👩ഞാൻ വിവാഹമോചിതയായൊരു സ്ത്രീയാണ്,
എനിക്ക് രണ്ട് പെൺകുട്ടികളാണ്,
ഞാൻ ബന്ധം വേർപ്പെടുത്തിയിട്ട് ഇപ്പോൾ മൂന്ന് മാസമായി
ഞാനിപ്പോൾ വളരെ ഹാപ്പിയാണ് എനിക്ക് ചുറ്റും ഇപ്പോൾ ലക്ഷ്മണ രേഖയില്ല, സദാചാര ബോധമെന്ന ചങ്ങല പൂട്ടില്ല ,ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്ത് തോന്നുമ്പോൾ പോയി തോന്നുമ്പോൾ കയറി വരാം
ഞാൻ വാടക കൊടുക്കുന്ന എൻ്റെ വീട് ,ഏത് പാതിരാത്രി കയറി വന്നാലും നീയിത് വരെ എവിടെയായിരുന്നു എന്ന് അധികാരത്തോടെ ചോദിക്കാൻ ഇപ്പോഴാരുമില്ല, ഇങ്ങനെയൊരു ജീവിതമാണ് കഴിഞ്ഞ കുറെ നാളുകളായി ഞാൻ സ്വപ്നം കണ്ട് നടന്നത്
എൻ്റെ സന്തോഷം എനിക്കൊന്ന് ആഘോഷിക്കണം അതിന് ഞാൻ എൻ്റെ തിരക്കുകൾ കുറയാനായി കഴിഞ്ഞ മൂന്ന് മാസമായി കാത്തിരിക്കുകയായിരുന്നു
ഞാനെൻ്റെ പെൺമക്കളുമായി ഒരു ചെറിയ ട്രിപ്പ് പോകുകയാണ് ,എങ്ങോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല
ഞങ്ങൾ മൂന്ന് പെണ്ണുങ്ങളും കൂടി വലിയ മൂന്ന് ലഗ്ഗേജുകളുമായി സ്വന്തം കാറിൽ യാത്രയാവുകയാണ്
മക്കൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊക്കെ പോകണം
അവർക്ക് മതിയാകുമ്പോൾ തിരിച്ച് വരും ,എൻ്റെ മക്കൾ ചിറക് വിരിച്ച് പറക്കട്ടെ
കാഞ്ഞിരപ്പള്ളിയും മുണ്ടക്കയവും കുട്ടിക്കാനവുമൊക്കെ പിന്നിട്ട് ഞങ്ങൾ വാഗമണ്ണിലെത്തി
കോട പൊതിഞ്ഞ് പച്ച വിരിച്ച മൊട്ടക്കുന്നുള്ളിലേക്ക് ഒട്ടും ആയാസമില്ലാതെ ഞാൻ ഓടിക്കയറി
കുട്ടികൾ പക്ഷേ, പ്രയാസപ്പെട്ട് പതിയെ കയറി വരികയായിരുന്നു ,
പുതുതായി വന്ന ഗ്ളാസ്സ് ബ്രിഡ്ജിലൂടെ നടക്കുമ്പോൾ ഉള്ളിലൊരു ആന്തലുണ്ടായിരുന്നു
പക്ഷേ മനസ്സ് പറഞ്ഞു നീയെന്തിന് പേടിക്കണം? ,നീ കരുത്തയായൊരു സ്ത്രീയല്ലേ ,കൗമാരത്തിലേക്ക് കടന്ന രണ്ട് പെൺകുട്ടികളെ ആൺതുണയില്ലാതെ നീ നോക്കുന്നില്ലേ?വീട്ട് വാടകയും കറണ്ട് ബില്ലും കുട്ടികളുടെ പഠന ചിലവും എല്ലാം നീ ഒറ്റയ്ക്കല്ലേ മാനേജ് ചെയ്യുന്നത്?
അതേ, എൻ്റെ ആത്മവിശ്വാസമായിരുന്നു കഴിഞ്ഞ മൂന്ന് മാസമായിട്ടുള്ള എൻ്റെ വിജയം
ഗ്ളാസ്സ് ബ്രിഡ്ജിൽ നിന്നിറങ്ങിയപ്പോൾ വിശപ്പ് കലശലായി
കാറ് പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഒരു ഹോട്ടല് കണ്ടപ്പോൾ അവിടെ തന്നെ കയറി
മക്കളെ,, എന്താ വേണ്ടതെന്ന് വച്ചാൽ വാങ്ങിക്കഴിച്ചോ വിലയൊന്നും നിങ്ങള് നോക്കണ്ട നമ്മളിന്ന് അടിച്ച് പൊളിക്കും
ഞാൻ മക്കളെ പ്രോത്സാഹിപ്പിച്ചു
പക്ഷേ, അവർക്ക് വലിയ വിശപ്പില്ലെന്ന് തോന്നുന്നു ,സാധാരണ മീൽസ് ,പേരിന് മാത്രമാണ് അവര് കഴിച്ചത്
എന്നാൽ പിന്നെ നമുക്ക് നേരെ മൂന്നാർക്ക് വിടാം എന്ത് പറയുന്നു?
ഞാൻ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് മക്കളുടെ മുഖത്ത് നോക്കി ആവേശത്തോടെ ചോദിച്ചു
നമുക്ക് തിരിച്ച് പോകാം അമ്മേ ,,,
അവർ രണ്ട് പേരും ഒരുപോലെ പറഞ്ഞപ്പോൾ ഞാൻ അമ്പരന്ന് പോയി ,
അതെന്താ നിങ്ങൾ ടയേഡായോ?
ഹേയ്, അതല്ലമ്മേ, ഒരു മൂഡില്ല,
രണ്ട് വർഷം മുമ്പ് നമ്മള് വന്നത് അമ്മ ഓർക്കുന്നുണ്ടോ ?അന്ന് എന്ത് രസമായിരുന്നു ,തിരിച്ച് പോകാമെന്ന് പറഞ്ഞിട്ട്, ഞങ്ങള് സമ്മതിച്ചില്ലല്ലോ ?
അന്നത്തെ ആ ഒരു വൈബ് ഇന്നില്ല,
ഇന്ന് അമ്മ ചെയ്യുന്ന ഓരോ കാര്യവും യാന്ത്രികമായിട്ടാണ് തോന്നുന്നത്, ആരോടോ വാശി തീർക്കാൻ ചെയ്യുന്നത് പോലെ,,
ഓഹ് അന്ന് നിങ്ങടെ അച്ഛനുണ്ടായിരുന്നല്ലോ അല്ലേ?
അതേ അമ്മേ ,അന്ന് ഞങ്ങൾക്ക് അച്ഛനും അമ്മയുമുണ്ടായിരുന്നു അത് കൊണ്ട് യാതൊരു കുറവും ഞങ്ങൾക്ക് തോന്നിയില്ല, പക്ഷേ ഇന്ന് മറ്റ് കുട്ടികളൊക്കെ അമ്മയുടെയും അച്ഛൻ്റെയുമൊപ്പം ഓരോ റൈഡുകളിലും കയറുന്നത് കാണുമ്പോൾ ഞങ്ങൾക്കെന്തോ അനാഥത്വം ഫീല് ചെയ്യുന്നമ്മേ ,,
അത് കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരുന്ന് പോയി
അപ്പോൾ എൻ്റെ തീരുമാനങ്ങൾ തെറ്റായിരുന്നോ ? ഞാനെൻ്റെ മക്കൾക്ക് വേണ്ടി വാദിച്ചതും അവർക്ക് വേണ്ടി ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചതും മണ്ടത്തരമായിരുന്നോ ?എൻ്റെ ജീവിതം ഞാൻ ആഗ്രഹിച്ചത് പോലെ കൊണ്ട് വന്നപ്പോൾ എൻ്റെ മക്കൾ അസംതൃപ്തരാണോ?
ശരിയാണ് ഞാൻ ചിന്തിച്ചത് മുഴുവൻ എൻ്റെ മാത്രം സുഖ സൗകര്യങ്ങളെ കുറിച്ചായിരുന്നു ,മക്കളുടെ മനസ്സ് വായിക്കാൻ ശ്രമിച്ചില്ല ,അവരെ കുറ്റപ്പെടുത്താൻ കഴിയില്ല ,അമ്മയെ പോലെ തന്നെ അച്ഛനും അവർക്ക് വീക്ക്നസ് തന്നെയായിരിക്കും
തൻ്റെ എടുത്ത് ചാട്ടമാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധിക്ക് കാരണം, മക്കളെകുറിച്ച് ചിന്തിച്ച് കുറെയൊക്കെ വിട്ട് വീഴ്ച ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊന്നുമാവില്ലായിരുന്നു
മക്കളുടെ ജീവിതം അർത്ഥശൂന്യമാക്കിയിട്ട് തനിക്ക് മാത്രമായിട്ടെന്തിനാണൊരു ജീവിതം
വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഞാൻ മൊബൈലിൽ ഡിലിറ്റ് ചെയ്തിരുന്ന നമ്പർ വീണ്ടും ആഡ് ചെയ്തു
വാട്സാപ്പിൽ കയറി സേർച്ച് ബോക്സിൽ ഞാൻ മറക്കാൻ ശ്രമിച്ച പേര് തിരഞ്ഞു
ആദ്യ രണ്ട് സ്പെല്ലിങ്ങിൽ തന്നെ ആ പേര് തെളിഞ്ഞ് വന്നു ,അതിൽ വിരലമർത്തി അല്പനേരം ഞാൻ ആലോചിച്ചിരുന്നു
എന്നിട്ട് രണ്ടും കല്പിച്ച് ഒരു ഹായ് അയച്ചു
തൊട്ടടുത്ത നിമിഷം റിപ്ളേ വന്നു
ഹലോ നീ ഉറങ്ങിയില്ലേ ?
ഇല്ല ഉറക്കം വന്നില്ല
ഉം ഞാനും ഉറങ്ങുമ്പോൾ ഒരുപാട് വൈകും ,മക്കള് ഉറങ്ങിയോ?
ഇല്ലെന്ന് തോന്നുന്നു ,അവരുടെ റൂമിൽ ലൈറ്റ് കിടപ്പുണ്ട്
അങ്ങനെ ഞങ്ങളുടെ ചാറ്റിങ്ങ് നീണ്ട് പൊയ്ക്കൊണ്ടിരുന്നു ,നേരം വെളുക്കുമ്പോഴേക്കും ഞങ്ങൾ രണ്ട് പേരും പുതിയ ഒരു തീരുമാനത്തിലെത്തിയിരുന്നു
അതറിഞ്ഞ എൻ്റെ മക്കൾ എന്നെ കെട്ടിപ്പുണർന്നു ,അല്ലേലും മക്കൾക്ക് വേണ്ടി ജീവിക്കുമ്പോൾ വിട്ട് വീഴ്ചകളില്ലാണ്ട് പറ്റില്ലല്ലോ?

(പേരു വെളിപ്പെടുത്താത്തവൾ)

By ivayana