ഞാനെഴുതുന്നതെല്ലാം
ആപ്പിളും ഓറഞ്ചും മുന്തിരിയുമാകുന്നു
വിഷമടിക്കാത്ത ഒന്നാംതരം
പച്ചക്കറികളാകുന്നു…
എന്റെ എഴുത്തെല്ലാം
കാച്ചിലും ചേനയും ചേമ്പും കിഴങ്ങുമാകുന്നു
എന്റെ തൂലിക
നല്ലൊരു കൃഷിക്കാരനാകുന്നു
എന്റെ എഴുത്തുതാള്‍
നല്ലൊരു കൃഷിത്താളാകുന്നു….
ജീവിതം എന്റെ നാവില്‍ കൃഷിപാഠങ്ങള്‍
എഴുതിയിടുന്നു…
ഞാന്‍ ഞാറ്റുവേലകളായി
തെളിവിലൂടെയും മഴയിലൂടെയും പുറത്തുവരുന്നു…
ജീവന്റെ ഇടവേളകളില്‍
കാലത്തിലേക്ക്
ഒഴുക്കപ്പെട്ടനിലയില്‍ ഞാന്‍ എന്നെത്തന്നെ
വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു….
വാക്ക് ഒരാമാശയം വരയ്ക്കുന്നു
എന്റെ കവിത അതിലൊരു വിശപ്പു വരയ്ക്കുന്നു…
വാക്ക് ഒരു നിദ്ര വരയ്ക്കുന്നു
എന്റെ കവിത അതിലൊരു കിനാവു് വരച്ചുചേര്‍ക്കുന്നു…
ഞാന്‍ ഒരു നെല്പാടം വരക്കുന്നു
കവിത അതില്‍ കൊയ്ത്തുകാരെ വരക്കുന്നു
പിന്നെ നെല്ലും കറ്റയും
കൊയ്തും മെതിയും വരക്കുന്നു…
പത്തായവും അറപ്പുരയും തീനും കുടിയും
ആശാന്‍കളരിയും പള്ളിക്കൂടവും വരക്കുന്നു
ഒരു ബാല്യത്തില്‍ എന്നെ നിര്‍ത്തിവരച്ച്
എഴുത്തോലയും എഴുത്താണിയും പിടിപ്പിക്കുന്നു
കൂട്ടുകാരോടൊപ്പം
കളികളിലേക്കും നിറങ്ങളിലേക്കും
എന്നെ ഒഴുക്കിവിടുന്നു…
വാക്കുകളിലൂടെ ഞാനൊഴുകിപ്പോകുന്നു
കവിതയിലൂടെ ഞാനൊഴുകിപ്പോകുന്നു
എന്നിലൂടെ ഞാനൊഴുകിപ്പോകുന്നു
നിന്നിലൂടെ ഞാനൊഴുകിപ്പോകുന്നു….
ഇതാ ഇതാ ഞാനൊഴുകിപ്പോകുന്നു…..

Shangal G T

By ivayana