രചന : പ്രിയബിജു ശിവകൃപ ✍
രാധേയാ…..
നിന്റെ കണ്ണുകൾ ഒരിക്കൽ പോലും നനഞ്ഞു കണ്ടില്ല. പകരം അവിടെ തീവ്രതയും കാരുണ്യവും സ്നേഹവും ആത്മാർത്ഥതയും മാത്രം കണ്ടു.
എന്നിട്ടും നിന്നെ സ്നേഹിക്കാനും അംഗീകരിക്കാനും ഒരു ദുര്യോധനൻ വേണ്ടി വന്നു
ഭൂമിയിലേക്ക് വെളിച്ചം കാണിച്ച മാതൃത്വം നിന്നെ ത്യജിച്ചപ്പോഴും നീ ആർത്തു കരഞ്ഞില്ല… പാൽപുഞ്ചിരി പൊഴിച്ചു നിന്റെ ഓമനത്വം നീ വെളിപ്പെടുത്തി..
നിന്റെ നിഷ്കളങ്കമായ കുഞ്ഞുമുഖത്തെ സ്നേഹ ചുംബനങ്ങളാൽ പൊതിഞ്ഞു മാറോടടുക്കി പിടിച്ചു വളർത്തിയ അതിരഥനും രാധയ്ക്കും മാത്രം നീ പോന്നോമനയായി…
നിന്റെ ജീവിതത്തിൽ മാത്രം ദീർഘ സന്തോഷങ്ങൾ ഉണ്ടായില്ല…
ആരും അംഗീകരിച്ചില്ലെങ്കിലും നിന്നോളം സാമർഥ്യം ആർക്കാണുള്ളത്. ബ്രഹ്മാസ്ത്ര പരിശീലനത്തിനായി ചെന്ന അവഹേളിച്ച ദ്രോണരുടെ മുന്നിൽ പരശുരാമന്റെ ശിഷ്യനായിയെങ്കിലും നിന്റെ തികഞ്ഞ ഗുരുഭക്തിയും അർപ്പണബോധവും ധൈര്യവും നിനക്ക് വിനയായില്ലേ…
ഗുരുശാപം ഏറ്റുവാങ്ങിയിട്ടും ഒരിക്കലും നിന്റെ ഉള്ളിന്റെ ഉള്ളിലെ ധീരത എന്നും നിറഞ്ഞു നിന്നിട്ടേയുള്ളു… പലകുറി സഹോദരങ്ങളാലും ബന്ധു ജനങ്ങളാലും ഏറെ അപമാനിതനാകേണ്ടി വന്നിട്ടും പെറ്റമ്മ പോലും നിനക്കായി ശബ്ദമുയർത്തിയില്ല…
സൂര്യപുത്രനായിട്ടും സൂതപുത്രനായി നീ അറിയപ്പെട്ടു.കൗന്തേയനായി ജനിച്ചിട്ടും കൗരവ പക്ഷത്തു നിന്നു ബന്ധു ജനങ്ങളെ എതിർക്കേണ്ടി വന്ന ഹതഭാഗ്യനായി നീ…
അപ്പോഴും നീ തളർന്നില്ല…സൗഹൃദത്തിന്റെ പുതിയ തലങ്ങൾ ലോകത്തിനു സമ്മാനിച്ച പുതിയൊരു കൂട്ടുകെട്ട് അവിടെ പിറന്നു. നിന്റെ ഉറ്റ ചങ്ങാതിയായി ദുര്യോധനൻ. തിന്മയുടെ രാജാവായിരുന്നെങ്കിലും നിന്നെ ചേർത്തുപിടിക്കാൻ ഉണ്ടായ ഒരേ ഒരാൾ..
നന്മയുടെ വിളനിലങ്ങളായ പാണ്ഡവർ പോലും നിന്നിലെ അവരുടെ രക്തത്തെ തിരിച്ചറിയാതെ നിന്റെ യോഗ്യതയെ ചോദ്യം ചെയ്തപ്പോൾ പെറ്റമ്മ പോലും മൗനം പാലിച്ചു നിന്നു..
ധർമ്മിഷ്ഠനും ദയവായ്പുള്ളവനും ധൈര്യവാനും ഒക്കെ ആയിട്ടും ജീവിതത്തിൽ കദനത്തിന്റെ കയ്പ്പുനീർ കുടിക്കാൻ മാത്രം വിധിക്കപ്പെട്ടവനായി നീ…
ദ്രുപദ രാജകുമാരിയെ വേൾക്കാൻ ഏറെ ആഗ്രഹിച്ച നിന്നെ അപമാനിച്ചു വിട്ട അവളുടെ ജീവിതവും ഒരുപാട് അപമാനങ്ങൾ ഏറ്റുവാങ്ങി പിന്നീട്..
തന്റെ മകന്റെ വിജയത്തിനായി ദേവരാജൻ ഇന്ദ്രന്റെ കുതന്ത്രത്തിൽ പെട്ട് കവചകുണ്ഡലങ്ങൾ ദാനം ചെയ്യുമ്പോഴും നിന്റെ മനസ്സിൽ ഒരു തരി കളങ്കമില്ലായിരുന്നു.
നിന്നോളം ധീരതയും ആദർശങ്ങളും മഹാഭാരതത്തിൽ മറ്റാർക്കും കണ്ടിട്ടില്ല…
തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തി പാണ്ഡവരുടെ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാൻ കൃഷ്ണൻ നിന്നോട് അഭ്യർത്ഥിച്ചിട്ടും
കുന്തിയുടെ മൂത്ത പുത്രനാണെന്ന് നിന്നോട് വെളിപ്പെടുത്തിയിട്ടും . നിന്റെ പിതാവ് സൂര്യദേവനാണെന്ന് വെളിപ്പെടുത്തിയിട്ടും നീ പാണ്ഡവരുടെ മൂത്ത സഹോദരനാണ് എന്നോർമ്മപ്പെടുത്തിയിട്ടും നീ കുലുങ്ങിയില്ല
യുധിഷ്ഠിരൻ തന്റെ കിരീടം തനിക്ക് നൽകുമെന്നും നേരത്തെ നിന്നെ നിരസിച്ച ദ്രൗപതി ഭാര്യയാകുമെന്നും . കൂടാതെ, തന്റെ സുഹൃത്തിന് കിരീടം ലഭിക്കുന്നത് കണ്ട് ദുര്യോധനൻ സന്തോഷിക്കുമെന്നും ശ്രീകൃഷ്ണൻ പറഞ്ഞിട്ടും നിന്റെ ആദർശങ്ങൾ നീ പണയം വച്ചില്ല..
കാരണം ആരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയപ്പോൾ ദുര്യോധനൻ നിന്നെ സഹായിച്ചു. ദുര്യോധനനെ ഒറ്റിക്കൊടുക്കാൻ നീ കൂട്ടു നിന്നില്ല.
പക്ഷെ ഇത്രയുമൊക്കെ ഉണ്ടായിട്ടും നീ തിന്മയുടെ ഭാഗത്തു ചേർന്ന് നിന്നതിനാൽ നിന്റെ ദുർവിധിയെ നീ കൂടുതൽ സഹായിക്കുകയാണ് കർണ്ണാ നീ ചെയ്തത്.. ഈ മണ്ണിൽ നിന്നും പോകും വരെയും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച നീ ഇന്നിന്റെ മാതൃക പുരുഷനാണ്…
ഇന്നത്തെ സമൂഹത്തിൽ കർണ്ണന്മാരില്ല.. ദുര്യോധനന്മാരെയുള്ളൂ… നേരിന്റെ വഴിയേ സഞ്ചരിക്കാൻ ആഗ്രഹമുണ്ടെങ്കിൽക്കൂടി അതിനെ തടയിട്ട് പുതിയ പുതിയ ആസുര ശക്തികളെ സൃഷ്ടിക്കുന്ന ദുര്യോധനന്മാർ…
എങ്കിലും ആഗ്രഹിച്ചു പോകുന്നു. കർണ്ണൻ വീണ്ടും വന്നെങ്കിൽ ✍️