ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

നീലരാവിലന്നുനിന്നെ, കാത്തിരുന്നൊരു
നീലനിലാവിൽ,മനസ്സിന്നൊടുവിലൊരു
നീറ്റലും തന്നുപോയൊരുനിറകൺചിരി
ഇപ്പോഴും കണ്ണിനുപിന്നിൽ തൈതാരം
കളിക്കുന്നുണ്ട് ചന്ദ്രികയിലെ കരിമുകിൽപോൽ.
ആളൊഴിഞ്ഞൊരു മധുരതെരുവിൽ
ആരേയും കാണാതെ മുന്നുംപിന്നും
പോയതോർക്കുന്നുവോ വിരഹമേ,
ഒരിക്കലുംവേർപിരിയില്ലെന്നൊരു
കപ്പത്തണ്ടിൻ മാലയിൽ,കളിയായ്,
കൊരുത്തൊരുജീവിതം തട്ടിതകർന്നു
പലവഴിക്കുപിരിഞ്ഞപ്പോഴെങ്കിലും.
ആളൊഴിഞ്ഞൊരുവീടിന്നകത്തളത്തിൽ
പാതിരാവിലൊരുമിന്നായംപോൽ,
കഥകളിപോൽ,കത്തുംകളിവിളക്കിന്മുന്നിൽ
ഒളിഞ്ഞുനോക്കിക്കടന്നുവന്നതും
പാലപ്പൂവിൻഗന്ധമാകെയുംഎനിക്കുചുറ്റും
വാരിവിതറിത്തന്നുപോയതും
ഓർക്കുന്നുവോപ്രണയമേ നീ.
ഒരുപാതിരാമയക്കത്തിൽ നനുത്തുവീശിയ
പാതിമയക്കത്തിന്നോർമ്മയിൽ
മന്ദമാരുതനിലൂടെയൊരുനുറുങ്ങു
മധുവൂറും മണിക്കിനാവായ്
എന്നരികിൽവന്നിരുന്നതും കൊഞ്ചിയതും
മറന്നുവോയെൻ പ്രണയമേ.
അന്നുനീപോകുമ്പോൾകാഞ്ചനകൗതുകവു-
മായി പ്രഭാകരൻ നിറച്ചാർത്തണിഞ്ഞതും
കിളികൾ കളമൊഴികൾ പൊഴിച്ചതും
വന്നിപ്പോഴും നിറയുന്നുണ്ടെൻമാനസത്തിൽ..
വിരഹമേ,ഒരുവേനലറുതിയിൽതീഷ്ണ-
വെയിലിലൊരു അഞ്ജലോട്ടക്കാരൻ
കൊണ്ടുവന്നൊരഞ്ജലിൽ പ്രണയമൊരു
പേക്കിനാവായ്,കൊണ്ടുപോയതും
മതംപറയുന്നതിന്നപ്പുറത്തേക്കൊന്നും
ചൊല്ലാനാവതില്ലെന്നു തേനൂറുംവാക്കിൽ പറഞ്ഞിട്ടും,
പറന്നകന്നേപോയ്‌, നീ പ്രണയമേ.
ജീവിതമാകും ദിനത്തിൽ, ചെഞ്ചായം
പൂശിയ സന്ധ്യയിൽ, വിരഹഗാനം പാടാൻ
എൻ പ്രണയംതേടി ഞാനിന്നുംതിരയുന്നൂ,
എവിടെയെങ്കിലും പാലപൂക്കുന്നനേരത്ത്
മന്ദമാരുതനിൽമുഴങ്ങും ചിലമ്പിൻനാദം
വന്നെത്തുമോയെന്നറിയാൻ, രാവിൻ
കുളിർമഞ്ചലിൽ,കാത്തിരിപ്പു ഞാൻ.
-0-

By ivayana