വീട്ടില്‍നിന്നും ഇറങ്ങുമ്പോള്‍ രണ്ടുവയസ്സുകാരി ആമിക്കുട്ടി കുഞ്ഞിപ്പല്ലും കാട്ടി “ഛ്ചാ.. ഠായി… മ്മിക്ക്… ഠായി” എന്ന് പറയുന്നുണ്ടായിരുന്നു. കൊണ്ടുവരാംട്ടോ എന്നും പറഞ്ഞു ഇറങ്ങി നടക്കുമ്പോൾ എങ്ങോട്ടെന്നോ എന്തിനെന്നോ ലക്ഷ്യമുണ്ടായിരുന്നില്ല.
ഉണ്ടായിരുന്ന ജോലി നഷ്ടമായിട്ട് ഒരുമാസം കഴിഞ്ഞു. അല്ലെങ്കിലും ചിലവും വീട്ടു വാടകയും കൊടുത്തു കഴിഞ്ഞാല്‍ കൈയിൽ ബാക്കിയൊന്നും ഉണ്ടാകാറില്ല.
മൂന്ന്‌ വര്‍ഷം കഴിഞ്ഞു അവൾ കൂടെ കൂട്ടായി വന്നിട്ട്.
“പ്രേമം തലക്ക് പിടിച്ച നേരത്ത് പറ്റിയ അബദ്ധമാ… “എന്ന് അവൾ ഇടയ്ക്കിടെ കളിയായി പറയും.
അബദ്ധം… ആ വാക്ക് നെഞ്ചില്‍ കൊളത്തി വലിക്കും. ജോലികൂടി പോയതോടെ അന്നത്തിനുതന്നെ വഴിമുട്ടി തുടങ്ങി. അങ്ങനെ ഒരുത്തൻ അബദ്ധമല്ലാതെ മറ്റെന്താവാന്‍?!
വലിയ മോഹങ്ങളൊന്നുംതന്നെ ഇല്ലാത്ത ഒരു പാവമാണവള്‍. ഇടയ്ക്കിടെ കൂട്ടുകാരുടെ സ്റ്റാറ്റസൊക്കെ നോക്കി അവൾ പറയും നമുക്കും പോകണം ഷോപ്പിങ് മാളിലും കടൽ കാണാനും അങ്ങനെ ഒത്തിരി യാത്രകള്‍.
എന്നിട്ട് വേണം കുറെ സെല്‍ഫി എടുത്ത് സ്റ്റാറ്റസ് ഇടാൻ. കൂട്ടുകാർ എല്ലാവരുമുള്ള ഗ്രൂപ്പിലും അയക്കണം.
ഓരോന്ന് ആലോചിച്ച് ബസ് സ്റ്റോപ്പ് എത്തിയത് അറിഞ്ഞില്ല.
എങ്ങോട്ട് പോകണമെന്ന് അറിയില്ല. പൊട്ടി പൊളിഞ്ഞ ആ സിമന്റ് തിണ്ണയില്‍ എത്ര നേരമങ്ങനെ ഇരുന്നെന്ന് ഒരു പിടുത്തവുമില്ല.
പെട്ടന്ന് സ്ഥലകാല ബോധം തിരികെയെടുത്ത് അവിടെ നിന്ന് എഴുന്നേറ്റു.
മുന്നില്‍ ഒരു തെരുവുനായ എന്തോ ഒന്ന് കടിച്ചു വലിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അടുത്ത് ചെന്നുനോക്കി. ഒരു ബിസ്കറ്റ് പാക്കറ്റ് ആണെന്ന് തോന്നുന്നു അത്.
പെട്ടന്ന് ആമിക്കുട്ടിയുടെ മുഖമാണ് മനസ്സിൽ വന്നത്. ഞാൻ ചെല്ലുന്നതും കാത്തിരിക്കുന്നുണ്ടാവും അവൾ. വീണ്ടും നോട്ടം ബിസ്കറ്റ് പാക്കറ്റിലോട്ടായി.
ഇല്ല പൊട്ടിയിട്ടില്ല.
അടുത്തുകണ്ട കാല്ലെടുത്ത് നായക്ക് നേരെയെറിഞ്ഞു അതിനെ ഓടിച്ചു.
മനസ്സില്ലാ മനസ്സോടെ എന്നെ നോക്കി എന്തൊക്കെയോ മോങ്ങി അത് പതിയെ പിന്‍വാങ്ങി.
വേഗം വീട് എത്താനായി നടക്കും നേരം വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചപ്പുറത്തെ കുറ്റിക്കാട്ടിൽ നിന്നും നായ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
അതിനു ചുറ്റും നാലു കുഞ്ഞു നായകുട്ടികളും..
കണ്ടില്ലെന്നു നടിച്ച് രണ്ടടി കൂടി മുന്നോട്ട് വെച്ചു. പക്ഷേ കഴിയുന്നില്ല.
ആമിക്കുട്ടിയുടെ അതേ മുഖമാണ് അവര്‍ക്കും. തിരികെ നടന്നു..
കൈയിലിരുന്ന പാക്കറ്റ് പൊട്ടിച്ച് ഓരോരോ ബിസ്കറ്റ് ആയി അവര്‍ക്കിട്ടു കൊടുത്തു.
പുറകില്‍ ഒരു ബൈക്ക് നിറുത്തുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്‌. രണ്ടു ചെറുപ്പക്കാര്‍ ഫോണിൽ വീഡിയോ എടുക്കുന്നു.
സോഷ്യൽ മീഡിയ നിറയെ ഇപ്പൊ ഞാനാണ്.
“മനുഷ്യത്വം മരിച്ചിട്ടില്ല..
ഈ മനുഷ്യന്‍ തെരുവ് നായയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും..
ഇങ്ങനെയും മനുഷ്യർ..”
എന്നൊക്കെ തലക്കെട്ട് വെച്ച് ഞാൻ അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്.
പിറ്റേന്നുത്തന്നെ വീടു തിരഞ്ഞു കുറെ പേരെത്തി..
എല്ലാവര്‍ക്കും സെൽഫി എടുക്കണം
” പ്രമുഖനോടൊപ്പം “…
കുടുംബത്തെ കൂടെ നിറുത്തി എടുക്കാൻ പറ്റുമോ എന്ന് ചിലര്‍..
റീച്ച് കൂടുമെത്ര..
രാത്രി അവളോട് ചേര്‍ന്ന് കിടക്കുമ്പോള്‍ അവന്‍ പതിയെ അവളോട് ചോദിച്ചു
” പെണ്ണേ ഇനിയും നിനക്ക് സെൽഫി എടുക്കണോ?”
നിറഞ്ഞ കണ്ണുകളോടെ ഒരു ചോദ്യം മാത്രമേ അവള്‍ക്ക് ഉണ്ടായിരുന്നുള്ളു.. “അതിലൊരെണ്ണമെങ്കിലും നമ്മുടെ മോള്ക്ക് കൊടുക്കാമായിരുന്നില്ലേ?”
“അത് അവരുടേതാണ്..
നമ്മുടെ അല്ല..
കള്ളനാ ഞാൻ”
അവന്റെ മറുപടി കേട്ട് ഒന്നും മനസ്സിലാവാതെ അവൾ,
പ്രമുഖനോടൊപ്പം.

ജിസ്നി ശബാബ്

By ivayana