രചന : റിഷു..✍
‘മാഷേ അതാ പുറത്ത് റിഷു’ എന്ന്
ആരോ ഉച്ചത്തിൽ പറഞ്ഞു..
എല്ലാവരുടെയും നോട്ടം തന്നിൽ ആണ് എന്നറിഞ്ഞ അവൻ തലതാഴ്ത്തി നിന്നു.
”ഹ.. നീ ഇന്നും നേരത്തെ ആണോ” എന്ന് പറഞ്ഞു അനിൽമാഷ് തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ചൂരൽ കൊണ്ട്
വന്നതും അവ൯ തന്റെ വിറയാർന്ന… കൈനീട്ടി…കണ്ണുകൾ ഇറുക്കെ പൂട്ടി.
പിന്നീട് ക്ലാസ്സിലെ പൊട്ടിച്ചിരികൾ കേട്ടാണ് അവൻ കണ്ണ് തുറന്നത്.
കൈയ്യിൽ ചുവന്ന പാടുകൾ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു.. എന്തിന്.. തനിക് വേദനിച്ചോ.. ഇല്ല.. മനസ്സിലെ വേദനയോളം വരില്ലല്ലോ ഇതൊന്നും…
അമ്മ ഇപ്പോൾ എന്ത് ചെയ്യുവായിരിക്കും..? മനസ്സിലെ വേവലാതികൾ കൂടി.. അച്ഛൻ വന്നുകാണുമോ..? ഇല്ല..ഇപ്പോഴൊന്നും അച്ഛൻ വരരുതേ എന്ന് അവൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു..
ഇന്നലെ രാത്രി അച്ഛൻ കള്ള് കുടിച്ച് വീട്ടിൽ വന്നതും തന്നെയും അമ്മയേയും ഉപദ്രവിച്ചതും പഠിക്കാൻ എടുത്ത ബുക്കെല്ലാം മുറ്റത്തേക്ക് വലിച്ചെറിഞ്ഞതും ഒരു മിന്നായം പോലെ അവന്റെ മനസ്സിൽ തെളിഞ്ഞുവന്നു കണ്ണുകൾ നിറഞ്ഞു..
”ഡാ.. എന്താടാ നിനക്ക് ഇത്ര ആലോചിക്കാൻ” എന്ന് പറഞ്ഞ് അനിൽ മാഷ് ചൂരൽ കൊണ്ട് ഒന്നൂടെ കൊടുത്തു.. അവൻ ആരെയും നോക്കാതെ വേഗം ക്ലാസ്സിൽ കയറി ഇരുന്നു..
ആ കുഞ്ഞു മനസ്സിൽ അപ്പോൾ തന്റെ നല്ലകാലങ്ങൾ മാറിമറിഞ്ഞു.
തന്റെ കൊച്ചു കൂരയിൽ അമ്മയും
അച്ഛനും താനുമായുള്ള ജീവിതം..
എത്ര സന്തോഷകരമായിരുന്നു
ആ ജീവിതം.. എവിടെയാണത്
താളം തെറ്റിതുടങ്ങിയത്..
ഇപ്പോ അച്ഛൻ ആളാകെ മാറി..
കള്ള്കുടിച്ച് അമ്മയെ ഉപദ്രവിക്കുന്നു.
തന്നെ സ്നേഹത്തോടെ ഒന്നു നോക്കുന്നു പോലുമില്ല..
അമ്മ ഇപ്പോൾ തളർന്ന് കിടക്കുന്നു.
അച്ഛനെ ഓർത്തു അമ്മ കരയാത്ത ദിവസങ്ങൾ ഇല്ല..
എന്നും വീട്ടുജോലി ചെയ്തിട്ടാണ് സ്‌കൂളിലേക്കു വരുന്നത്.. പഠിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല പഠിക്കാൻ സമയമില്ല.. എന്നും പഠിക്കാൻ ഇരിക്കുമ്പോൾ അച്ഛൻ വന്ന് ബുക്കെല്ലാം വലിച്ചെറിയും അതാണ്
അവസ്ഥ.. തന്നെ മനസ്സിലാക്കാൻ ആരും ഇല്ലെന്ന് അവന് അറിയാമായിരുന്നു..
”ഡാ മോനെ.. സ്കൂൾ വിട്ടു.. കിടത്തം ഇതുവരെയും കഴിഞ്ഞില്ലേ.. നിനക്ക് എന്തെങ്കിലുംഅസുഖമുണ്ടോ..”എന്നുള്ള രാമേട്ടന്റെ വിളി കേട്ടാണ് അവൻ എണീറ്റത്..
”ഇല്ല രാമേട്ടാ അസുഖം ഒന്നും ഇല്ല.”
“ഹ.. എന്ന മോൻ പോയിക്കോ
ടൈം കുറെ ആയി..”
“ഉം…എന്നും പറഞ്ഞു വീട്ടിലേക്ക് നടന്നു.. തന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിക്കുന്നത് രാമേട്ടനാണ്
സ്കൂളിലെ പ്യൂൺ..
വീട്ടുമുറ്റത്തെ അവസ്ഥ കണ്ടപ്പോത്തന്നെ അവന് മനസ്സിലായി അച്ഛൻ വന്നു പോയി എന്ന്.. വേഗം അമ്മ കിടക്കുന്ന മുറിയിൽ ചെന്നു..
”അമ്മാ..അച്ഛൻ വന്നുലെ..”
തിരിച്ച് ഒന്നും പറയാൻ പറ്റാതെ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീർ തോരാതെ വന്നുകൊണ്ടിരുന്നു..
അത് കണ്ടതും അവന്റെ നെഞ്ചൊന്ന് പിടഞ്ഞു..
അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തിട്ടു വേഗം പഠിക്കാൻ ഇരുന്നു.
അച്ഛൻ വന്നാ പഠിക്കാൻ പറ്റില എന്നറിയാം.. പഠനം കഴിഞ്ഞ് അമ്മയുടെ അടുത്തു പോയി കുറച്ചു സമയം കിടന്നു.
കുറച്ചു കഴിഞ്ഞ് അച്ഛന്റെ ബഹളം
കേട്ടാണ് ഉണർന്നത്.. അച്ഛൻ എന്തൊക്കെയോ വിളിച്ചു പറയുന്നു.. പേടിച്ചു വിറച്ചവൻ അമ്മയെ കെട്ടിപിടിച്ചു കിടന്നു..
അങ്ങനെ മാസങ്ങൾ ഒരുപാട്
കഴിഞ്ഞു പോയി.. എല്ലാവരുടെയും പരിഹാസങ്ങൾ കേട്ട് തിരിച്ച് ഒന്നും പറയാതെ.. പതിവ്പോലെ അന്നും അവൻ നേരം വൈകി ആണ് ക്ലാസ്സിൽ എത്തിയത്..
“ടീച്ചറേ… അതാ റിഷു.. ഇന്നും നേരം വൈകിയാ വന്നേ..” എന്നുള്ള കുട്ടികളുടെ ശബ്ദം കേട്ടാണ് സീന ടീച്ചർ ഡോറിന്റെ അടുത്തേക്ക് നോക്കിയത്
”ഹാ.. കയറി വാ” എന്നും പറഞ്ഞു സീന ടീച്ചർ അവനിൽ നിന്നും നോട്ടം തെറ്റിച്ചു..
അവൻ വേഗം ടീച്ചറുടെ അടുത്ത് പോയി
കൈ നീട്ടി.. അത് കണ്ട് ടീച്ചർ അവനെ തന്നെ നോക്കി നിന്നു.. എന്നിട്ട് ആ കൈ മടക്കി അവനെ ചേർത്തു നിർത്തി..
അത് കണ്ടപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു.. കണ്ണുനീർ ടീച്ചറുടെ കൈയ്യിൽ പതിച്ചു.
അതവന് വല്ലാത്തൊരു അനുഭൂതി ആയിരുന്നു. ഇതുവരെ ആരും അവനെ അങ്ങനെ ചേർത്തു നിർത്തിയിട്ടില്ല..
അന്ന് അവൻ ക്ലാസ്സിൽ ശ്രദ്ധിച്ചു ഇരുന്നു.
അന്നത്തെ ദിവസം അതിയായ സന്തോഷത്തോടെ വീട്ടിലെത്തി അമ്മയുടെ അടുത്ത് ചെന്നു അന്നത്തെ വിശേഷം മുഴുവനും പറഞ്ഞു..
ടീച്ചർ തന്നെ ചേർത്തു നിർത്തിയതും സ്നേഹത്തോടെ സംസാരിച്ചതും എല്ലാം..!
മകന്റെ സന്തോഷം കണ്ടു
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു..
പിറ്റേ ദിവസം വീട്ടിലെ ജോലി എല്ലാം ചെയ്ത് തീർത്തു വേഗം സ്‌കൂളിലേക്ക് പോയി.. അവനെ കണ്ടതും സീന ടീച്ച൪ ക്ലാസ് കഴിഞ്ഞാൽ ഓഫീസ് റൂമിൽ വന്നു തന്നെ കാണാൻ പറഞ്ഞു..
ടീച്ചർക്ക് ഒരു ഇളം പുഞ്ചിരി നൽകി
അവൻ ക്ളാസിലേക്ക് നടന്നു..
വൈകുന്നേരം ക്ലാസ് കഴിഞ്ഞതും
സീന ടീച്ചറെ പോയി കണ്ടു..
ടീച്ചർ അവനെ അടുത്ത് ഇരുത്തി വീട്ടിലെ വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു..
ഒന്നും പറയാൻ പറ്റാതെ അവൻ വിക്കി വിക്കി എല്ലാം ടീച്ചറോട് തുറന്നു പറഞ്ഞു.
അത് കേട്ടതും അവരുടെ നെഞ്ചൊന്ന് പിടഞ്ഞു.. കണ്ണിൽ നനവ് പടർന്നു..
അതവൻ കാണാതെ തുടച്ചിട്ട് ടീച്ചർ പറഞ്ഞു:
“ടീച്ചർ എന്നും മോന്റെ കൂടെ ഉണ്ടാവും..
എന്തു വേണേലും എന്നോട് പറയാ൯ മടിക്കരുത്.. പബ്ലിക് എക്സാം വരുവല്ലേ നല്ലോണം പഠിച്ചു ഫുൾ എ പ്ലസ് വാങ്ങി അമ്മയെ നല്ലപോലെ നോക്കണം”
അത് കേട്ടതും ഒരു പിഞ്ചു കുഞ്ഞിനെ പോലെ അവൻ തേങ്ങി കരഞ്ഞു പോയി.. ടീച്ച൪ അവനെ സമാധാനിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞയച്ചു.
“അമ്മേ.. ഇനി എന്നും ടീച്ചർ എനിക്ക് ട്യൂഷൻ എടുത്തു തരും.. ഞാൻ പഠിച്ചു വലിയ ഒരാളാവും. അപ്പോ ഞാൻ അമ്മയെ പൊന്നുപോലെ നോക്കും…”
അമ്മയുടെ തലയിൽ തടവി ഒത്തിരി സന്തോഷത്തോടെ അവ൯ പറഞ്ഞു.
തന്റെ മകന്റെ സന്തോഷം
ആ അമ്മയുടെ കണ്ണും മനസ്സും
ഒരുപോലെ നിറച്ചു..
അന്നും വേഗം വീട്ടിലെ ജോലി എല്ലാം ചെയ്ത് തീ൪ത്തിട്ട് അവ൯ പഠിക്കാൻ ഇരുന്നു.. അപ്പോഴേക്കും അച്ഛൻ വന്നിരുന്നു.
“നിന്നോടല്ലടാ.. ഇവിടെ നിന്ന് പഠിക്കണ്ട എന്ന് പറഞ്ഞത്.. എന്ന് പറഞ്ഞ് മുറ്റത്തുണ്ടായിരുന്ന ഒരു വടിയെടുത്ത് അവനെ പൊതിരെ തല്ലി.. തിരിച്ചൊന്നും പറയാനും ചെയ്യാനുമാവാതെ അവൻ നിന്നു. തന്റെ മകന്റെ അവസ്ഥ കണ്ട് ഒന്ന് എതിർക്കാനോ അവനെ ചേർത്തു നിർത്താനോ കഴിയാതെ
ആ മാതൃഹൃദയം നെഞ്ച് പൊട്ടി കരഞ്ഞു..
അമ്മയുടെ അടുത്ത് ചെന്നു “തനിക്ക് വേദനിച്ചിട്ടില്ല അമ്മേ.. എന്ന് പറഞ്ഞു അവൻ അമ്മയെ പറ്റിപ്പിടിച്ചൊരു കുഞ്ഞിനെ പോലെ ചേർന്നു കിടന്നു.
ദിവസങ്ങളും മാസങ്ങളും ഒത്തിരി കടന്നു പോയി. എന്നും ക്ലാസ്സ് കഴിഞ്ഞാൽ അവൻ സീന ടീച്ചറുടെ അടുത്ത് പോയി പഠിക്കുമായിരുന്നു..
വീട്ടിൽ നിന്ന് അവന് പഠിക്കാൻ കഴിഞ്ഞിരുന്നില്ല..സീന ടീച്ചർ അവന് വേണ്ടതെല്ലാം ചെയ്ത് കൊടുത്തു. അങ്ങനെ പബ്ലിക് എക്സാം എത്തി..
എന്നും ടീച്ചറുടെ അടുത്ത് പോയതിന് ശേഷമാണ് അവൻ എക്സാം ഹാളിലേക്ക് കയറുക.. അത് അവനൊരു ധൈര്യമായിരുന്നു..
എക്സാം നല്ല രീതിയിൽ തന്നെ കഴിഞ്ഞു..
ഇനി റിസൾട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്..
അങ്ങനെ ആ ദിനം വന്നു ചേർന്നു..
റിസൾട്ട് വന്നു..!
അതുവരെയും തന്നേ പുച്ഛിച്ചവരും പരിഹസിച്ചവരും ഒക്കെ അവനെ
ഒരു ചെറു പുഞ്ചിരിയാൽ വരവേറ്റു..
റിസൾട്ട് നോക്കിയപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ‘റിഷു ഫുൾ എ പ്ലസ്.’
അവന്റെ കണ്ണുകൾ നിറഞ്ഞു..
സീന ടീച്ചറെ കണ്ടെതും അവൻ ഓടി ചെന്നു കെട്ടിപിടിച്ച് പൊട്ടികരഞ്ഞു.
ഇത് വരെയും തനിക്ക് ആരും ഇല്ലെന്ന തോന്നൽ തന്നിൽ നിന്ന് അകറ്റിയ
ആ ടീച്ചറെ അവൻ നന്ദിയോടെ നോക്കി.
എല്ലാവരും വന്നു വിഷ് ചെയ്തു.
അവിടെ നടന്ന ചടങ്ങിൽ അവന് കുറെ സമ്മാനങ്ങളും കിട്ടി.
“റിഷൂ.. ഗിഫ്റ്റ് ബോക്സ് പൊട്ടിച്ചു നോക്കിയാലോ.. എന്തൊക്കെയാണ്
ഈ മിടുക്കന് സമ്മാനം കിട്ടിയതെന്ന് അറിയാലോ..”
സീന ടീച്ചർ ചിരിച്ചു കൊണ്ട് ചോദിച്ചു.
“വേണ്ട.. ടീച്ചറേ.. വീട്ടിലെത്തിയിട്ട് അമ്മയുടെ മുൻപിൽ വച്ച് തുറന്നു നോക്കാം..”
തനിക്ക് കിട്ടിയ സമ്മാനവുമായി
അവൻ വീട്ടിലേക്കോടി..
പുറത്തപ്പോൾ ഒരു ചാറ്റൽ മഴയ്ക്ക് തുടക്കം കുറിച്ചിരുന്നു.. ആകാശത്തു നിന്നും മഴത്തുള്ളികൾ ഒറ്റയായും കൂട്ടമായും പെയ്തു തുടങ്ങി..
സമ്മാനപൊതി നനയാതിരിക്കാ൯ ശ്രമിച്ചുകൊണ്ട് അവൻ വേഗത്തിൽ നടന്നു.
ഇത് കാണുമ്പോ അമ്മയ്ക്ക് ഒരുപാട് സന്തോഷമാവും.. സമ്മാനമായി കിട്ടിയ ചോക്ലേറ്റ് അമ്മയ്ക്ക് കൊടുക്കണം..! സമ്മാനമായി കിട്ടിയ പൈസ കൊണ്ട് അമ്മയ്ക്ക് മരുന്നു വാങ്ങണം..
ഹെഡ്മാസ്റ്റർ കഴുത്തിൽ അണിയിച്ചു തന്ന മെഡൽ അമ്മയുടെ കഴുത്തിലിട്ടിട്ടു
ആ നെറ്റിയിലൊരു ഉമ്മ കൊടുക്കണം..!
പെട്ടെന്ന്..
വീടിന്റെ അടുത്ത് അതാ ഒരാൾക്കൂട്ടം..
എന്താ എന്ന് മനസ്സിലാവുന്നില്ല..
അവൻ വേഗം അങ്ങോട്ട് നടന്നു.. കാലുകൾക്ക് ബലം കിട്ടുന്നില്ല.
തനിക്ക് എന്ത് പറ്റി.. ഇതുവരെയും
താൻ കാണാത്ത പലരും തന്നെ സങ്കടത്തോടെ നോക്കുന്നു..
പലരും പലതും അടക്കം പറയുന്നു..
പുറത്തു ചാറി കൊണ്ടിരുന്ന മഴ പെട്ടെന്നാണ് പെരുമഴയായി രൂപാന്തരം പ്രാപിച്ചത്.. ആകാശത്തു നിന്നും മഴത്തുള്ളികൾ ഒരലർച്ചയോടെ ഭൂമിയുടെ മാറിലേക്ക് ആഞ്ഞു പെയ്തു..
അവൻ വേഗം വീടിനുള്ളിലേക്ക് ഓടി കയറി. അതാ അവിടെ തന്റെ അമ്മയെ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നു…!
ഹൃദയം മരവിച്ച പോലെ ഒന്നു കരയ്യാൻ പോലുമാവാതെ അവൻ കുറെ നേരം അമ്മയെ തന്നേ നോക്കി നിന്നു…
പിന്നെ പുറത്തേക്കിറങ്ങി ഇറയത്തെ മഴവെള്ളത്തിൽ ആരോ നിരത്തി വെച്ച കസേരകളിലൊന്നിൽ ഇരുന്നു..
അവന്റെ കയ്യിൽ അപ്പോഴും മഴ നനഞ്ഞ
ആ സമ്മാനപ്പൊതി ഉണ്ടായിരുന്നു..! കഴുത്തിൽ മനോഹരമായ
ആ മെഡലും..!!
❤റിഷു..