രചന : ബീഗം✍
അവൾ ചെന്നെത്തുന്ന
ഇടങ്ങൾ
മഴ കാത്ത വേഴാമ്പലുകൾ
കൂട്ടം കൂടിയിട്ടുണ്ടാവും
അകത്തളത്തിൽ നിന്നും
അത്താഴ പട്ടിണിക്കാരുടെ
പതിഞ്ഞ ശബ്ദത്തിൻ്റെ
മൂളൽ കാതിൽ
മുഴങ്ങുന്നുണ്ടാവും
നിസ്സഹായതയുടെ നീരിറ്റു
വീണ കണ്ണുകൾ
അവൾക്കു ചുറ്റും
വലയം ചെയ്തിട്ടുണ്ടാവും
കീറി പറിഞ്ഞ
കുപ്പായത്തിൻ്റെ
ദൈന്യതകൾ
കണ്ണിലൊരു പുഴ
ഒഴുക്കുന്നുണ്ടാവും
രാവിൻ്റെ പാതി മയക്കത്തിൽ അട്ടഹാസങ്ങളുടെ
ഇടിമിന്നലേറ്റതിനാൽ
ഉറക്കം തൂങ്ങുന്ന പകലുകൾ
കഥ പറയാൻ
കാത്തിരിക്കുന്നുണ്ടാവും
കടം പറഞ്ഞ പ്രഭാതങ്ങളിൽ
വീട്ടാക്കടങ്ങളുടെ ദൈന്യത
ശിരസ്സ് കുനിച്ച്
നില്ക്കുന്നുണ്ടാവും
ലഹരിത്തീ പടർന്നു പിടിച്ചു
പൊള്ളലേറ്റ കൗമാരങ്ങൾ
ആശ്വാസമഴക്കായ്
കാത്തിരിക്കുന്നുണ്ടാവും
ഉച്ചനേരങ്ങൾക്കായി
കാത്തിരിക്കുന്ന
ഉദര പിടച്ചിലും
കീറി പറിഞ്ഞ
പുസ്തകസഞ്ചിയുടെ
ആത്മകഥയും
തുള വീണ കുപ്പായങ്ങളുടെ
അപമാനഭാരവും
അനാഥത്വത്തിൻ്റെ
നെടുവീർപ്പുകളും
ചേർത്തു പിടിക്കാൻ
‘ കൊതിക്കുന്ന
നിസ്സഹായതയുടെ
മരവിച്ച നോട്ടങ്ങളും
അവഗണിക്കാൻ
അവൾക്കാവില്ല
ഒരു തണൽമരമാകാൻ
വേരുകൾ പടർത്തി
നില്ക്കുകയാണവൾ
ഒരു കൂട്ടം കിളികൾക്ക്
ചില്ലകളൊരുക്കി
കാത്തിരിക്കുകയാണവൾ