ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

വനം വെട്ടിത്തെളിക്കുന്നവരും ക്വാറി മുതലാളിമാരും അവരുടെ ദല്ലാളന്മാരും അവരെ സംരക്ഷിക്കുന്നവരുമൊന്നും ഒരു ദുരന്തത്തിനും ഇരയാകില്ല . അവരൊക്കെ നഗരങ്ങളിൽ സസുഖം കഴിയുന്നവരാണ് . പലർക്കും ഗൾഫിലും സിംഗപ്പൂരിലും വലിയ വസതികൾ വരെയുണ്ടെന്ന് പറയപ്പെടുന്നു . മരിക്കുന്നവരെല്ലാം മറ്റെവിടെയും പോകാൻ കഴിയാത്ത സാധാരണ മനുഷ്യരാണ്.

2019 ആഗസ്റ്റ് മാസം വയനാട്ടിലെ പുത്തുമലയിൽ സംഭവിച്ച ദുരന്തത്തിന്റെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത് . ജോലി സംബന്ധമായി അക്കാലത്ത് വയനാട്ടിൽ ഉണ്ടായിരുന്നതിനാൽ , ദുരന്തസ്ഥലത്ത് ആരോഗ്യ പ്രവർത്തകനായി പോയ സമയത്ത് ഞാൻ നേരിട്ടെടുത്ത ചിത്രമാണിത് .
ഏതാണ്ട് മുന്നൂറോളം കുടുംബങ്ങൾ ജീവിച്ചു വന്നിരുന്ന സ്ഥലമായിരുന്നു ഇത് . കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും പീടികകളുമൊക്കെ ഉണ്ടായിരുന്ന ഒരു പ്രദേശം . അതിവേഗതയിൽ മണ്ണും ചെളിയും മഴവെള്ളവും കുഴഞ്ഞു കുത്തിയൊലിച്ചു വന്നതിനിടയിൽ എല്ലാം അപ്രത്യക്ഷമായി .
20 പേരാണ് ഈ ദുരന്തത്തിൽ മരണമടഞ്ഞത് . നിലയ്ക്കാതെ പെയ്തിരുന്ന പേമാരിയുടെ ഫലമായി മലയുടെ ചില ഭാഗങ്ങൾ ഇടിഞ്ഞത് കണ്ടപ്പോൾ പഞ്ചായത്ത് അധികാരികളും നാട്ടുകാരും ചേർന്ന് മുഴുവൻ ആളുകളെയും അവിടെനിന്ന് ഉയരെയുള്ള ഒരു സ്കൂളിലേക്ക് നേരത്തെ മാറ്റിയതുകൊണ്ടാണ് വലിയ തോതിലുള്ള മരണം ഒഴിവാക്കാനായത് . സ്കൂളിലെ റിലീഫ് ക്യാമ്പിൽ നിന്നും സാധനങ്ങൾ എടുക്കാനും മറ്റും വീട്ടിലേക്ക് പോയവരാണ് മരണമടഞ്ഞത് .
ഈ ഫോട്ടോയിൽ കാണുന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്റർ അകലെയുള്ള ഒരു മല , മഴയിൽ മുഴുവനായും ഇളകി ഒലിച്ചു വരികയായിരുന്നു . താഴേക്ക് വരുന്തോറും മണ്ണും ചെളിയും ജലവും കുഴഞ്ഞു ചേർന്ന ഘനമിശ്രിതം മാരകമായ വേഗത കൈവരിക്കും ; മുന്നിൽ കാണുന്നതു മുഴുവൻ തച്ചുതകർക്കും . താഴേക്കൊഴുകിപ്പോയ ചില മനുഷ്യശരീരങ്ങൾ തേടി രക്ഷാസംഘത്തിന് ചാലിയാറിന്റെ കരയിലൂടെ നിലമ്പൂർ വരെ പോകേണ്ടിവന്നു .
അന്ന് ദുരന്തസ്ഥലത്തു വെച്ച് പരിചയപ്പെട്ട ഒരു ഭൗമശാസ്ത്ര വിദഗ്ധനുമായി സംസാരിച്ചു നിൽക്കവേ , അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട് :
” ഡോക്ടറെ , ഇത് ഉരുൾപൊട്ടലല്ല . ഇത് മലയിടിച്ചിലും വലിയതോതിലുള്ള മണ്ണൊലിപ്പും ആണ് . “
വളരെ വർഷങ്ങളായി തുടരുന്ന വനനശീകരണത്തിന്റെ പരിണിത ഫലമാണിതെന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം പറഞ്ഞു . വയനാട്ടിലെ മലകളുടെ മുകളിൽ വലിയ കനത്തിൽ മണ്ണ് സ്ഥിതി ചെയ്യുകയാണ് . പാറ താഴെയും . ഈ മണ്ണിനെ പാറയുമായി ഘടിപ്പിച്ചു നിർത്തുന്നത് മരങ്ങളുടെ വേരുകളാണ് . മരങ്ങളും പാറയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേരിൻ്റെ പടർപ്പുകളും മണ്ണിനെ മലയിൽ ഉറപ്പിച്ചു നിർത്തുന്നു . മരങ്ങൾ മുറിച്ചുമാറ്റിയാലും വേരുകൾ തൽസ്ഥാനത്തുണ്ടായിരിക്കും എന്നതുകൊണ്ട് വർഷങ്ങളോളം വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല . പക്ഷേ ക്രമേണ വേരുകൾ ദ്രവിക്കും . പാറയുമായുള്ള മണ്ണിന്റെ പിടുത്തം വിട്ടുപോകും . മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രക്രിയ അഭംഗുരം തുടർന്നു പോയാൽ ഇത് വലിയ വിനാശത്തിന് കാരണമാവുകയും ചെയ്യും . നാമിപ്പോൾ നേരിടുന്നത് , കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന അതിവൃക്ഷ്ടി ഈ ദുരന്തത്തെ അതിവേഗം ക്ഷണിച്ചു വരുത്തുന്നതും പലമടങ്ങായി വർദ്ധിപ്പിക്കുന്നതുമായ അവസ്ഥയെയാണ് . ഈ മലയിടിച്ചിലും മണ്ണൊലിപ്പും ചെറിയ തോതുകളിൽ വയനാട്ടിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് . അത് വയനാട്ടിൽ താമസിക്കുന്നവർക്ക് അറിയാം . വലിയ മരണങ്ങൾക്ക് കാരണമാകുന്ന രീതിയിൽ രൂക്ഷസ്വഭാവം പ്രാപിക്കുമ്പോഴാണ് ഇതൊക്കെ വലിയ വാർത്തകളായി തീരുന്നത് . ഈ ദുരന്തങ്ങൾ ഒന്നും അപ്രതീക്ഷിതമല്ല എന്നതാണ് യാഥാർത്ഥ്യം . വയനാട്ടിലെ ദുർബലമായ മലമ്പ്രദേശങ്ങൾ ഇതിനകം തന്നെ മാപ്പ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അന്നറിയാൻ കഴിഞ്ഞത് . അതിൻ്റെ അടിസ്ഥാനത്തിൽ ശാസ്ത്രത്തിൻ്റെ വഴിയിലൂടെ പരിഹാരങ്ങൾ കാണാൻ ആരും ശ്രമിക്കുന്നില്ല എന്നു മാത്രം .
അന്ന് പുത്തുമലയിലെ ദുരന്തത്തിന് കാരണമായ അതേ സ്ഥലത്ത് നിന്ന് ഏതാണ്ട് രണ്ടു മൂന്ന് കിലോമീറ്റർ മുകളിലുള്ള ഒരു പ്രദേശത്താണ് ഇന്നലെ രാത്രി ദുരന്തം ഉണ്ടായിരിക്കുന്നത് . സംഭവം നടന്നത് പുലർച്ചെ ആയതിനാലും അപകടത്തിന്റെ സൂചനകൾ മുൻകൂട്ടി ഇല്ലാതിരുന്നതിനാലും താഴ്‌വരയിലെ ഗ്രാമങ്ങൾ മുഴുവൻ മണ്ണിനടിയിൽ ആകുകയോ ഒലിച്ചു പോകുകയോ ചെയ്തിരിക്കുന്നു . മരണസംഖ്യ പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും . കേട്ടിടത്തോളം 2019 ൻ്റെ ആവർത്തനമാണിത് .
കൂടുതലൊന്നും പറയാനില്ല . എല്ലാവരും ചേർന്ന് കാര്യമായിട്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക . വനം വെട്ടിത്തെളിക്കുന്നവരും ക്വാറി മുതലാളിമാരും അവരുടെ ദല്ലാളന്മാരും അവരെ സംരക്ഷിക്കുന്നവരുമൊന്നും ഒരു ദുരന്തത്തിനും ഇരയാകില്ല . അവരൊക്കെ നഗരങ്ങളിൽ സസുഖം കഴിയുന്നവരാണ് . പലർക്കും ഗൾഫിലും സിംഗപ്പൂരിലും വലിയ വസതികൾ വരെയുണ്ടെന്ന് പറയപ്പെടുന്നു . മരിക്കുന്നവരെല്ലാം മറ്റെവിടെയും പോകാൻ കഴിയാത്ത സാധാരണ മനുഷ്യരാണ് . കൂട്ടത്തിൽ , വയനാട്ടിലെ ആനകളും കടുവകളും കാടിറങ്ങി വരുന്നതിൻ്റെ കാരണം അവരുടെ എണ്ണം കൂടിയതു കൊണ്ടല്ലെന്നും അവർക്ക് താമസിക്കാനുള്ള സ്ഥലങ്ങൾ കൈയ്യേറിയതും അവരുടെ ഭക്ഷണലഭ്യത ഇല്ലാതാക്കിയതുമാണെന്നും കൂടി ഈയവസരത്തിൽ ഓർക്കണം . ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ് . എല്ലാത്തിനും പരിഹാരമുണ്ട് . പക്ഷെ അത് കുറുക്കു വഴികളല്ല . മനുഷ്യന് മാത്രമായ പരിഹാരങ്ങളുമല്ല . മയക്കുവെടി വെച്ചാൽ ആനയും പുലിയും തത്ക്കാലം മയങ്ങിക്കിടക്കും . പക്ഷെ ഉഗ്രരൂപിയായി ആർത്തുവരുന്ന മലയേയും മഴയേയും മയക്കുവെടി വെച്ച് വീഴ്ത്താനാവില്ല .Mohanan Pc Payyappilly

By ivayana