രചന : മൻസൂർ നൈന✍
പോളപ്പായൽ നിറഞ്ഞ കണ്ടം അഥവാ കൊച്ചിയിലെ പോളക്കണ്ടം…….
കൊച്ചിയിലെ വളരെ പ്രശസ്തമായ ഒരു മാർക്കറ്റിനെ കുറിച്ചും അതിനോടു അനുബന്ധമായ ഒരു ചെറു ചരിത്രവും നിങ്ങളോടു പറയാമെന്നു തോന്നി …
കൊച്ചി കരുവേലിപ്പടിയിലാണ് പോളക്കണ്ടം മാർക്കറ്റ് നിലകൊള്ളുന്നത്. മാർക്കറ്റ് വരുന്നതിനു മുൻപ് മാർക്കറ്റ് ഉൾപ്പെടുന്ന ഈ പ്രദേശം മുൻപ് എങ്ങനെയായിരുന്നു എന്നു പറയാൻ ശ്രമിക്കാം .
പതിറ്റാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്തിൻ്റെ ചിത്രം മറ്റൊന്നായിരുന്നു . ഇത് വായിച്ചു പോകുമ്പോൾ നിങ്ങളുടെ മനസ്സിൽ ആ ചിത്രം തെളിയും.
ചെറിയ ചെറിയ കണ്ടങ്ങളിൽ വളർന്നു നിൽക്കുന്ന പൊക്കാളി നെൽവയലുകളും, കണ്ണാടി കണക്കെ തെളിഞ്ഞു ഒഴുകുന്ന രാമേശ്വരം കനാലും , ഇന്നത്തെ ഏകദേശം 18- 25 അടി മാത്രം വീതിയുള്ള കനാലിനെ കുറിച്ചല്ല ഈ പറയുന്നത് കെട്ടോ , തെക്ക് കഴുത്തുമുട്ട് ജംഗ്ഷന് സമീപമുള്ള ( ഇവിടെയാണ് തോപ്പുംപടി വില്ലേജ് ഓഫീസ് ) പവർ സ്റ്റേഷൻ വരെയാണ് കനാലിൻ്റെ വീതി .
അതായത് ഏകദേശം 120 -160 അടി വീതിയുണ്ടായിരുന്നു പഴയ രാമേശ്വരം കനാലിന് , ചുറ്റും എങ്ങും കാണുന്നത് കണ്ടം കണ്ടമായി കിടക്കുന്ന കൃഷിയിടത്തിൽ ഒരാൾപൊക്കത്തിൽ വളർന്നു നിൽക്കുന്ന പൊക്കാളി കൃഷി മാത്രം . ഈ കനാലിലൂടെ തലങ്ങും വിലങ്ങും നെല്ലും , മത്സ്യങ്ങളുമായി മറ്റും ഒഴുകി നീങ്ങുന്ന വള്ളങ്ങൾ .
പൊക്കാളി കൃഷി ……
ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള ഒരിനം നെല്ല് അതാണ് പൊക്കാളി കൃഷി . പൊക്കത്തിൽ ആളി നിൽക്കുന്നതു
കൊണ്ടു ഈ പേര് വന്നു . പൊക്കാളി നെല്ലിന് അമ്ലത ചെറുക്കുവാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കുവാനും കഴിവുണ്ട്.
നെൽകൃഷിയുടെ സീസൺ കഴിയുമ്പോൾ ഈ പാടത്ത് ചെമ്മീൻ കൃഷിയും ചെയ്യാം എന്നതാണ് പൊക്കാളി കൃഷിയുടെ പ്രത്യേകത .
1554 കൾക്ക് ശേഷം ഗോവയിലെ കൊങ്കൺ പ്രദേശത്ത് നിന്നു കൊച്ചിയിലേക്ക് കുടിയേറിയവരാണ് കൊങ്കണികൾ . ഇവരിലൂടെയാണ് കേരളത്തിലേക്ക് പൊക്കാളി കൃഷി കടന്നു വരുന്നത് . ആദ്യകാലത്ത് ഗോവയിൽ നിന്ന് എത്തിച്ചേർന്നവരിൽ ഒരാളാണ് ധനാഡ്യനായ ദേവരായ കമ്മത്ത് എന്ന ആനന്ദ പുരത്ത് കമ്മത്ത് ( ഇദ്ദേഹത്തിനു കൊച്ചി രാജാവ് കുത്തു വിളക്ക് പദവി നൽകിയിട്ടുണ്ട് ) .
ഇദ്ദേഹത്തിനും കൊങ്കണി സമുദായത്തിൽപ്പെട്ട മറ്റു ചിലർക്കും കണ്ണമാലി ചെല്ലാനം ഭാഗങ്ങളിൽ വലിയ തോതിൽ തന്നെ കൃഷി ഭൂമിയുണ്ടായിരുന്നു . കൊങ്കണികളായ മൂപ്പന്മാരുടെ മേൽനോട്ടത്തിൽ കൊങ്കണി ഭാഷ സംസാരിക്കുന്ന കുടുംബികളായിരുന്നു ഇവിടെ പൊക്കാളി കൃഷി പണി ചെയ്തിരുന്നത് .
വിഷയത്തിലേക്ക് വരാം….
രാമേശ്വരം കനാലിൻ്റെ കിഴക്ക് , വേമ്പനാട്ട് കായലിൻ്റെ ഭാഗമായ കൊച്ചി കായലും .പടിഞ്ഞാറ് ,കടലോര പ്രദേശമായ ബീച്ച് റോഡുമാണ് . കടൽ വെള്ളം കനാലുകളിലേക്ക് അടിച്ചു കയറാൻ കടൽ പ്രദേശങ്ങളിൽ പൊഴികളുണ്ടായിരുന്നു . ഈ സ്ഥലങ്ങൾക്ക് പൊഴികൾ ചേർത്ത പേരുകളും ഉണ്ടായിരുന്നു ( ഉദാ: അത്തിപ്പൊഴി ) . ഇപ്പോഴത്തെ തോപ്പുംപടി വില്ലേജിന് സമീപം ചെറിയൊരു ബണ്ട് പോലൊന്നു ഉണ്ടായിരുന്നു . കനാലിലെ വെള്ളം തടികൊണ്ടുള്ള മുട്ട് വെച്ചു തടഞ്ഞു നിർത്തി വെള്ളത്തിലെ ഉപ്പിനെ കുറച്ച ശേഷം നെൽപ്പാടങ്ങളിലേക്ക് ചീർപ്പ് ഉപയോഗിച്ചു വെള്ളം കയറ്റി വിടുമായിരുന്നു . തടിമുട്ട് ഉപയോഗിച്ചു കനാലിലെ വെള്ളം തടഞ്ഞു നിർത്തിയിരുന്ന ഈ സ്ഥലത്തിന് പിന്നീട് ‘കഴുത്തു മുട്ട് ‘ എന്ന പേരു വന്നു.
കഴുത്തു മുട്ട് നിന്ന് തെക്കോട്ട് ( പള്ളുരുത്തി ഭാഗം ) വീതി കൂടിയ ഭണ്ടാര ചാലായിരുന്നു . ഇടയ്ക്ക് വലിയ ചിറ ഉണ്ടായിരുന്നു ഈ ഭാഗമാണ് ഇന്ന് പള്ളുരുത്തിയിൽ ഉൾപ്പെടുന്ന ചിറക്കൽ എന്നറിയപ്പെടുന്ന പ്രദേശം . ഇന്ന് പള്ളുരുത്തിയിലെ ആനന്ദ് വാട്ടർ മീറ്റർ കമ്പിനിയിരിക്കുന്ന റോഡിലൂടെ മുണ്ടം വേലി ഭാഗത്തേക്ക് ഈ ഭണ്ടാര ചാൽ ഒഴുകിയിരുന്നു .
ഭണ്ടാര ചാലും , രാമേശ്വരം കനാലും തമ്മിൽ കണക്ട് ചെയ്തിരുന്നു ഇതിലൂടെയാണ് നെല്ലും , കായൽ മത്സങ്ങളും വള്ളങ്ങളിലൂടെ എത്തിച്ചിരുന്നത് . വലിയൊരു നെറ്റ് വർക്കായിരുന്നു കനാലുകൾ വഴിയും ചാലുകളിലൂടെയും നടന്നിരുന്നത്. സത്യത്തിൽ അതെല്ലാം പിന്നീട് ഇല്ലാതായി. കനാലുകളും , തോടുകളും ഇന്നു നേർത്തു നേർത്തില്ലാതായെന്നും അതോടെയാണ് കൊച്ചിയിൽ വെള്ളക്കെട്ട് ഉണ്ടായതെന്നും മുൻ മേയർ K.J . സോഹൻ ചേട്ടൻ പറയുന്നു .
പൂത്തേരിക്കടവിൽ നിന്നും …….
60 ‘ കളിൽ ഒരു പുനരധിവാസ പദ്ധതി നടപ്പിലായി . കൊച്ചിയിലെ തോപ്പുംപടി ഭാഗത്തുള്ള ‘ പൂത്തേരിക്കടവ് ‘ കായൽ പ്രദേശത്തും , കപ്പലണ്ടി മുക്കിൽ നിന്നു കിഴക്കോട്ടു മരക്കടവ് ഭാഗത്തും താമസിച്ചിരുന്ന അരയന്മാരായ ധീവര സമുദായക്കാരെ മറ്റു സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിച്ചു .
ഊന്നി വല ഉപയോഗിച്ചും മറ്റും പരമ്പരാഗതമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ഇവർ പ്രാദേശികമായി അരയന്മാർ, മുക്കുവർ, വാലന്മാർ
തുടങ്ങിയ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടിരുന്നത് .പിൽക്കാലത്ത് ഇവർ ധീവരർ എന്ന പൊതുനാമത്തിൽ അറിയപ്പെട്ടു .
തോപ്പുംപടിയിലെ പൂത്തേരിക്കടവിൽ ഓലമേഞ്ഞ കുടിലുകളിലാണ് ധീവര സമുദായക്കാരായ ഇവർ താമസിച്ചിരുന്നത് . അവിടെ കായലിനോടു മുഖം ചേർത്തു വെച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള വളരെ മനോഹരമായ ഒരു മുസ്ലിം പള്ളിയുമുണ്ടായിരുന്നു . ജലഗതാഗത മാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് പ്രാർത്ഥനയ്ക്കായി ഉണ്ടാക്കിയതായിരുന്നു ‘ പുത്തിരിക്കാട്ട് പള്ളി ‘ എന്ന പേരിൽ ഇന്നറിയപ്പെടുന്ന ഈ പള്ളി എന്നു പറയപ്പെടുന്നു .
പൂത്തേരിക്കടവിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ ………
മത്സ്യബന്ധനത്തിന് ശേഷം മത്സ്യബന്ധന യാനങ്ങൾക്ക് നങ്കൂരമിടാനും സമുദ്രോത്പന്നങ്ങൾ അവിടെ തന്നെ ചില്ലറ വിൽപ്പനയും മൊത്തവ്യാപാരവും നടത്തുന്നതിനായും ഒരിടം എന്ന ആശയവുമായി തോപ്പുംപടി ‘പൂത്തേരിക്കടവിൽ ‘ ഹാർബർ നിർമ്മിക്കുവാൻ ധാരണയായി . ഇതേ തുടർന്നു ഇവിടെയുണ്ടായിരുന്ന അരയ വിഭാഗത്തെ കൊച്ചിയിൽ ഇന്നു നിലനിൽക്കുന്ന ബിന്നി കമ്പിനി , ജിയോ സീഫുഡ്സ് കമ്പിനി പരിസര പ്രദേശങ്ങളിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു . അങ്ങനെ അന്നത്തെ പൂത്തേരിക്കടവിൽ 1973 – ൽ നിർമ്മാണം ആരംഭിച്ച് 1978 – ൽ പൂർത്തീകരിച്ചതാണ് ഇന്നത്തെ ‘ കൊച്ചിൻ ഫിഷറീസ് ഹാർബർ’
എ.ഡി. പുരം……
പൂത്തേരിക്കടവിൽ നിന്നുള്ള പുനരധിവാസത്തിനു കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ കപ്പലണ്ടി മുക്കിന് കിഴക്ക് ഭാഗത്ത് മരക്കടവ് പ്രദേശത്ത് കുടിൽ കെട്ടി താമസിച്ചിരുന്ന ധീവര സമുദായക്കാരെ ഇന്നത്തെ പോളക്കണ്ടം മാർക്കറ്റിന് പിറക് വശമുള്ള ഒരേക്കർ പതിനൊന്നു സെൻ്റ് സ്ഥലത്തേക്ക് പുനരധിവസിപ്പിച്ചു . പിന്നീട് ഈ പ്രദേശം എ.ഡി. പുരം (അച്ചുതാനന്ദ ധീവരപുരം ) എന്ന പേരിൽ അറിയപ്പെട്ടു . ഇവർക്ക് ഇവിടെ അമ്പലമില്ലായിരുന്നു ഉത്സവം കൂടാനും , കുംഭ – ഭരണി പൊങ്കാല മഹോത്സവത്തിനും , തോഴാനും മറ്റും ഇവർ പോയിരുന്നത് കൊടുങ്ങല്ലൂരിനു അടുത്ത് ആനാപ്പുഴ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലായിരുന്നു . ഇന്നത്തെ കരുവേലിപ്പടി തക്യാവിന് സമീപത്ത് നിന്നു വള്ളത്തിൽ കയറിയാണ് ഇവർ കൂട്ടത്തോടെ അവിടെ പോകുക . ഇന്ന് കൊച്ചിയിൽ എ.ഡി. പുരത്ത് ശ്രീ കുരുംബ ഭഗവതി ക്ഷേത്രമുണ്ട്. ഇവിടത്തെ പ്രതിഷ്ഠ ചെങ്ങന്നൂരിൽ നിന്നു രാജൻ ( കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) അദ്ദേഹത്തിൻ്റെ ചിലവിൽ ഇവിടെ എത്തിക്കുകയായിരുന്നു .
എ.ഡി. പുരത്തെ അറിയപ്പെട്ടിരുന്ന പ്രതിഭകൾ …….
എ.ഡി. പുരം കുഞ്ഞച്ചൻ ( പി.എസ്. ദാമോദരൻ ) ഒരു എഴുത്തുകാരനായിരുന്നു . നിരവധി നാടകങ്ങളെഴുതി . എ.ഡി. പുരത്തിൻ്റെ വിശേഷങ്ങൾ തിരക്കാൻ എ.ഡി. പുരം കുഞ്ഞച്ചൻ്റെ മകൻ രാജേഷും എന്നോടൊപ്പം കൂടിയിരുന്നു .
എ.ഡി. പുരം ഭാസി എന്ന ഭാസ്ക്കരൻ സംഗീത സംവിധായകനും ഹാർമോണിസ്റ്റുമായിരുന്നു . കാഥികൻ ഇടക്കൊച്ചി സലീം കുമാറിൻ്റെ അച്ഛനായ ഇടക്കൊച്ചി പ്രഭാകരൻ്റെ ട്രൂപ്പിൽ ഭാസിയുമുണ്ടായിരുന്നു . പ്രഭാകരൻ്റെ ട്രൂപ്പിലുണ്ടായിരുന്ന സ്റ്റീഫൻ മാഷ് ( ഇദ്ദേഹം പിന്നീട് കുമ്പളം ബാബുരാജ് എന്നറിയപ്പെട്ടു ) പോയതിനു ശേഷമാണ് എ.ഡി. പുരം ഭാസി ഇടക്കൊച്ചി പ്രഭാകരൻ്റെ ട്രൂപ്പിൽ ഇടം പിടിച്ചത്. അപ്പോഴാണ് എ.ഡി. പുരം ഭാസ്ക്കരൻ പിന്നീട് എ.ഡി. പുരം ഭാസിയായി മാറിയതെന്ന ചരിത്രവും ഇടക്കൊച്ചി പ്രഭാകരൻ്റെ മകനും പ്രശസ്ത കാഥികനുമായ ഇടക്കൊച്ചി സലീം കുമാർ ഓർക്കുന്നു .
എ.ഡി. പുരം ഭാസിയുടെ അടുത്ത സുഹൃത്തായിരുന്നു ഫോർട്ടു കൊച്ചി ചിരട്ട പാലത്തുകാരനായ, പിന്നീട് മലയാള സിനിമയുടെ മികച്ച സംഗീത സംവിധായകനായ എം.കെ. അർജ്ജുനൻ മാസ്റ്റർ . നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ള ഈ അതുല്യ പ്രതിഭ ഒരു കാലത്ത് കൊച്ചി കരുവേലിപ്പടിയിലുള്ള എ.ഡി. പുരം ഭാസിയുടെ തറവാട്ടു വീട്ടിൽ നിത്യസന്ദർശകനായിരുന്നു എന്നു എ.ഡി. പുരം ഭാസിയുടെ മൂത്ത സഹോദരനായ വാസുദേവൻ്റെ പുത്രി ലക്ഷ്മി പറയുന്നു . അർജ്ജുനൻ മാസ്റ്റർ സന്ദർശിക്കുന്ന സമയത്തെല്ലാം ഇതൊരു ഓലമേഞ്ഞ വീടായിരുന്നു എന്നും ലക്ഷ്മി ഓർക്കുന്നു . എം. കെ. അർജ്ജുനൻ മാസ്റ്ററും , എ.ഡി. പുരം ഭാസിയും ഒരുമിച്ചു ഭജൻ സമിതി സംഘടിപ്പിച്ചിരുന്നു.
പോളക്കണ്ടം മാർക്കറ്റ് ………
കൊച്ചിയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് തന്നെ നിലവിലുണ്ടായിരുന്ന മരക്കടവിലെ ഹാർബർ മാർക്കറ്റ് ലോക ഭൂപടത്തിൽ തന്നെയും സ്ഥാനം പിടിച്ചിരുന്നു എന്നു പറയപ്പെടുന്നു . അക്കാലത്ത് കൊച്ചിയിൽ മാംസം വിൽക്കാൻ അനുവാദമുള്ളത് ഈ മാർക്കറ്റിൽ മാത്രമാണ് . എൻ്റെയൊക്കെ ഒരു തലമുറ മുൻപ് വരെ ഐലൻ്റിൽ നിന്നും പള്ളുരുത്തി , ചെല്ലാനം , കണ്ണമാലി , എറണാകുളം ഭാഗങ്ങളിൽ നിന്നും കൂടാതെ ബ്രിട്ടീഷ കാമ്പുകളിൽ നിന്നും മാംസം വാങ്ങാൻ എത്തുക ഈ ഹാർബർ മാർക്കറ്റിലാണ്. വഞ്ചികൾ അടുക്കുന്ന ചെറിയ ജെട്ടി മാർക്കറ്റിനു സമീപം ഉണ്ടായിരുന്നതിനാൽ പുഴ – കായൽ മത്സ്യങ്ങൾ ഫ്രഷായി ഇവിടെ കച്ചവടത്തിനു എത്തിയിരുന്നു .
പിടയ്ക്കുന്ന പുഴ – കായൽ മത്സ്യങ്ങൾ ഹാർബർ മാർക്കറ്റിൽ എത്തിച്ചു വിൽപ്പന നടത്തിയിരുന്ന എ.ഡി. പുരത്തുകാരിയായ വേലപ്പൻ്റെ അമ്മ ചീരുവിന് പിന്നീട് അത്രയും ദൂരം നടന്നു പോയി മരക്കടവിലെ ഹാർബർ മാർക്കറ്റിൽ മത്സ്യം എത്തിച്ചു കച്ചവടം ചെയ്യാൻ പ്രയാസമായി മാറി . അങ്ങനെ അവർ എ.ഡി. പുരത്തിന് സമീപത്ത് രാമേശ്വരം കനാലിനോടു ചേർന്ന് മത്സ്യ കച്ചവടത്തിന് ഒരു ഇരിപ്പിടം ഒരുക്കി . പതിയെ മറ്റു ചിലർ കൂടി അവിടെ കച്ചവടത്തിനായി എത്തിച്ചേർന്നു . ക്രമേണ അതൊരു മാർക്കറ്റായി മാറി . ആളുകൾക്കിടയിൽ അതിനെ ‘ചീരു അരയത്തിയുടെ മാർക്കറ്റ് ‘ എന്നറിയപ്പെട്ടു . അതാണ് ഇന്നത്തെ പോളക്കണ്ടം മാർക്കറ്റ് .
45 വർഷം മുൻപ് കച്ചവടത്തിനായി ഇവിടെയെത്തിയ ചെല്ലാനത്തുകാരൻ ആൻ്റി എന്നറിയപ്പെടുന്ന ആൻ്റണി ഇപ്പോഴും ഇവിടെ കച്ചവടക്കാരനായുണ്ട് . താൻ ആദ്യ സമയത്ത് എത്തുമ്പോൾ ഓല മേഞ്ഞ ഒരു ഷെഡായിരുന്നു ഈ മാർക്കറ്റ് എന്നത് ആൻ്റണി ചേട്ടൻ ഓർക്കുന്നു , തോടു മുറിച്ചു കടക്കാൻ തെങ്ങിൻ തടി കൊണ്ടൊരു പാലവും . ആൻ്റണി ചേട്ടൻ കച്ചവടത്തിനായി എത്തിയ അതെ കാലത്ത് തന്നെയാണ് അലീക്ക , ഇസ്മായിലിക്ക ഇപ്പോൾ ഇവിടെ കച്ചവടം ചെയ്യുന്ന നസീറിൻ്റെ ബാപ്പ കുറുവടി സെയ്ദ് എന്നിവരും ഇവിടെ എത്തിയത് . ഇതിൽ അലീക്കയും സെയ്ദിക്കയും മരണപ്പെട്ടു .
പണ്ടു കാലങ്ങളിൽ വില കൂടിയ മീനുകൾ ഇവിടെ വിൽപ്പനയ്ക്ക് എത്തുമായിരുന്നു. യൂറോപ്പിലും മറ്റും പ്രവാസികളായിരുന്ന കൊച്ചിക്കാരായവർ അക്കാലത്ത് ഇവിടെയാണ് വില കൂടിയ മത്സ്യം വാങ്ങാനെത്തുക . അതു കൊണ്ടു തന്നെ പോളക്കണ്ടം മാർക്കറ്റിന് ‘അമേരിക്കൻ മാർക്കറ്റ് ‘ എന്നൊരു വിളിപ്പേര് കൂടിയുണ്ടായിരുന്നു. പഴയ ചില മലയാള സിനിമകളിലും ഈ മാർക്കറ്റ് ഇടം പിടിച്ചു .
ചരിത്രം സത്യസന്ധമായിരിക്കണമെങ്കിൽ ഒരോ യാത്രയും അന്വേഷണവും അൽപ്പം കഠിനമായി തീരും . ആഗ്രഹങ്ങളെ ഉപേക്ഷിക്കാതെ പ്രാർത്ഥനയോടെ പ്രയത്നിച്ചാൽ , ക്ഷമയോടെ കാത്തിരുന്നാൽ നാം തേടി നടന്നത് നമ്മേ തേടിയെത്തും . നിരാശപ്പെടുത്തുന്ന വാക്കുകൾക്ക് ചെവി കൊടുക്കാതെ , പ്രതിസന്ധികളിൽ പതറാതെ ഉറച്ച മനസ്സുമായി മുന്നോട്ടു നീങ്ങുന്നവർക്ക് മാത്രമാണ് ലക്ഷ്യം നേടാനാവുക എന്നതു ചരിത്രം നമ്മെ പഠിപ്പിക്കുന്നു .