രചന : പി. സുനിൽ കുമാർ✍
അമ്മ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു ഉയരം കുറഞ്ഞ വാതിലായാണ് അനുഭവപ്പെടുക..!!
അവിടെയെത്തുമ്പോൾ
ആരായാലും ഒന്ന് തല കുനിച്ചു മാത്രമേ അകത്തു കടക്കുകയുള്ളൂ…
അമ്മയുടെ മരണം ഒരു പക്ഷേ
ഒരു മനുഷ്യന്റെ ജീവിതത്തിലെ
ഒരു വലിയ വെല്ലുവിളി തന്നെയാണ്…
അവിടെ വച്ച് ജീവിതം രണ്ടായി പിരിയുകയാണ്…
അമ്മയോടൊപ്പമുണ്ടായിരുന്ന
ഒരു ജീവിതവും…
അമ്മ കൂടെയില്ലാത്ത
ഒരു ജീവിതവും..
“സാരമില്ല മോനെ” എന്നത് അമ്മയ്ക്ക് മാത്രമറിയാവുന്ന സാന്ത്വനത്തിന്റെ മന്ത്രധ്വനിയാണ്..
ലോകത്തിൽ ഇതു വരെ കണ്ടു പിടിച്ച ഒരു തെറാപ്പിയ്ക്കുക്കും നൽകാനാവാത്ത
മായിക സാന്ത്വനമാണത്..
അമ്മ പോയതോടെ ഒന്ന് ഉള്ളു തുറന്നു പൊട്ടിക്കരയാൻ ഒരു ചുമലില്ലാതെ പോയി..
ഭാര്യയില്ലേ.. മകളില്ലേ, മകനില്ലേ,
ഉറ്റ സുഹൃത്തുകളില്ലേ എന്നൊക്കെ നിങ്ങൾ ചോദിച്ചേക്കാം..
പക്ഷേ അതൊന്നും അമ്മയ്ക്ക് ഒരിക്കലും പകരമാവുന്നില്ല..
എൽ.പി സ്കൂളിൽ പഠിക്കുമ്പോൾ മഴയത്ത് വെള്ളത്തിൽ കുറേ നേരത്തെ കളിക്ക് ശേഷമാണ് വീട്ടിലെത്താറ്.. നനഞ്ഞൊട്ടി പുസ്തകങ്ങളും കുതിർത്തു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കാണുന്ന സംഹാരരുദ്രയായ ഒരു അമ്മയെ ഓർക്കുന്നു ഞാൻ…!!!
അമ്മ കലി കൊണ്ടു നിൽക്കുകയാണ്…
പിന്നെ കൈ കൊണ്ടും വടികൊണ്ടും ഒരു വിധം
പ്രഹരിച്ചു കഴിയുമ്പോൾ അമ്മയ്ക്ക് തന്നെ സങ്കടം വരും.പിന്നെ മാറോടടുക്കി പിടിച്ചു തരുന്ന ഒരു ഉമ്മയുണ്ട്…!!!
എന്നിട്ട് വിതുമ്പിപ്പറയുന്ന ഒരു മന്ത്രമുണ്ട്..!!
“എന്റെ മോന് വേദനിച്ചോ..!!”
ദേഷ്യത്തിൽ നിന്ന് വാത്സല്യത്തിലേക്കുള്ള പകർന്നാട്ടമാണത്..
പിന്നെ അമ്മയുടെ മാറോടടുക്കി പിടിച്ച് വിതുമ്പുമ്പോൾ മഴയുടെ മണവും അമ്മയുടെ മണവും ഒന്നാണെന്ന് അറിയുകയായിരുന്നു
ആ ഗന്ധം ഇന്നും എന്റെ മനസ്സിൽ ഉറഞ്ഞു കിടക്കുന്നു..
അമ്മയുടെ മരണശേഷം നമുക്ക് മനസ്സിലാവുന്ന ചില കാര്യങ്ങളുണ്ട്.
എന്തു വന്നാലും ഒന്ന് അമർത്തി കരയാൻ ഒരു തോൾ ഇല്ല, ഒരു മാറില്ല,നമ്മെ ഒന്ന് തലോടാൻ രണ്ട് കൈകൾ ഇല്ല…!!
“സാരമില്ല മോനെ” എന്നു പറഞ്ഞാശ്വസിപ്പിക്കാൻ, അങ്ങനെ പറയാൻ… ഒന്നുമില്ല മോനേ ഞാനില്ലേ കൂടെ എന്നൊക്കെ നമ്മെ അമർത്തി നിർത്തി ആശ്വസിപ്പിക്കുവാൻ ഈ ഭൂമിയിൽ ആരുമില്ല…!!
ഇന്നും മഴയുടെ പെരുപ്പം കാണുമ്പോൾ എനിക്ക് കൊതിയാണ്…!!!
ആ മഴയിൽ എന്റെ അമ്മ ഉണ്ട്…!!
ആ മഴയുടെ മണം,
മഴയിൽ കുതിർന്ന മണ്ണിന്റെ മണം…!!
അതിലുള്ള അമ്മയുടെ മാറത്തെ വിയർപ്പിന്റെ ഗന്ധം…!!
മഴയുടെ മണം എന്റെ അമ്മയുടെ മണമാകുന്നത് അങ്ങനെയാണ്..
ആ മണവും ശ്വസിച്ച് മഴയുടെ ശബ്ദവും ശ്രവിച്ച് ഒന്നുകൂടി അമ്മയുടെ ഗർഭപാത്രത്തിലേക്ക് മടങ്ങണം….!!
അല്ലലുകൾ ഇല്ലാത്ത
ആ ലോകത്തിൽ അമ്മയുടെ ജീവന്റെ അംശവും പങ്കിട്ട് ചുരുണ്ടുകൂടി കിടക്കണം….!!
അടുത്ത ഒരു ജന്മമുണ്ടെങ്കിൽ
ആ ജന്മത്തിലും ആ അമ്മയുടെ തന്നെ മകനായി ജനിക്കാൻ.❤❤