കടലിന്റെ ദുഃഖം കടംകൊണ്ട കാർമുകിൽ
ആർത്തലച്ചലറിക്കരയുന്ന രാവിൽ
ചൂഴും പനിച്ചൂടിനുള്ളിൽ മുഖം പൂഴ്ത്തി
മൗനം പുതച്ചിരുൾക്കൂട്ടിൽ മയങ്ങവേ

ഞെട്ടറ്റു വീഴുന്നു പെരുമഴത്തുള്ളികൾ
വെട്ടിപ്പുളയുന്നു വെള്ളിടിപ്പിണരുകൾ
ദുർന്നിമിത്തത്തിൻ മുനകൊണ്ട കനവുകൾ
പേക്കിനാവോടം തുഴയുന്നു നിദ്രയിൽ

ഹുങ്കാരശബ്ദം മുഴക്കുന്നു മാരുതൻ
മുടിയാട്ടമാടുന്നു മാമരക്കാടുകൾ
സർവ്വംസഹയായ് നിലകൊള്ളുമുർവ്വിതൻ
മാറിൽ കനം തൂങ്ങിയിടറുന്ന നോവുകൾ

പുതുവെള്ളമൂറിത്തെളിഞ്ഞ പൂഞ്ചോലകൾ
മലവെള്ളമിളകിത്തുടിച്ച കാട്ടാറുകൾ
കരകവിഞ്ഞൊഴുകി പുഴയോളമായി
പെരുവെള്ളമൊഴുകിപ്പരക്കുന്നു ചുറ്റിനും

മഴനീരൂറ്റിക്കുടിച്ച മലമേടുകൾ
മദംകൊണ്ട മാമലക്കുന്നിൻ മടക്കുകൾ
കുന്നിന്റെ നെറുകിൽ വെമ്പിനിൽക്കുന്നു
തുള്ളിത്തുളുമ്പിയൊരു തീക്കടൽത്തുള്ളി

മലമടിത്തട്ടിൽ, ചെളിപൂണ്ടയുറവിൽ
ഉരുൾകുത്തി വെള്ളം മട പൊട്ടിവീണു
നെടുകെപ്പിളർന്നൊരു പെരുംചാലു കീറി
കുഴമണ്ണിലൊഴുകിപ്പൊലിഞ്ഞൂ കിനാക്കൾ

അടരുന്നു കൂറ്റൻ ശിലാഖണ്ഡപാളികൾ
ഇടിയുന്നു മാമലക്കുന്നിന്റെ തട്ടുകൾ
മലയൂർന്നടിഞ്ഞു,, ജലബോംബുടഞ്ഞു
ഒരുകോടി മാനവവിലാപം മുഴങ്ങി

ഇരുളിൻ കയങ്ങളിൽ മൃതി നൃത്തമാടി
ജലദൈവ,മഴുകും ശവം തിന്നു ചീർത്തു
കളിവാക്ക് തുന്നിയ കടലാസുവഞ്ചികൾ
കണ്ണീർക്കിനാവിൻ പ്രതിരൂപമായി..

വർഗീസ് വഴിത്തല

By ivayana