ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കേട്ടുവോ നിങ്ങൾ അകലെ മലകളിൽ
ചങ്ക് പൊട്ടിചിതറും നിലവിളി
നഷ്ടമായൊരു സ്വന്ത ബന്ധങ്ങളും
കൂട്ടിവച്ചൊരു ജീവനമാർഗ്ഗവും.
ഭൂമിതന്നുടെ രോഷം പകർത്തിയാ
നാടു തച്ചുടച്ചകലേക്ക്
പാഞ്ഞ് പോയ്
നീരൊഴുക്കിൻ്റെ നിർത്താത്ത ശാപത്താൽ
ജീവനെത്രയോ
മണ്ണിൽ പുതഞ്ഞു പോയ്.
മൂകശോകമായ് മൂളുന്ന കാറ്റിനും
അഴലുറഞ്ഞൊരു അണയാത്ത നൊമ്പരം
സ്വപ്നമെത്രയോ കൂട്ടി മെനഞ്ഞവർ
കണ്ടുണരാത്ത കയമതിൽ താണുപോയ്.
മണ്ണുതിന്നു മരണം വരിച്ചവർ
വെള്ള മേറ്റിട്ടു ചങ്കു പിടഞ്ഞവർ.
വർഗ്ഗമെന്നില്ല ജാതിയും പ്രീതിയും
ദൂരമറിയാതെ അകലെ പിടഞ്ഞവർ
എന്ത് തിരയണം എവിടെ തിരയണം
ജീവസ്പന്ദനം നോക്കി തിരയണം
ജീവശ്വാസത്തിനായി പിടഞ്ഞവർ
എങ്ങ് പോയി മറഞ്ഞ തീഊഴിയിൽ.
എത്രയാണെന്നറിയാത്ത പാതകം
പിഞ്ചു ജീവനും കൊണ്ട് മറഞ്ഞ് പോയ്
കണ്ണുനീരാൽ കുറിച്ചിട്ട വേദന
കണ്ടു ലോകം നടുങ്ങുന്നു സ്വന്തമായ്.
കാടിളക്കി കരകളിളക്കിയാ
ഊരു പൊട്ടിച്ചു
ഉയിരെടുത്തങ്ങു പോയ്
കർമ്മ മറിയാതെ കാലം പിരിഞ്ഞൊരാ
ജീവനേകുന്നു കണ്ണുനീർത്തുള്ളികൾ.
നെഞ്ച് ചേർത്ത് നെരിപ്പോടണച്ചിടാം
കൈകൾ കോർത്ത് ഒരുമയായ് ചേർന്നിടാം
സ്വന്തമായി നമുക്ക് പകർന്നാടാം
സാന്ത്വനത്താൽ സഹായഹസ്തങ്ങളും.

ഹരികുമാർ കെ.പി

By ivayana