രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ ✍
ഇന്നലെവരെ
ഒന്നായിരുന്നവർ
നുണതുപ്പിയ
വർത്തമാനത്തിന്റെ
പരിച്ഛേദങ്ങളിൽ
വെറുപ്പിന്റെ
കനൽത്തിറ കെട്ടിയാടുകയാണ്.
നമ്മളിൽനിന്ന്
എത്രപെട്ടന്നാണ്
ഞാനും നീയുമായി
തെന്നിമാറിയത് ?
എത്രതീവ്രമായാണ്
അർത്ഥമില്ലാത്ത
ചിഹ്നങ്ങൾതുന്നിയ
കൊടിയടയാളങ്ങളിൽ
ഇരുകൂട്ടരായിനാം
പിരിഞ്ഞകന്നത്?
എത്ര വേഗത്തിലാണ്
പുകഞ്ഞുകത്തിയ പകയുടെ
കറുത്ത ഭൂഖണ്ഡത്തിലേക്ക്
മതാന്ധതയുടെ പാടചൂടി
നമ്മൾ കുടിയേറിയത് ?
നീയും നീയുമായി നിങ്ങളും
ഞാനും ഞാനുമായി ഞങ്ങളും
വെറിതിന്നു ചേരിതിരിഞ്ഞവർ
ഉള്ളിലൂറിനിറഞ്ഞ
ജീർണ്ണവിഷം വിസർജ്ജിച്ചു
ശുദ്ധരാകുന്നതിനിയെന്നാണ് ?.
നൊന്ത മതഭ്രാന്തിന്റെ
തീഫണങ്ങൾ ദംശിച്ചു
കരിനീലിച്ചുപോയവർ
ഏത് നസ്യം ചെയ്താലാണ്
പാപ മുക്‌തരാവുക ?.
മതം ചോറൂട്ടുന്ന കാലം വരില്ലെന്ന് ,
ജാതി ജീവൻ തിരികെത്തരില്ലെന്ന്,
നിഴൽക്കൂത്തുകാരുടെ മുന്നിൽ
സ്വത്വബോധം അടിയറവുവെക്കുമ്പോൾ ,
ആഴ്ന്നിറങ്ങുന്ന കത്തിമുനയിൽ
ഉയിരുപിടഞ്ഞറ്റു പോകുമ്പോൾ
കാത്തിരിക്കുന്നവരുടെ കരളിൽ
നോവിന്റെ കനൽമഴപെയ്യുന്നത്
എനിക്കും നിനക്കുമൊരുപോലെയെന്ന്
എന്നാണിനി നമ്മൾ തിരിച്ചറിയുക.