രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
പ്രകൃതിതൻ സംഹാരതാണ്ഡവം തുടരവേ,
തകൃതിയിലൊരു കാര്യമോർപ്പുനമ്മൾ
ഒരു നൊടിയിടയ്ക്കുള്ളിൽ ജീവൻ പൊലിഞ്ഞിടാം
പരമദയനീയമാണക്കാഴ്ചകൾ!
ഇവിടെ നരജൻമങ്ങൾ തങ്ങളിൽതങ്ങളി-
ലവമതിയൊടാർത്തു പുളച്ചിടുമ്പോൾ,
കരളിൽ നുരച്ചുപൊന്തീടുന്നിതൊരു ചോദ്യം
സ്വരജതികൾ തെല്ലുമേ തെറ്റിടാതെ
മതമെവിടെ,ജാതിയെവിടീ മലപ്പാച്ചിലിൽ?
സദയമതൊരുമാത്ര ചിന്തിപ്പുനാം
നിയതിതൻ ലീലകളെന്നുകരുതുന്നവർ,
നിയതിയെ നിഹനിക്കയല്ലിനിത്യം!
സ്വയമിവിടെനമ്മൾ നമുക്കായ് പടയ്ക്കുന്നു,
ഭയരഹിതമാ,മരണക്കെണികൾ!
അതിലകപ്പെട്ടതിവിദൂരമല്ലാതെനാം,
ഗതിയറ്റുവിസ്മൃതിയിലാണ്ടിടില്ലേ!
പ്രകൃതിയെ ഹനിപ്പവരൊന്നു നിനയ്ക്കുവിൻ,
പ്രകൃതി പകരംവീട്ടുമെന്ന സത്യം!
അവനവനിലുണ്ടാകണംസ്വയം ബോധന-
മവനവനായ് മാറാനവനിവാഴ്‌വിൽ
ഇടതടവില്ലാതെയിവിടെക്കവിവരർ
പടുതയൊടെത്രയുരുപാടിയേവം
അരുതരുതു പ്രകൃതിയോടുള്ളൊരിപ്പാതകം,
പരിതപ്ത ഹൃദയരായുച്ചൈസ്തരം !
അതു കേൾക്കുവാൻ തെല്ലു മുതിരാതെയീ നമ്മൾ
മതിമറന്നടിമുടി കാടുവെട്ടി,
പരിധികളില്ലാതെയങ്ങനെ പുനരപി,
നിരനിരയായ് കുടികൾ കെട്ടിനീളേ !
സകലതിനുമൊത്താശ ചെയ്തുകൊടുത്തഹോ,
വകതിരിവില്ലാത്ത ഭരണവർഗ്ഗം!
ഒടുവിലെല്ലാം തകർന്നടിയുന്നിതാമുന്നിൽ,
ഝടുതിയിലതിഭീകരം,ഭീകരം!
ചുടുനെടുവീർപ്പുകൾ ബാക്കിവച്ചൊരുനാടു,
കൊടിയ ദുഃഖത്തിലുഴലുന്നിതയ്യോ…!
കരകവിഞ്ഞൊഴുകുന്നു കണ്ണുനീർച്ചാലുകൾ,
നരജീവിതമെത്ര ക്ഷണികമത്രേ!