ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കർക്കടകത്തിന്നിരുൾ
മൂടിയ സന്ധ്യാനേരം
കിഷ്കിന്ധയിലെത്തി-
നില്ക്കുന്നെൻപാരായണം
ശാരികപ്പൈതൽ കാവ്യാ-
മൃതവുമായിട്ടെന്റെ
ചാരെ വന്നിരിക്കുന്നു
കഥനം തുടരുന്നു.
മാനിനിയാകും സീതാ-
ദേവിയെ തിരയുന്ന
കാനനവാസക്കാലം
വാനരദേശത്തെത്തി.
ആതുരചിത്തത്തോടെ
മരുവും രാമൻ,വന-
പാതയിൽ സുഗ്രീവനെ-
ക്കണ്ടുമുട്ടിയ കാര്യം
സാദരം കിളിമകൾ
ചൊല്ലുന്നു, പരസ്പരം
സോദരർ യുദ്ധംചെയ്ത
കഥയും പറയുന്നു.
അഗ്രജനാകും ബാലി,
തൻപ്രിയ സഹോദരൻ
സുഗ്രീവനൊപ്പം രാജ്യം
രമ്യമായ് ഭരിച്ചു പോൽ.
അധികാരത്തിൻ മധു
നൽകിയ ലഹരിയിൽ
വിധി സോദരന്മാരിൽ
വിദ്വേഷം വിതച്ചുപോയ്.
ബലവാനാകും ബാലി –
യോടുതോറ്റോടിപ്പോയ-
നിലയിൽ സുഗ്രീവനെ-
ക്കണ്ടുമുട്ടിയ രാമൻ,
കാനനദേശങ്ങളിൽ
സീതയെത്തിരയുവാൻ
വാനരപ്പടയുടെ
സേവനമുറപ്പാക്കി.
പകരം കിഷ്കിന്ധയെ
തിരികെപ്പിടിക്കുവാൻ
സകല സഹായ-
വാഗ്ദാനവും നല്കി ദേവൻ.
രാമനുമായി സഖ്യം
നേടി സുഗ്രീവൻ വീണ്ടും
താമസംവിനാ ബാലി-
യോടേറ്റുമട്ടാനെത്തി.
രാമസഖ്യത്തിൻ കഥ
പൈങ്കിളി തുടരുമ്പോൾ
ആമയമെനിക്കുള്ളി-
ലിപ്പൊഴും കിനിയുന്നു.
നേർക്കുനേർപോരാടുവാൻ
മിത്രങ്ങളെത്തീവീണ്ടും.
പോർക്കളത്തിലെ ദ്വന്ദ-
യുദ്ധവുമാരംഭിച്ചു.
ബലവാനാകും സ്വന്തം
ജ്യേഷ്ഠനെയൊതുക്കുവാൻ
പല മാർഗ്ഗവും നോക്കി
സുഗ്രീവനുഴറവേ,
വെളിയിൽ മരത്തിന്റെ
മറവിൽ നില്ക്കുംരാമൻ
ഒളിയമ്പെയ്തു, ബാലി-
തൻമാറു പിളർന്നു പോയ്.
ദേവന്റെയൊളിയമ്പു,
കൊണ്ടു ഭൂമിയിൽ വീണ
പാവമാം കപിശ്രേഷ്ഠ-
നിങ്ങനെ വിലപിച്ചു:-
“രാമനോടെനിക്കില്ല
കലഹ,മിതുവരെ
കാമിതമെന്നോടുര-
ചെയ്യാനും തുനിഞ്ഞില്ല.
സീതയെ തിരഞ്ഞുക-
ണ്ടെത്തിയാക്കയ്യിൽ നല്കാൻ
ഏതുമാർഗ്ഗവുമെനി-
ക്കാകുമായിരുന്നല്ലോ!
ഖേദമീമാറിൽവന്നു
തറച്ച ശരത്തിന്റെ
വേദനയല്ല, കാണാ-
മറയത്തെത്തുന്നൊരു
ക്രൂരമാം നിഷാദഭാ-
വത്തിന്റെ വിളയാട്ടം,
നേരിനെത്തകർക്കുന്ന
പോരിന്റെയപചയം.”
മരണത്തിനു മുമ്പു
ബാലിതൻ നാവെയ്തൊരീ
ശരങ്ങളിന്നും രാജ-
ധർമ്മത്തെയലട്ടുന്നു.

മംഗളാനന്ദൻ

By ivayana