രചന : ജ്യോതിശ്രീ. പി. ✍
നോക്കൂ,
തോരാത്ത മഴയുടെ
അലിയാത്ത
മഴവില്ലിൽ തൊട്ടാണ്
നീയെന്നിലേക്കൊരു
കടൽവരച്ചുവെച്ചത്!
തീരാത്ത മഷിയുടെ
അവസാനത്തെ
തുള്ളികളെയും
കോരിയെടുത്താണ് ഓരോ മണൽത്തരികളിലും
എന്റെ പേരെഴുതിയത്!
കാത്തിരിപ്പുകൾ
എത്ര വന്നു മുട്ടിവിളിച്ചാലും
തുറക്കാനാകാത്തപാകത്തിൽ
എന്നെ വെൺശംഖിലൊളിപ്പിച്ചു
നെഞ്ചോടു ചേർത്തത് !
വെയിൽച്ചീളുകളെ
കണ്ണിലെ
തൂവൽമേഘങ്ങളാക്കി
കാറ്റിന്റെ വിരലുകളിലേയ്ക്ക്
പതിയേ..
പകലിരമ്പങ്ങളെ
ആകാശത്തിന്റെ ഇടുങ്ങിയ
വളവുകളിലേക്ക്
തൊടുത്തുവിട്ടു
നീയെന്റെ മുടിയിഴകളിലേക്കടർന്നങ്ങനെ..
തിരകളുടെ വേരുകളിൽ
നാം പൂവിടുന്നു..
ഉച്ചവെയിലിന്റെ
പകൽച്ചിത്രങ്ങളിൽ
വാടാതെ
രണ്ടു പുഞ്ചിരികൾ
തളിർക്കുന്നു.
സന്ധ്യകളുടെ കവിളുകളിൽ
നമ്മുടെ വിരൽപ്പാടുകൾ!!
ആയിരം തവണ ചുംബിച്ചിട്ടും
മതിവരാതെ നീ വീണ്ടുമെന്നേ ജലകണികകളാൽ മൂടുന്നു..
എഴുതിത്തീരാത്ത കവിതയേയൊരു
വയലറ്റുപൂവ് മൃദുവായ്ത്തൊടുന്നു..
എന്നിട്ടും,
എന്നെയൊരു തുള്ളി
തിരമാലച്ചോട്ടിലുറക്കി
നീയെന്തിനാണ്
മൗനപ്പരപ്പുകളിലേക്ക്
നടക്കാനിറങ്ങിയത്?
അസ്തമയ സൂര്യന്റെ
കൈവെള്ളയിൽ
ഉപ്പുവെള്ളം കൊണ്ട്
കുത്തിവരച്ചത്?
ഓരോ അണുവിലും
തങ്ങിനിന്ന പൂക്കാലത്തെ
തിരിച്ചുചോദിച്ചത്?
നിമിഷങ്ങളിലേക്കിറ്റുവീണ
സ്വപ്നങ്ങളെ
മഴപ്പാറ്റകളെന്ന് വിളിച്ചത്?
അവസാനം,
നീ പറയുന്നു
എന്റെ കടൽ
ഒരു
നുണയാണെന്ന്!!
ഒരു നുരയുമെന്റെ കാലുകളിലുമ്മവെയ്ക്കില്ലെന്ന്!!
നോവാറ്റാൻ ഒരു കാറ്റും പിറക്കില്ലെന്ന്!!
ഒരു ഋതുവും
എന്നോടിണങ്ങില്ലെന്ന്!!
ഇനി ഞാൻ നടക്കട്ടെ,
മെല്ലെയുരുകുന്ന
നിലാവിനെയുമേന്തി ഞാൻ
കാണാത്തൊരെന്റെ
ഭൂപടം തിരയട്ടെ,
കടലാഴങ്ങളിലെങ്കിലും
അത്
ജനിച്ചിട്ടുണ്ടാകുമോ?