ഒരു ഓഫ് റോഡ് യാത്രയിൽ
ജീപ്പിൽ നിന്നും മഷിക്കുപ്പി മറിഞ്ഞ്
അക്കേഷ്യാ തോട്ടങ്ങളിൽ വീണു.
കറുത്ത കാട്.
മഷി പുരണ്ട ദിനപത്രത്തിലിരുന്നാണ്
വിയർപ്പിൽ മുക്കിയെഴുതിയ പാട്ടുകൾ പാടിയത്.
വെള്ളം വലിച്ചെടുത്ത അക്കേഷ്യാ മരണത്തണലിൽ
പേനയാൽ
മഷിയൊപ്പുകൾ മായാതെ
മാസവേതനം കാത്ത്
നീണ്ട ഒറ്റവരിയിൽ വിയർക്കുന്നു.
നിര നിര
പെരുവഴികളിൽ
കൊടിയേന്തിയ ചോനനുറുമ്പുകൾ നീളേ പോകുന്നു.
കുടുംബം പുലർത്താൻ
കാട്ടു പക്ഷികൾ ചലിക്കുന്നതു കണ്ടു.
തലയിലൂടെ
കാട്ടുമരങ്ങൾ വേരിറങ്ങി
കണ്ണും കാതും വയറും മറന്ന് വേരിറങ്ങി.
നിലാവത്ത് പ്രലാപനങ്ങളുമായ്
തേവരുടെ ആന
കാട്ടിലെ തടി വലിയ്ക്കുന്നു.
വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിനേക്കാൾ
ഭാരത്തോടെയാണ്
അയാൾ മടങ്ങി വന്നത്.
ആര് ചോദിച്ചിട്ടും
അയാൾക്ക് മറുപടിയൊന്നും പറയാനില്ലായിരുന്നു.
തലയും വാലുമില്ലാത്തവൻ
എന്തു മറുപടി പറയാനാണ്?