രചന : തോമസ് കവാലം ✍
വയനാടു ജില്ലയിൽ വയലേലതോറും ഞാൻ
വെറുതെയൊരു നാൾ നടന്നു
വറുതിതൻ നാളു കഴിഞ്ഞൊരു ദിനം
വൻ ദുരന്തം വന്ന നാളിൽ.
അവിടന്നു കണ്ട മനുഷ്യ മുഖങ്ങളിൽ
അല്പവും കണ്ടില്ല ഞാൻ ജീവൻ
അന്നു ഞാൻ കണ്ടൊരാ ദൃശ്യങ്ങളൊക്കെയും
അതുല്യമായിരുന്നീ ഭൂവിൽ.
ഇടവിടാതുയരും ഗദ്ഗതമൊക്കെയും
ഇടനെഞ്ചു പൊട്ടുന്നതായി
ഇരവിൻ മറവിലുരുളുപൊട്ടീടവേ
ഉരുക്കളെന്നപോൽ ജനങ്ങൾ.
അരുതതുകാണരുതെന്നെന്മനം ചൊല്ലി
കരുണയോടെന്നോടു കെഞ്ചി
ദാരുണമായിരുന്നത്രയ്ക്കുമാരംഗം
മരണം വന്നോരാ വഴികൾ.
അരികത്തു ഞാൻ കണ്ടരുമകൾ തന്നുടെ
കുരുന്നു ശവങ്ങൾ തൻ കൂട്ടം
തെരുതെരെയൊഴുകുന്ന നദിയുടെ മാറിലായ്
മരണം ഗ്രഹിച്ച കബന്ധം.
അമ്മതൻ മാറോടു ചേർന്നു കിടക്കുന്ന
അരുമക്കിടാവൊരു പൈതൽ
അച്ഛന്റെ കൈകളിൽ തൂങ്ങിയ പോലൊരു
നിശ്ചല നന്ദന രൂപങ്ങൾ.
ആലംബമില്ലാതലയുന്ന ബാലകർ
അലമുറയിട്ടോടുന്നെങ്ങും
തെരുവിലേയ്ക്കങ്ങനെ വലിച്ചെറിഞ്ഞൊരു
കരുണതേടുന്നയനാഥർ
കലിതുള്ളിയലറുന്ന പ്രകൃതിയപ്പോഴും
കരിനിഴൽ വീഴ്ത്തുന്നുയിരിൽ
രാത്രിയിൽ പകലിലുമധ്വാനിച്ചവർ
എത്രയോ ശവങ്ങളെടുത്തു.
മാത്രനേരത്തിലവ,രാശുപത്രികളിൽ
സത്രത്തിൽ പള്ളിയിൽ നിരത്തി
രാവുകളെത്രയോ തേടിയടിവാര-
ച്ചാവു നദിയുടെ ചെരുവിൽ.
ദുഃഖം തളംകെട്ടി നിൽക്കുന്ന നാടിന്റെ
ദുരന്തം കണ്ടു ഞാൻ മടങ്ങി
ദൂരെ നിന്നപ്പോഴും നീഹാരത്തുള്ളികൾ
തുരുതുരെ കണ്ണീർ പൊഴിച്ചു.
വരുന്നാളെത്രെയോ മനസ്സിൻതാളിലായ്
കോറിയിടുന്നൊരു ദുരന്തം
നാടുമറന്നാലും വീടുമറന്നാലും
കാലം മറക്കില്ലാ ദുരന്തം.