ചായം തേയ്ക്കാത്ത അധരങ്ങൾ
രാത്രിയിൽ പ്രണയം തേടിയിറങ്ങും.
ഒപ്പം, പിൻതുടരുന്നവൻ്റെ
മിടിപ്പുകൾ പേറി ഞാനും.
തെരുവിലെ വിളറിയ കെട്ടിടങ്ങൾ
അധരങ്ങളെ കാണില്ല.
അവയാകട്ടെ
തുടുത്ത മുലകളെക്കുറിച്ചും,
ഒതുക്കമില്ലാത്ത
അരക്കെട്ടുകളെക്കുറിച്ചും
അശ്ളീലം പറഞ്ഞു ചിരിക്കും.
അപ്പോഴും ഇരുളിൽ കാക്കകൾ
കൊത്തിപ്പെറുക്കുന്നുണ്ടാവും.
അവയും അധരങ്ങളെ
കണ്ടെന്നുവരില്ല.
അവയാകട്ടെ
വിശപ്പിനെപ്പറ്റിപ്പറഞ്ഞ്
തർക്കിക്കും.
തെരുവിൽ പന്തലിച്ചുനിൽക്കുന്ന
മരം അതിന്റെ കൊമ്പുകളാൽ
അപ്പോഴായിരിക്കുമെന്നെ
ചേർത്തുപിടിക്കുക.
മരത്തിലേക്ക്
അലിഞ്ഞുചേരാനെന്നപോൽ
ഞാൻ ഏറെയേറെ
ചേർന്നുനിൽക്കും.
മിടിപ്പുകൾ നേർത്തുവരുമ്പോൾ
കെട്ടിടങ്ങൾക്കിടയിൽപ്പെട്ട്
ചതഞ്ഞരഞ്ഞുപോയ
അധരങ്ങളെ കാക്കകൾ
കൊത്തിത്തിന്നുന്നത് കാതുകളിലൂടെ
ഞാൻ കാണും.
കണ്ണുകളാവട്ടെ അപ്പോഴും
അധരങ്ങൾ അദൃശ്യമായിപ്പോയ
ഇടങ്ങളിൽ
അലഞ്ഞുതിരിയുന്നുണ്ടാവും!

സെഹ്റാൻ

By ivayana