മെയ്ക്കറുപ്പ് മെനഞ്ഞു കണ്ണിൽ പൂമിഴിച്ചന്തം
പ്രണയരാവിൽ കവിത മൂളും ചന്ദ്രികപ്പൊന്ന്
പുടവയൂരി നിലാക്കളത്തിൽ ഇരുളു മറയുമ്പോൾ
പോയ് മറഞ്ഞ ദിവാകരന്റെ മൗനമറിയുന്നു.

പുലരി തേച്ചുവെളുത്ത കണ്ണിൽ സുകൃത മൂറുമ്പോൾ
ചുണ്ടു ചോന്നൊരു ചെമ്പരത്തി പുഞ്ചിരി തൂകി
തേൻവരിക്കക്കൊമ്പിലായൊരു കൂടൊരുക്കീ നീ
നീട്ടി മൂളിപ്പാട്ടു പാടി നിമിഷമറിയുമ്പോൾ.

ഏഴഴകിൻ ചോട്ടിലായ് നീ ഏഴിലം പാല
പൂമണത്തിൽ പൂകി ഞാനും നിമിഷസായൂജ്യം
അമ്പലക്കുളമമ്പിളിക്കല മാറിലണിയുമ്പോൾ
ശൈവശൃംഗതപസ്സുപോലും ഭാവമണിയുന്നു.

സത്യമോതാൻ അഖിലസാഗരമാകെയിളകുമ്പോൾ
പൊന്തി വന്ന തിരയ്ക്ക് മീതെ ചന്ദിരാംഗങ്ങൾ
വൻമരത്തിൻ വമ്പു കേട്ടവർ വഴിയുറങ്ങുമ്പോൾ
കൊമ്പിനോരനിഴൽപ്പുറങ്ങൾ കൊഞ്ഞനം കുത്തി.

കാവുമരുവിയുമോർമ്മ കൂട്ടിക്കാവുറങ്ങുമ്പോൾ
കാലമകലെ കാളസർപ്പം നിഴൽ വിഴുങ്ങുന്നു
രാഹു വന്നു വിളിച്ചു കേതു ഹേതു തേടുമ്പോൾ
കാലചക്രകരാളഹസ്തം പിടിമുറുക്കുന്നു.

നമ്മളറിയും നാമിടങ്ങൾ നഞ്ചു ചേർത്തിടിൽ
പിഞ്ചിളംമുറ കൊഞ്ചുവാനായ് എന്തു തേടീടും
അമ്മ ചുണ്ടിൽ ചേർത്തുരയ്ക്കും
അമ്പിളിപ്പാലോ
ആത്മദാഹമകറ്റി നൽകും ജീവജലധാര.

രാപ്പകലുകളഴകു നോക്കി പരിഭവിക്കുമ്പോൾ
ഭൂവിലിന്നു മനുഷ്യജന്മം എന്തു തിരയേണ്ടു
അമ്മ നൽകും പാൽവെളുപ്പിൻ പകരമൊന്നുണ്ടോ
സ്വന്തജാതം നെഞ്ചിലേറ്റിക്കൊഞ്ചലേകുന്നു.

ഏകറുപ്പതിലെൻ വെളുപ്പ് മണ്ണടിയുമ്പോൾ
എന്തു ചൊല്ലി മറഞ്ഞു പോകും പേക്കിനാസ്വപ്നം
നീ അറിയുക നിറമറിഞ്ഞവർ നിഴലുപോലായീ
നീറി നീറി നിറഞ്ഞു ചാരം കനലുകൂമ്പാരം.

ഹരികുമാർ കെ പി

By ivayana