രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
എവിടെ നാടിൻ്റെ സംസ്കാരപൈതൃകം
എവിടെ നാടിൻ്റെ സമ്പൽസമൃദ്ധികൾ?
എവിടെനാമന്നുറക്കനെപ്പാടിയോ-
രവികലസ്നേഹ സൗഹൃദശ്ശീലുകൾ!
ഇവിടെ ഞണ്ടുകൾ,ഞാഞ്ഞൂലുകൾ വൃഥാ,
കവിതകൾ ചമയ്ക്കുന്നഹോ നിസ്ത്രപം!
അതിനെ വാനോളമയ്യോ,പുകഴ്ത്തുവാൻ
ക്ഷിതിയിലുണ്ടു സാഹിത്യനപുംസകർ!
കപടലോകമേ നിന്നെനോക്കിപ്പണ്ടു
കവിയൊരുത്തൻ മൊഴിഞ്ഞതോർക്കുന്നു
ഞാൻ!
ഒരു വിശുദ്ധഹൃദയത്തിനാവുമോ,
പരമവിഡ്ഢിതൻ പിന്നിൽ ചരിക്കുവാൻ?
പ്രകൃതിതൻ സൂക്ഷ്മഭാവങ്ങളോരാത്ത
വികൃത ജൻമത്തിനെങ്ങനെയായിടും
സുകൃതപുഷ്പവനങ്ങൾ തേടിപ്പറ-
ന്നമൃതകാവ്യസരസ്സിൽ നിരാടുവാൻ
പരമചിന്തയിൽ നിന്നേ കവിതകൾ
പരിചൊടുള്ളിൽ മുളയ്ക്കൂനിരന്തരം
ഗുരുവരാനുഗ്രഹം ലഭിച്ചീടിലേ-
യരിയൊരാസിദ്ധി കൈവന്നിടൂചിരം!
ഭുവനമാകെ വെളിച്ചം പരത്തുവാൻ
കവനമൊന്നതിനാകണമഞ്ജസാ
നവനവാഗതർക്കായതിൻ നാമ്പുകൾ
സുവിമലാർദ്രം മുളയ്ക്കട്ടഭംഗുരം
സമത ഹൃത്തിലെന്നെന്നുമുണ്ടാകുകി-
ലമരമാക്കിടാമാജൻമ ജീവിതം
തനിസുവർണ്ണ വിളക്കാകിലുമതിൽ
കിനിയണമെണ്ണ,ദീപംതെളിയുവാൻ!
തഴുകിയെത്തട്ടെയാ,മണിത്തെന്നലും
തഴുകിയെത്തട്ടെയാ,വനജ്യോൽസ്നയും
പഴമതൻപാത വെട്ടിത്തെളിച്ചുനാം
പുതുമയെപ്പുലർത്തീടുക നാൾക്കുനാൾ.