രചന : ഷാജു. കെ. കടമേരി ✍
ഒരൊറ്റ വരിയിൽ
ഒതുക്കി നിർത്തിയിട്ടും
കവിത തിളയ്ക്കുന്ന നട്ടുച്ചയിൽ
നീയാണാദ്യം ഇഷ്ടം പങ്ക് വച്ചത്
കെട്ടിപ്പിടിച്ചത് , ചുംബിച്ചത്
വാകമരച്ചില്ലകൾക്കിടയിലൂടെ
ഊർന്നിറങ്ങുന്ന കുളിർപ്പക്ഷികളുടെ
ചിറകിൽ സ്നേഹത്തിന്റെ മണമുള്ള
വരികൾ കൊത്തിയത് .
പെയ്യാതെ പെയ്തൊരു മഴയത്ത്
നമ്മളൊരു കുടക്കീഴിൽ കടല്
കത്തുന്ന നട്ടുച്ച മഴക്കിനാവ്
പകുത്തത്.
അകലങ്ങളിൽ നമ്മളൊറ്റയ്ക്കിരുന്ന്
ഒറ്റ മനസ്സായ് പൂക്കുമ്പോഴും
മഴ കെട്ടിപ്പിടിക്കുന്ന പാതിരകളിൽ
ഇടിയും , മിന്നലും , കാറ്റും
നിന്നെക്കുറിച്ചെന്നോട്
കവിത ചോദിക്കാറുണ്ട് .
ഊർന്ന് വീഴുന്ന
മഴക്കിലുക്കങ്ങൾക്കിടയിലൂടെ
നിന്റെ കാലൊച്ച മിടിക്കുമ്പോൾ
ഒരു നോട്ടം കൊണ്ട് നീയെന്റെ
വാക്കുകളിലേക്ക് തല ചായ്ക്കും .
പിടയ്ക്കുന്ന മിടിപ്പുകളെ
നീ കവിതയിൽ നിറയ്ക്കും
പ്രണയം പൂക്കുന്ന താഴ്‌വര
വരികൾക്കിടയിൽ പറന്നിറങ്ങി
ചിറകൊതുക്കി തൊട്ടുരുമ്മി
നിൽക്കും .
ഒറ്റയ്ക്ക് കത്തുന്ന പാതിരാവിനെ
നമ്മൾ പകുത്തെടുക്കും .
ഓർത്ത് പെയ്യുവാൻ കവിതയിലെ
വരികൾക്കിടയിലൂടെ
നീ നടന്ന് കയറും .
അടർന്ന് വീഴുന്ന
ദുരിത ചിത്രങ്ങളുടെ
കാണാപ്പുറങ്ങളിൽ
ഉമ്മ വച്ചുണരുന്ന തീക്കൊടുങ്കാറ്റിനെ
കൈക്കുടന്നയിൽ കോരിയെടുത്ത്
അഗ്നിനക്ഷത്രങ്ങൾ കടലാഴങ്ങളിൽ
കവിത കൊത്തുമ്പോൾ .
വേട്ടനായകൾക്കിടയിൽ നിന്നും
ചവിട്ടികുതിച്ചുയർന്ന വാക്കുകൾ
നമുക്ക് കാവലാകും
പരിചയപ്പെട്ടൊരു നിമിഷത്തെ
കൊതിയൊതുക്കി മഴമേഘപ്രാവുകൾ
കുറുകുന്ന കാറ്റാടി മരത്തണലിൽ
നമ്മളൊന്നിച്ച് ഒരു കവിതയായ്
വിടരും……