രചന : സിന്ധു മനോജ് സിന്ധുഭദ്ര ✍
പ്രണയത്തെ കുറിച്ച്
ഏഴാം ക്ലാസുകാരി
കവിത എഴുതിയത്
കണ്ടപ്പോഴാണ്
അവർക്കാശ്ചര്യം ഉണ്ടായത്
എന്നാൽ
പ്രണയത്തിൽ മുങ്ങി നിവർന്ന
നാല്പതിനോടടുത്തവളുടെ
വരികൾ വായിച്ചപ്പോൾ
അവരതിൽ അവിഹിതം കണ്ടെത്തി
പിന്നെ അടക്കം പറച്ചിലായി
വിചാരണയായി
വക്കീലും കോടതിയുമില്ലാതെ
പ്രതിയെ കണ്ടെത്തി
സദാചാര കമ്മറ്റിക്കാർ
താക്കീതും നല്കി
പ്രണയമെന്നത് കേവലം
അവിവാഹിതർ തമ്മിൽ
ഉണ്ടാവേണ്ട വികാരമാണെന്നും
മറ്റുള്ളതൊന്നും ശരിയല്ലെന്നും
വിധിയെഴുതി
അവരുടെ പ്രണയം പാതിവഴിയിൽ
പിരിഞ്ഞപ്പോൾ പിന്നെയവൾ
മരണത്തെ കുറിച്ചെഴുതിത്തുടങ്ങി
വായിച്ചവർ വീണ്ടും അടക്കം പറഞ്ഞു
പ്രണയ നൈരാശ്യമെന്ന്..
ഒടുവിലവൾ ഒരു കവിതയിൽ
ആത്മഹത്യ ചെയ്തു.
തെളിവെടുപ്പിനായി പിന്നെയും
അവർ കവിത പലകുറി വായിച്ചു
മുറിവേറ്റ ഒരു ഹൃദയം മാത്രമാണ്
കണ്ടുകിട്ടിയത്…
എവിടെയെങ്കിലും
ഒരു അവിഹിതം കണ്ടെത്താനായി
വരികൾ ഇഴകീറി പരിശോധിച്ചും
ഏറെ വിശകലനം ചെയ്തും
കവിത ഉളളു പൊള്ളിച്ചപ്പോഴാണ്
പ്രണയത്തിൻ്റെ തീവ്രത അവരറിഞ്ഞതും
കവിത പിന്നെ ശ്രദ്ധിക്കാതായതും..
പ്രണയത്തിന് പ്രായമില്ലെന്നും
എല്ലാ പ്രണയവും അവിഹിതമല്ലെന്നും
രണ്ട് ഹൃദയങ്ങളുടെ കൂടിച്ചേരലാണെന്നും
മുദ്ര വെക്കുന്ന ഒരു കാലം വരും
വിഹിതവും അവിഹിതവും നോക്കാതെ
പ്രായവും കാലവും നോക്കാതെ
പണ്ടുകാലം തൊട്ടേ
പ്രണയം കവിതക്കുള്ളിൽ സ്വതന്ത്രയാണ്
ഇനിയും അത് തുടർന്നു കൊണ്ടേയിരിക്കും.
✍️🌧️