തുളു ഗോത്രത്തിൻ്റെ അമ്മദൈവമായ മലവേട്ടവരുടെ നെരിവീയമ്മയായ കപ്പോളത്തിയമ്മയുടെയാണ് രാമായണ മാസം.

പെറ്റ് പോറ്റുന്നവൾ
അമ്മയാകുന്നു.
കപ്പോളത്തി പെറ്റതും പോറ്റതും
നെറിവായിരുന്നു.
ജാതിവെറികൾക്കെതിരെ
അവളുടെ നെറിവുണർന്നപ്പോൾ,
തമ്പ്രാക്കളവളുടെ
സർവ്വാംഗം കൊതിച്ചു.
സർവ്വാംഗകൊതിക്ക്
അയിത്തമേയില്ല.
കപ്പോളത്തിക്കന്യയുടെ
ചർമ്മം പൊട്ടിക്കാൻ
അവർ ആവത് പണിയെടുത്തിട്ടും
അവൾ തടഞ്ഞുനിന്നപ്പോൾ,
അവർ ഇരുപതാമത്തെ
അടവു പയറ്റി
കപ്പോളത്തി വ്യഭി-
ചരിച്ചു പോൽ!
വ്യഭിചാരത്തിന് ശിക്ഷയുണ്ട്
തമ്പ്രാക്കൾ വിധിച്ചതും
കപ്പോളത്തി ചാരമായ് ഭവിച്ചു!
നെറിവിൻ്റെ അമ്മ
തുളുഗോത്രത്തിൻ്റെ അമ്മദൈവം
മലവേട്ടുവരുടെ നെറിവമ്മ
എന്നിട്ടും അമ്മച്ചാരത്തിൽ
ഒരു കനൽ ജ്വലിച്ചു.
ആയതുക്
ഗോത്രങ്ങൾ പൊഴിച്ച കണ്ണീർ
കർക്കിടപ്പേമാരിയായ് പതിച്ചു.
അങ്ങിനെയത്രെ കർക്കിടകവരവുനാൾ
കപ്പോളത്തിയമ്മ നാളായത്
മാബലിനാളായ ചിങ്ങത്തിരുവോണം
വാമനപ്പിറവിയായ്
ജൽപനം ചെയ്യുവോർ
കപ്പോളത്തിയുടെ
കർക്കിടനാളിനേയും വിഴുങ്ങിക്കളഞ്ഞു.
വിഴുങ്ങിയതിനു പകരമായ്
അവർ ഒരു ഗ്രന്ഥമുണ്ടാക്കി;
കർക്കിടകത്തിൽ പാരായണം ചെയ്യാൻ !

ജയപ്രകാശ് കെ ബി

By ivayana