രചന : ജോയ് പാലക്കമൂല ✍
തൂലിക മൺവെട്ടിയാക്കി,
തോളത്തു വച്ചിറങ്ങിയതാണ്
മഴയും മരണവും പ്രണയവും
ഒഴുകിയെത്തിയ പാടത്തേയ്ക്ക്
മലവെള്ളപ്പാച്ചിലിൽ നിന്ന്,
കവിതയെ രക്ഷിക്കാൻ…
എഴുത്തിൻ്റെ കനാലിലെ,
മടയടക്കാനുള്ള പോക്കാണ്
വാക്കുകൾ കൊണ്ടു
വരമ്പു തീർത്തതിൻ്റെ,
നിദ്ര മുറിഞ്ഞ ആലസ്യത്തിൻ്റെ,
പരിഭവം പറഞ്ഞെന്നിരിക്കും
മല മറിച്ചവനേപ്പോലെ,
മാറിലെ വിയർപ്പു തുടയ്ക്കും
ഇടയ്ക്കൊന്നു തൂമ്പയുടെ
ഇളക്കം മാറിയെന്നുറപ്പിക്കും
വിളഞ്ഞുതുടങ്ങിയ വരികൾ,
വെള്ളത്തിലായെന്ന് മുറവിളിയിടും
നട്ടെല്ലുവളച്ചൊരു സാഷ്ടാംഗവീഴ്ചയും.
പുരസ്ക്കാരപേക്ഷയാണത്.