രചന : കുന്നത്തൂർ ശിവരാജൻ ✍
വഴിയരികിലെ വീട് തന്നെ ഒരു അസ്വസ്ഥതയാണ്. ഇടയ്ക്കിടെയുള്ള ആംബുലൻസിന്റെ ശബ്ദം മരണത്തെ ഓർമ്മപ്പെടുത്തുകയാണ്.
അപ്പൂപ്പൻ ഇന്നലെയും മുറ്റത്തും താഴത്തെ തൊടിയിലും നടന്നതല്ലേ?
പാടത്തുനിന്ന് മടങ്ങി വരുമ്പോൾ മഴച്ചാറ്റൽ ഏറ്റിട്ട് ആകാം ചൂടും ചുമയും ഇന്ന് ലേശം കൂടുതലാണ്. എന്നിരുന്നാലും എന്തിനാണ് അധികം ഭയക്കുന്നത് ?
ഈ കർക്കിടകത്തിൽ അപ്പൂപ്പന് തൊണ്ണൂറ്റിമൂന്നു കഴിയും.
‘ ഭഗവാനെ അപ്പൂപ്പന് നൂറ് തികയ്ക്കണേ’
അവൾ പ്രാർത്ഥിച്ചു.
വടക്കതിലെ മാധവിക്ക് അപ്പൂപ്പനെ ഇഷ്ടമല്ല. ചെറുപ്പത്തിൽ അപ്പൂപ്പന് ഒത്തിരി ദുഷ്ടത്തരം ഒക്കെ ഉണ്ടായിരുന്നെന്ന് ഇടയ്ക്കൊ ക്കെ പറയും.
‘ കലികാലത്തില് ദുഷ്ടരുക്കല്ലേ രാധേ ആയുസ്സ് കൂടുതൽ?’
‘ മാധവി അങ്ങനെ പറയരുത്’
‘ അങ്ങേര് നിനക്ക് പൊന്നാകും…
അതുപോട്ടെ ചുമ കേട്ടിട്ട് കഫം ഉണ്ടെന്ന് തോന്നുന്നു. വീട്ടിലിട്ടേക്കാതെ എങ്ങോട്ടേലും കൊണ്ടുപോ’
‘ നോക്കട്ടെ വൈകിട്ട് കൊണ്ടുപോകാം. പനിക്കൂർക്കയും തുളസിയിലയും ഇട്ട് കഷായം വെച്ച് കൊടുക്കാനാ പറഞ്ഞത് ‘
‘ ഓ.. അത് കള…പോണേൽ പുതിയ ആശുപത്രി നല്ലതാണെന്ന് കേട്ടു.’
‘ അവിടെ സകലതിനും ടെസ്റ്റ് നടത്തണം. ഇല്ലാത്തതൊക്കെ പറഞ്ഞു ഭയപ്പെടുത്തും. അപ്പൂപ്പന് ഹാർട്ട് കാണില്ലെന്നും പറയും.’
ഒരു കണക്കിന് അതിലും ശരിയുണ്ടെന്ന് മാധവി മനസ്സിൽ ഓർത്തു.
പത്മത്തിന്റെ വീട്ടിൽ പാതിരാത്രിയിൽ എന്തിനാണ് ചെന്നത്?
മദ്യലഹരിയിൽ എന്തും ചെയ്യുമോ?
അവളുടെ ഭർത്താവിനെ ഒറ്റക്കുത്തിനല്ലേ കൊന്നത് ?
പത്മത്തിന്റെ നിലവിളി കേട്ട് തോമസ് എത്തിയപ്പോഴേക്കും അപ്പൂപ്പൻ ഓടിക്കളഞ്ഞു. ഇടതുകാൽ മുടന്തുള്ള അപ്പൂപ്പനെ മങ്ങിയ നിലാ വെളിച്ചത്തിലും ആരെന്ന് മനസ്സിലാക്കാൻ തോമസിന് ഒരുപാടും വന്നില്ല.
ആ രാത്രി പുലരും മുൻപേ അപ്പൂപ്പൻ തോമസിന്റെ വാതിലിൽ തട്ടി വിളിച്ചു.
‘ നീ ഒന്നും കണ്ടില്ല. മനസ്സിലായോ?
അതങ്ങനെയല്ലാന്ന് വച്ചാ പിന്നെ നീയുംകാണില്ല. നീ എന്റെ പിറകെ നാലു ചുവട് ഓടി വന്നില്ലേ? മനസ്സിലായല്ലോ? നീ ആരോടും കമാന്ന് മിണ്ടരുത് ‘
തോമസ് അടിമുടി വിറച്ചു പോയി. മുടന്തനെങ്കിലും അപ്പൂപ്പൻ ആജാനബാഹുവായിരുന്നല്ലോ’.
‘നീ വല്ലതും കണ്ടോ?’
അപ്പൂപ്പൻ ചോദിച്ചു.
‘ ഇല്ല’
തോമസ് പറഞ്ഞു.
പോലീസുകാർ തോമസിനെ അറസ്റ്റ് ചെയ്തിരുന്നു.
കൊന്നത് തോമസ് ആണെന്ന് പത്മ മൊഴി കൊടുത്തു.
കുറ്റം തോമസ് ഏറ്റില്ല.
പോലീസുകാർ തങ്ങും വിലങ്ങും തോമസിനെ ചതച്ചു.
പൊക്കം ഇല്ലാത്ത ഒരുവൻ വടക്കോട്ട് ഇരുളിലൂടെ ഓടിപ്പോയത് കണ്ടെന്നും ആളിനെ അറിയില്ലെന്നും തോമസ് പറഞ്ഞു.
എസ്.ഐ. തോമസിനെ വിരട്ടുകയും ചെറുതായി ഒന്ന് ഉരുട്ടുകയും ചെയ്തു.
പിന്നീട് കാലം എന്തൊക്കെ കണ്ടു?
പത്മ അപ്പൂപ്പന്റെ വെപ്പാട്ടിയായി.
തോമസിന് കേസിനും ചികിത്സക്കും ഇടയ്ക്കിടെ നിലം വിറ്റുപണം കൊടുത്തു.
മറ്റു സാക്ഷികൾ ഇല്ലാത്തതിനാലും കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിക്കാഞ്ഞതിനാലും കോടതി തോമസിനെ വെറുതെ വിട്ടു.
കുറെക്കാലം കഴിഞ്ഞപ്പോൾ തോമസിന് എന്തുകൊണ്ടോ ടി.ബി. പിടിപെട്ടു. പോലീസുകാരുടെ ഇടികൊണ്ടാണെന്ന് നാട്ടിൽ ശ്രുതി.
അയാൾ നാട് തോറും ചുമച്ചും കുരച്ചും ആക്രിയും പ്ലാസ്റ്റിക്കിന്റെ പാഴ് വസ്തുക്കളും ശേഖരിച്ചും വിറ്റും നടന്നു.
ഒടുവിലൊടുവിൽ…
വല്ല നാളും തോട്ടിൽ ഒന്ന് കുളിച്ചാൽ ആയി.
പള്ളിയിൽ പോകാതായി.
താടിയും മുടിയും വളർന്നു.
ദൂരെ നിന്ന് കണ്ടാൽ യേശുവിന്റെ പ്രതിരൂപം.
സൂര്യൻ ഉദിക്കുകയും അസ്തമി ക്കുകയും ചെയ്തുകൊണ്ടിരുന്നു.
വർഷവും ഗ്രീഷ്മവും മുറ തെറ്റാതെ വന്നുകൊണ്ടിരുന്നു.
എന്നോ പത്മ അപ്പൂപ്പന് ആരുമല്ലാ തായി .അപരിചിതയായി!
ഒരു സാക്ഷിക്ക് വന്ന പരിണാമമോ ?തോമസിനെ കണ്ടാൽ മിണ്ടാതായി. അപരിചിതനായി!
ഈ കൊച്ചുമകൾ മാത്രമാണ് അപ്പുപ്പനിൽ കുറ്റം കാണാത്തതെന്നും മാധവിയോർത്തു.
അപ്പൂപ്പന് ഈ പ്രായത്തിലും പാടവും പറമ്പും നോക്കി നടത്താനാവതുണ്ടല്ലോ.
‘ എന്താ… മാധവി ആലോചിക്കുന്നത്?’
രാധ തിരക്കി.
‘ ഓ.. ഒന്നുമില്ല. ആന്റിബയോട്ടിക് കൊടുക്കേണ്ടിവരും. എന്തേ? ഇപ്പോൾ ചുമ കേൾക്കുന്നില്ല.
എന്തുപറ്റി? ഒന്നു നോക്കടീ രാധേ ‘
രാധ മുറിയിലേക്ക് പോയി.
സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയിട്ടുണ്ട്.
കിഴക്കേ ആകാശച്ചെരുവിൽ കറുത്തു നീലിച്ച ഒരു മേഘം പറന്നു വരാൻ തയ്യാറെടുക്കുന്നുണ്ട്.
അപ്പൂപ്പന് പനി കൂടുമോ?
ഉത്തരത്തിലിരുന്ന് ഒരു ഗൗളി ചിലച്ചു. മാധവി ഏറ്റു ചിലച്ചു.
അപ്പോൾ അകത്തെ മുറിയിൽ നിന്ന് ഒരു നെഞ്ചത്തടിയും നിലവിളിയും ഉയർന്നു.
‘ അപ്പൂപ്പാ…!!’