രചന : കമാൽ കണ്ണിമറ്റം✍
ഇടതടവില്ലാ നൂൽ മഴ ചുറ്റും !
ഇരുണ്ട മേഘപ്പാളികളാലെ
മാനത്തെങ്ങും കരിമലകൾ!
കോട പുതഞ്ഞൊരു
താഴ് വാരത്തിൽ
മൺതരി നനവാൽ കുതിരുന്നു.
നനഞ്ഞ പഞ്ഞിക്കണക്കെ വീർത്തത് പതുക്കെ
വലുതായുയരുന്നു….
ആകാശത്തിൻ ശാന്തത നീളേ
കറുത്ത മൂകതയാകുന്നു….
പട്ടിണി മാറ്റാൻ കൂലിക്കാശിന് തോട്ടപ്പണിയും തോട്ടിപ്പണിയും
ചെയ്തുതളർന്ന മാനവചേതന
മയങ്ങിയുറങ്ങും പാതിരയിൽ,
വണ്ടിച്ചക്രം തിരിച്ച തുട്ടിൽ
ജീവിത ഭാവി കൊരുത്തവരും,
വ്യാപാരത്തിൻ വശ്യവിശാലത
പുഞ്ചിരിയാക്കിയ സോദരരും,
കൂരക്കുടിലിൽ വാടക വീട്ടിൽ
കമ്പനി നൽകിയ ലായത്തിൽ
സന്തോഷത്തിരി വെട്ടമൊരുക്കിയ
അത്താഴത്തിൻ നിറവയറാൽ,
നാളെത്തെളിയും ഊഷ്മളമാമൊരു
സ്വപ്നപ്പുലരി കണ്ടുണരാൻ,
കൺമിഴി കൂമ്പി യുറക്കത്തിൻ്റെ
ഇരുട്ടറ പൂകിയ നേരത്ത്,
കുതിർന്നുതിർന്ന മലമണ്ണിന്ന്,
നാശനഗന്ധ നീരുറവ!
ഉഷ്ണത്തിൻ്റെ ലാവക്കുളിരായ്
പ്രളയ ദുരന്തം പടരുന്നു…..
പടർന്ന് പരന്ന് ഒഴുകുന്നു….
കരിമ്പാറകളുടെ മാറ് തുരന്ന്
സ്ഫോടനമായത് മാറുന്നു …
അടിതെറ്റി ക്കുടിലൊഴുകുന്നു…
മാമരം ശവമായ് വീഴുന്നു …
ജലനീരിൻ്റെ നാശന രൗദ്രത പകയായ് തിരയായ് മാറുന്നു.
ഗ്രാമം പുഴയായ് ഒഴുകുന്നു ….
മണ്ണ് കലങ്ങി മറിയുന്നു…
ജനതതി ജഢമായ് മാറുന്നു…
മരണദുരന്തം ഒഴുകുന്നു….
മാറ് പിളർന്ന് വായ് പിളർന്ന് ..
കരച്ചിലുമാർത്തവുമുയരുന്നു…
⭐⭐⭐⭐⭐⭐
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്ന് നാമന്യോന്യം നെറ്റിചുളിക്കുന്നു …
മേലോട്ട് കൈകളുയർത്തുന്നു
നിസ്സഹായത്തിരികത്തുന്നു!
മണ്ണൊരു സൂക്ഷിപ്പ് സ്വത്തായിട്ടിശ്വരൻ
നമ്മുടെ കൈകളിൽ തന്നിട്ട്…
പൂമാല പൊട്ടിച്ചെറിയുന്ന ഭാവത്തിൽ
നാമത് തച്ചുതകർത്തില്ലേ…
ആവാസരീതി തകർത്തു നാം മുന്നേറി
പാറ തുരന്നു മലയിടിച്ചു
മണ്ണിട്ട് പാടം നിറച്ച് കെട്ടി,
ജലപാത നീളെയടച്ചു പോക്കി….
പ്രകൃതി പ്രവർത്തന രീതികൾ മാർഗങ്ങൾ
ഒക്കെ ത്തടഞ്ഞ് നാം കോട്ടകെട്ടി….!
വൃത്തികേടിന്നൊരറുതി വരുത്തുവാൻ
ഭൂരൂപം മാറ്റി വരച്ചിടുവാൻ
ഈശ്വരനുമൊന്നിറങ്ങി യണഞ്ഞതും
നമ്മുടഹങ്കാരം പടിയിറങ്ങി….
നമ്മുടശാസ്ത്രീയ കൈ കടത്തൽ
ഭൂമിക്ക് നാശമെന്നോതിയീശൻ !
ധിക്കാര മാനസം പേറി നമ്മൾ
സ്വാർത്ഥകർമ്മത്തിൻ്റെ കൂട്ടാളരായ് …
കർമഫലങ്ങളനുഭവിപ്പിക്കാതെ
ഈശനടങ്ങില്ല ഓർത്തുകൊൾക.
പാഠം പഠിച്ച് തിരിച്ച് പോക!
ഭൂമിതൻ മാനം തിരിച്ച് നൽക!
ധരയെ പ്രണയിക്കാനൊരുങ്ങുക നാം!
⭐⭐⭐🌿🌿
*മനുഷ്യരുടെ സ്വയം കൃതാനര്‍ഥങ്ങളാണ് കരയിയും കടലിലും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. (ഖുര്‍ആൻ. 30:41)