രചന : ജോളി ഷാജി ✍
മഴക്ക് മണ്ണിനോട്
പ്രണയം പെരുകുമ്പോൾ
പൊരുതി ജയിക്കാൻ
മനുഷ്യന് കഴിയില്ല…
ഒന്നിച്ചൊന്നായി
ഇണപിരിയാതെ
നിങ്ങൾ കടൽ തേടി
അകലുമ്പോൾ
കൂടെ കൊണ്ടുപോകുന്നതെത്ര
ജീവനുകളെയാണെന്നോ…
മുന്നിൽ കാണും
തടസ്സങ്ങൾ തട്ടിമാറ്റി
ഉഗ്ര കോപികളായി
മണ്ണും മഴയും
കുത്തിയൊലിക്കുമ്പോൾ
ഒരു നാട് പോലും
ഭൂവിൽനിന്നും മറയുന്നു…
പ്രണയം പെരുത്ത
നിങ്ങൾ മണ്ണിലൊന്നായി
ദുരന്തം
വിതക്കുമ്പോൾ
ഉരുകിയൊലിക്കുന്നു
മർത്യന്റെ കണ്ണുകൾ…
ഒറ്റ മഴയെ
താങ്ങാൻ കഴിയാത്തവരിലേക്ക്
ഒരു കടലായ് നീ
പെയ്തിറങ്ങുമ്പോൾ
നിന്നെക്കുറിച്ചു
കവിത രചിച്ചവർപോലും
നിന്ദയോടിന്നു
പുച്ഛിച്ചു പുലമ്പുന്നു…
ഓ പ്രിയപ്പെട്ടവളേ
മടങ്ങൂ നീ വേഗം
മഴക്കാറൊരുക്കിയ
നിന്റെ മഴക്കൂട്ടിലേക്ക്..
അല്ലെങ്കിൽ വഴിമാറി
ഒഴുകുക പ്രകൃതി ഒരുക്കിയ
സുരക്ഷിതമാവും
നിൻ വഴിയിലൂടെ…