അറബിക്കടലിനും, സഹ്യപർവ്വതത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന, ഏറ്റവും വീതികൂടിയ ഭാഗത്ത്‌ വെറും 88 കിലോമീറ്റർ മാത്രമുള്ള; 8000 അടിവരെ ഉയരമുള്ള സഹ്യപർവതത്തിന്റെ നിറുകയിൽ നിന്ന് അറബിക്കടൽ വരെ കുത്തനെ ചരിഞ്ഞ് കിടക്കുന്ന, പ്രായേണ മണ്ണാഴമില്ലാത്ത റിബൺ പോലുള്ള അതീവ ദുർബലമായ ഒരു കരഭാഗമാണ് കേരളം.
വളരെക്കൂടിയ ഈ ചരിവ് കാരണം മഴവെള്ളത്തിന്റെ ഒഴുക്കിന് അപാരമായ വേഗതയുണ്ടാവും. സാധാരണ പെയ്യുന്ന മൺസൂൺ മഴ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും, സമീപകാലത്തെ താളം തെറ്റിയ, അതിശക്തമായ മഴ കേരളത്തിന്റെ മലനാട് ഭാഗത്തെ അപ്പാടെത്തന്നെ ഇടനാട്ടിലേക്കും തീരപ്രദേശത്തേക്കും നിരക്കി ഒഴുക്കിക്കൊണ്ട് പോകാൻ തക്കവണ്ണം ശക്തമാണ്.
മാറിയ മഴയുടെ രീതി കാരണം കേരളത്തിലെ മലയോര പ്രദേശങ്ങൾ മുഴുവൻ വലിയ അപകട സാദ്ധ്യതയുള്ള, പരിസ്ഥിതി ദുർബല പ്രദേശങ്ങളായി മാറിക്കഴിഞ്ഞു.
അതിന്റെ കൂടെയാണ് കാട് വെട്ടിത്തെളിച്ചതും, വൻതോതിൽ പാറപൊട്ടിക്കുന്ന, ഭീകരമായ സ്‌ഫോടനങ്ങൾ നിരന്തരം നടത്തുന്ന ക്വാറികൾ കൂണുപോലെ മുളച്ചുയർന്നതും. ഇപ്പോഴത്തെ മാറിയ മൺസൂൺ പാറ്റേൺ കേരളത്തിൽ മാത്രം ഭീകരമായ നാശത്തിന്റെ താണ്ഡവമാടാൻ കുറെ കാരണങ്ങൾ ഉണ്ട്. അതൊന്ന് വിശദീകരിക്കാനാണ് ഈ പോസ്റ്റ്.
അപകട മുന്നറിയിപ്പുകൾ
ഒന്ന് – ആഗോളതാപനം, അതിന്റെ ഫലമായുണ്ടാവുന്ന തുടരെത്തുടരെയുള്ള എൽനിനോ പോലുള്ള പ്രതിഭാസങ്ങൾ മൂലം അപകടകരമായി ഉയരുന്ന അറബിക്കടലിന്റെ താപനില. ഉയരുന്ന താപനിലയ്ക്ക് ആനുപാതികമായി ഉയരുന്ന ബാഷ്പീകരണം മൂലം ഉണ്ടാവുന്ന അമിതമായ അന്തരീക്ഷ ആർദ്രത, കടൽക്കാറ്റിൽ കരയിലേക്ക് എത്തുന്ന അമിതമായ ആർദ്രതയുള്ള കാറ്റിനെ മേലോട്ട് ഉയർത്തി തണുപ്പിച്ച് മേഘങ്ങളാക്കുകയും, ആ മേഘങ്ങളെ കിഴക്കോട്ട് നീങ്ങാൻ അനുവദിക്കാത്ത സഹ്യപർവ്വതം എന്നിവ കാരണമാണ് അടുത്തകാലത്തായി അന്തരീക്ഷ ആർദ്രത മനുഷ്യാരോഗ്യത്തിന് യോജിക്കാത്ത അളവിലേക്ക് എത്തിക്കുന്നത്.
രണ്ട് – മേൽപ്പറഞ്ഞ സാഹചര്യം കാരണം അമിതമായി ജല സാന്ദ്രതയുള്ള മേഘങ്ങൾ വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തൊഴിയാൻ ഇടയാവുകയും(അതാണ് മുൻപൊരിക്കലും കേട്ടിട്ടില്ലാത്ത മേഘ സ്‌ഫോടനം), അത്രയും ശക്തമായ ജലപ്രവാഹത്തെ ഉൾക്കൊള്ളാൻ, ആവാത്തതുകൊണ്ട് അത് അതിശക്തമായ വേഗതയിൽ താഴേയ്ക്ക് ഒഴുകുകയും, ഉരുൾപൊട്ടൽ പോലുള്ള പ്രതിഭാസങ്ങൾ പതിവായി ഉണ്ടാവുകയും ചെയ്യും.
മൂന്ന് – അമിതമായ അന്തരീക്ഷ ആർദ്രതയും, അന്തരീക്ഷ താപവും കാരണം ഉയരുന്ന real feel temperature ഉണ്ടാക്കുന്ന അസഹ്യതയും, രോഗങ്ങളും. ഉയർന്ന അന്തരീക്ഷ ആർദ്രതയോടൊപ്പം ഉയർന്ന താപനിലയും കൂടി ബാക്ടീരിയകൾ, വൈറസുകൾ, പൂപ്പൽ പോലുള്ളവയുടെ വളർച്ചയെ വല്ലാതെ കൂടാനിടയാക്കും. അതിനാൽ അവയുണ്ടാക്കുന്ന പലവിധ രോഗങ്ങൾ, പുതിയവയുടെ രംഗപ്രവേശങ്ങൾ, പൂപ്പലിൽ നിന്നുണ്ടാവുന്ന അഫ്ലോടോക്സിൻ വിഷബാധ ഒക്കെയും ജീവിതം അസഹ്യമാക്കും
നാല് – മലയോരപ്രദേശങ്ങളിലെ ഒരുൾപൊട്ടലുകൾ, അനുദിനമെന്നോണം അധികരിച്ചുവരുന്ന വന്യമൃഗ ശല്യം ഒക്കെയും കാരണം മനുഷ്യർ അവിടംവിട്ടൊഴിയാൻ നിർബന്ധിതരാകും.
അഞ്ച് – കൃഷിചക്രങ്ങളുടെ താളം തെറ്റും, ഇപ്പോൾത്തന്നെ തീരെക്കുറഞ്ഞകൃഷി , കൃഷിനാശം സഹിക്കാവുന്നതിനും അപ്പുറമാവുന്നതിനാൽ ഇല്ലാതെയാവും.
ആറ് – മാറിവരുന്ന കാലാവസ്ഥ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെ ശരിയാംവണ്ണം മനസ്സിലാക്കാനോ, അവയെ ഗൗരവമായി എടുക്കാൻ ആവാത്ത, മനസ്സ് കാട്ടാത്ത രാഷ്ട്രീയ നേതൃത്വങ്ങളും കൂടി.കേരളത്തിലെ മനുഷ്യ സമൂഹത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കും. ക്ഷമിക്കണം, തെറ്റിപ്പോയി. അവസാനത്തെ ആണി അടിക്കാനുള്ള അവകാശം മതങ്ങൾക്കുള്ളതാണ്.
അസഹ്യമായ കാലാവസ്ഥ, അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ, വഹിക്കാനാവാത്ത സാമൂഹ്യാന്തരീക്ഷം, ബുദ്ധിയോ, അറിവോ ഇല്ലാത്ത രാഷ്ട്രീയക്കാർ, ഭ്രാന്തുപിടിച്ച മത ഭക്തർ എന്നിവയും കൂടി ഉണ്ടെന്ന യാഥാർഥ്യം മനസ്സിലാക്കിയാൽ, പലായനത്തിനുള്ള ഭാണ്ഡം മുറുക്കാൻ സമയമായെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് അംഗീകരിക്കാനാവില്ലെങ്കിലും, നാളെ നിങ്ങൾ എന്റെ പിന്നാലെ ‘തലയിൽ മുണ്ടിട്ട്’ പലായനം ചെയ്യുമെന്നതിന് എനിക്ക് ഒട്ടും സംശയമില്ല
🌿

By ivayana