കാരേയും കൂട്ടിയെത്തിയെങ്കിലും എല്ലാം വെറുതേയായി. പിന്നീടാരോ പറഞ്ഞു പാറയിൽ തലയടിച്ചപ്പോഴേ അവൻ്റെ ജീവൻ പൊലിഞ്ഞിരുന്നൂന്ന്. എന്നാലും അവനെ കൊന്നൂന്ന പഴിയിപ്പഴും കുളത്തിനു തന്നെ”.


” പിന്നീട് അവിടെ നിന്നും മനസ്സിനെ തിരിച്ചെടുക്കാൻ എനിക്ക് സൈക്കാട്രിസ്റ്റിൻ്റെ സഹായം വേണ്ടി വന്നു”. ശൂന്യതയിലേക്കെന്നപോൽ അവർ നടത്ത തുടർന്നു. ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ ഇഷ്ടമില്ലാത്തതിനാലാകാം സീനത്ത് മൗനിയായത്. അവളുടെ മനസ്സിലും കഥ പറയാൻ ഒരു മരണമുണ്ടായിരുന്നു, സ്വന്തം ബാപ്പയുടെ.
അന്ന് ബാങ്ക് കേട്ടപ്പോൾ താൻ കുളിപ്പുരയിലായിരുന്നു. കുളികഴിഞ്ഞ് ഒരു സുലൈമാനിയുമായി ഉമ്മറത്തേക്ക് ചെന്നപ്പോൾ മഗ്‌രിബ് കഴിഞ്ഞ് ബാപ്പ വീണ്ടും ചാരുകസേരയിലെത്തിയിരുന്നു. ഇക്കയും ഇത്താത്തയും കുട്ടികളും ഇല്ലാത്ത ദിവസമായിരുന്നത്. അതിൻ്റെ കുറവ് ആ മുഖത്ത് കാണാം. മുഴോൻസമയോം ചുമരിലെ ഉമ്മാൻ്റെ ഫോട്ടോയും നോക്കി ഒരേ ഇരിപ്പായിരുന്നു.
” മറന്നുപോകും എന്നു വച്ചിട്ടാണോ ഉമ്മാൻ്റെ പോട്ടോം മുമ്പില് തൂക്കി നോക്കിയിരിക്കണത് “.


“അല്ലടീ…. എപ്പോഴും ഓർത്തോണ്ടിരിക്കാനാ “ബാപ്പ ചിരിച്ചു. ഇത് പലതവണ ആവർത്തിച്ചിട്ടുള്ള ചോദ്യവും ഉത്തരവുമാണ്. എന്നാലും ആവർത്തന വിരസതയില്ല. ബാപ്പയെയൊന്ന് മിണ്ടിക്കണം മൂഡൊന്ന് മാറ്റിയെടുക്കണമെന്നേ താൻ ഉദ്ദേശിച്ചുള്ളൂ.
“ബാപ്പ എണീക്ക്… നമുക്ക് മുറ്റത്ത് കുറച്ച് ഉലാത്താം”.ബാപ്പ എണീക്കാൻ മടി കാട്ടി. സാധാരണ ഇത്തരം അവസരങ്ങളിൽ ഞങ്ങളൊരുമിച്ച് മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കാറുണ്ട്. മിക്കവാറും ബാപ്പ കഥകളുടെ കെട്ടഴിക്കും. പ്രവാചകൻ ശിഷ്യന്മാർക്ക് പറഞ്ഞു കൊടുത്ത കഥകളായിരിക്കും ബാപ്പ പറയുക. ചെറിയ കുട്ടിയെ പോലെ അതെല്ലാം കേട്ട് പിറകേ നടക്കുക പ്രത്യേക അനുഭൂതിയാണ്.
“ബാപ്പാക്ക് നല്ല സുഖം പോര മോളേ… നെഞ്ചിനൊരു ഭാരം പോലെ ” ബാപ്പ ചൂടുള്ള ചായ ഗ്ലാസ് നെഞ്ചോട് ചേർത്തുരുമ്മുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്.
” അടുത്തിടയായി വായുക്ഷോഭം ഇത്തിരി കൂടുതലാണ്. അരിഷ്ടം കഴിച്ചു, ആശ്വാസം തോന്നുന്നുണ്ട് “.
“ബാപ്പാ… ഞാൻ നെഞ്ച് തിരുമ്മിത്തരട്ടെ… നിങ്ങടെ മായുമ്മ തിരുമ്മുന്ന പോലെ ” ബാപ്പക്കെല്ലാം ഉമ്മാടെ പേര് ചേർത്ത് കേൾക്കുന്നതാണിഷ്ടം. ചാരുകസേരയുടെ പിറകിൽ നിന്നു കൊണ്ട് നരച്ച രോമങ്ങൾ നിറഞ്ഞ ആ നെഞ്ചാകെ ഉഴിഞ്ഞു കൊണ്ടിരുന്നു.


“സോജ രാജകുമാരി സോജാ…” സൈഗളിൻ്റെ ഈ ഗാനത്തിന് ബാപ്പയുടെ ചുണ്ടുകൾ ശബ്ദം നൽകുന്നത് കേട്ടപ്പോൾ അത് ആശ്വാസത്തിൻ്റെ പ്രതിഫലനമായിട്ടാണ് തോന്നിയത്. അപ്പോഴും ആ കണ്ണുകൾ ചുമരിലെ ഉമ്മയുടെ ചിത്രത്തിൽ തന്നെയായിരുന്നു. പെട്ടെന്ന് പാട്ടു നിർത്തിയ ബാപ്പ എൻ്റെ കൈപ്പത്തിയിൽ അമർത്തിപ്പിടിച്ചു. പിടുത്തത്തിന് ശക്തിയേറി വന്നു. ഒന്ന് ഞെളിഞ്ഞ്, മുഖമുയർത്തി എന്നെ തുറിച്ചു നോക്കി. പിന്നെ ആ കണ്ണുകൾ ചിമ്മിയതേയില്ല.
“ഹലോ… ഒന്ന് നിൽക്കൂ… ഒരു കാര്യം ചോദിക്കട്ടെ”. അഭിരാജിൻ്റെ ശബ്ദമാണ് സീനത്തിനെ ചിന്തകളിൽ നിന്നുണർത്തിയത്. അഭിയും മാനേജരും എതിരെ വരികയായിരുന്ന ഒരു വൃദ്ധൻ്റെ വഴി തടഞ്ഞു.
” നമസ്കാരം സാറന്മാരേ…”. മെലിഞ്ഞ് ക്ഷീണിതനായ ആ മനുഷ്യൻ തൊഴുകൈയുമായി അവരുടെ അടുത്തേക്ക് ചെന്നു.


” നമസ്കാരം… ഞങ്ങൾ ബാങ്ക് ഉദ്യോഗസ്ഥരാണ്. താങ്കൾക്ക് പത്തായപ്പുരക്കൽ ചന്ദ്രശേഖരമേനോനെ അറിയുമോ?” അത് പറഞ്ഞത് മാനേജരാണ്.
“സർ ഞാനാണ് ചന്ദ്രശേഖരമേനോൻ”. ഹസ്തദാനം നൽകി മാനേജർ സംസാരിച്ചു തുടങ്ങി. ക്ഷുഭിതരായോ മര്യാദ ലംഘിച്ചോ അല്ലായിരുന്നു അവരുടെ സംസാരം. എന്നാലും പത്തായപ്പുരക്കലെ മേനോൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, ആ ശരീരം വിറയ്ക്കുന്നുമുണ്ടായി. തനിക്ക് പറ്റിയ ചതിയേയും ഇപ്പോഴത്തെ നിസ്സഹായാവസ്ഥയേയും കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മേനോനെ തളർച്ച ബാധിച്ചിരുന്നു. ഒരു ജീവനെ മരണം ജപ്തി ചെയ്യുന്ന കാഴ്ചയാണ് പിന്നീടവർ കണ്ടത്.

ഉണ്ണി അഷ്ടമിച്ചിറ

By ivayana