രചന : പ്രിയബിജു ശിവകൃപ✍
മരണം എന്ന സത്യത്തെ ഉൾകൊള്ളാൻ ശ്രമിക്കുമ്പോഴെല്ലാം അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീർ ..
പ്രിയപെട്ടവരുടെ സാമിപ്യം ഇനി ഒരിക്കലും ഇല്ലന്ന സത്യം നെഞ്ചിനെ കീറിമുറിക്കുന്ന വേദന സമ്മാനിക്കുന്നു..
കളിക്കൂട്ടുകാരിയും കൗമാരത്തിലെ പ്രണയവും എല്ലാം മൃത്യുവിലൂടെ ഒരു മിഥ്യയായ് മാറിടുന്നു….
ജീവൻ തുടിക്കുന്ന രൂപത്തിൽ ഒരു നിമിഷത്തേക്ക് അവരൊന്ന് അരികത്തു വന്നിരുന്നെങ്കിൽ…
പറയാതെ ബാക്കി വെച്ചതെല്ലാം ഒരു തെളിനീർ മഴയായ് അവരിൽ പെയ്തിറങ്ങിയെങ്കിൽ…
ഒരിക്കലും സാക്ഷത്കരിക്കപ്പെടാത്ത വ്യാമോഹമായ് അവശേഷിക്കുന്നു നഷ്ടപ്പെട്ടവരുടെ സാമിപ്യം…..
ആരൊക്കെ കൈവിട്ടാലും വിട്ടുപോയാലും ഏറ്റവും ഒടുവിൽ നമ്മെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നത് ഒന്നേയുള്ളു
ശാശ്വതസത്യം മരണം….
എങ്കിലും ജീവിതം എന്ന പ്രഹേളികയെ സ്നേഹിക്കാത്തവരായും ആരുമില്ലല്ലോ…
.
സ്വന്തം എന്നു കരുതി വെട്ടിപ്പിടിച്ച സ്വത്തു വകകൾ ചേർത്തു പിടിച്ചു ആസ്വദിച്ചു ജീവിക്കുന്നതിനിടയിൽ മറ്റുള്ളവരെ സ്നേഹിക്കാൻ കൂടി മറന്നു പോവും
ആറടി മണ്ണ് മാത്രമാണ് നമുക്ക് സ്വന്തമാവുക എന്നു ഓർമ്മിപ്പിക്കാൻ കൂടി ആരുമില്ലാത്ത വണ്ണം സ്നേഹിക്കുന്നവരിൽ നിന്നും അകന്നു പോകും.
. ഒടുവിൽ മറ്റുള്ളവരെ തീരാദുഖത്തിലാഴ്ത്തി നമ്മെ കൂട്ടിക്കൊണ്ട് പോകുമെങ്കിലും മരണം മാത്രമാണ് നമ്മെ ഉറ്റു നോക്കിയിരിക്കുന്നത്.. ആത്മാർത്ഥതയോടെ സ്നേഹിക്കുന്നത്….
അതിനാൽ ജീവിക്കാൻ മറന്നുപോകാതെ…. സ്നേഹത്തോടെ ജീവിക്കണം…… ഉള്ള കാലമത്രയും സ്നേഹിച്ചു ജീവിക്കണം… പണത്തിനു മാത്രം വില കൽപ്പിക്കുന്ന ഒരു വലിയ സമൂഹത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്….
ഓരോരുത്തരും ഓരോ മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.. അതു തിരിച്ചറിയാതെ അവരെ കുറ്റപ്പെടുത്തി…. കൂടെനിൽക്കാതെ അവരെ ഒറ്റപ്പെടുത്തി… അങ്ങനെ നാം മുന്നോട്ടു പോയിട്ട് എന്തു പ്രയോജനം…
ഒരു രോഗവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ ഉള്ളറിഞ്ഞാൽ മനസാക്ഷിയുള്ളവർ സങ്കടപ്പെട്ടുപോകും… ഒന്നും പുറത്തു കാട്ടാനാകാതെ… മറ്റുള്ളവർക്ക് ഭാരമാകാനാഗ്രഹിക്കാതെ….
എങ്കിലും പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയില്ല എന്നറിയുന്ന നിമിഷം തകർന്നു പോവുന്ന അവരെ ചേർത്തു പിടിക്കാൻ ഒരാൾ ഉണ്ടെങ്കിൽ അതിലപ്പുറം സന്തോഷം അവർക്കു മറ്റൊന്നുമില്ല….
മറ്റു ചിലരുണ്ട്.. തങ്ങളുടെ ദുഃഖകാലങ്ങളിൽ തങ്ങളെ ചേർത്തുപിടിക്കുന്നവരെ നല്ല കാലം വരുമ്പോൾ തള്ളിപ്പറയുന്നത്…. അതിൽപ്പരം ഒരു ദ്രോഹമില്ല… സ്നേഹം വഞ്ചിക്കപ്പെടുമ്പോഴുണ്ടാകുന്ന ശൂന്യത അത്രമേൽ വലുതാണ്….
എന്നാൽ മരണത്തെ സ്നേഹിക്കുമ്പോഴും ജീവിതത്തെയും ചേർത്തുപിടിക്കണമെന്ന് മനസ്സിലാക്കി തന്നത് ജീവിതാനുഭവങ്ങളാണ്
ഒന്ന് കൂടിയുണ്ട്… എന്തൊക്കെ പറഞ്ഞാലും പണം എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്.. പണത്തിനു പണം തന്നെ വേണം. ഇല്ലാത്തവർക്ക് അപമാനവും വേദനകളും മാത്രം….✍️