രചന : റിഷു ✍
ചിലപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടില്ലേ
ചില വ്യക്തികളെ എന്തിനാണ് കണ്ടുമുട്ടിയതെന്ന്.?
നിങ്ങൾ ആഴമായി സ്നേഹിച്ചിട്ടും സ്വന്തമാക്കാൻ സാധിക്കാതെ പോയ പ്രണയങ്ങൾ..
കുട്ടിക്കാലത്ത് നിങ്ങളെ സ്വാധീനിക്കുകയും ജീവിതം വഴിതിരിച്ചുവിടുകയും ചെയ്ത അധ്യാപകർ..
ചെവിയോടൊപ്പം ഹൃദയം കൊണ്ടും
നമ്മളെ കേട്ട ഉറ്റ ചങ്ങാതിമാർ..
നമ്മളെ സ്നേഹിച്ചവർ..
സ്നേഹം നടിച്ചവർ…
ബലഹീനതകളെ കളിയാക്കിയവർ…
കുറവുകളോടു കൂടെ നമ്മളെ സ്വീകരിച്ചവർ..
നമ്മുടെയൊക്കെ ജീവിതത്തിലൂടെ
ഈ മനുഷ്യർ കടന്നുപോയത് എന്തുകൊണ്ടായിരിക്കും.?
ആരാണ് അവരെയൊക്കെ
ഓരോ നിയോഗങ്ങളായി നമ്മുടെ ജീവിതത്തിലേക്ക് പറഞ്ഞുവിട്ടത്..??
നമ്മുടെ ജീവിതത്തിലും ഉണ്ട് നമ്മെ മനുഷ്യനാകാൻ പ്രേരിപ്പിച്ചവർ..
വാക്കുകളിലൂടെ.. പ്രവൃത്തികളിലൂടെ.. ജീവിതമാതൃകകളിലൂടെ..
നമ്മെ ഒരു നല്ല വ്യക്തിയാക്കാൻ
പല മനുഷ്യരേയും ദൈവം ഭൂമിയിലേക്കയച്ചിട്ടുണ്ട്..
അത്രമാത്രം പരിഗണിക്കാതെ പോയ
ചില ബന്ധങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവാം..!
ചിലപ്പോൾ അത്
മാതാപിതാക്കളാകാം..
ഗുരുക്കന്മാരാകാം..
സഹപാഠികളാകാം..
അറിയാതെ വന്നു ചേരുന്ന ചിലരാകാം..!
ബന്ധങ്ങൾ എങ്ങനെ തുടങ്ങി എന്നതിനെക്കാൾ എങ്ങനെ തുടരുന്നു എന്നതാണ് ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും തീരുമാനിക്കുന്നത്..
അതുകൊണ്ടാണ് രക്തബന്ധങ്ങളെക്കാൾ ഹൃദയബന്ധങ്ങൾ പ്രസക്തമാകുന്നത്…!
നൽകപ്പെട്ടിരിക്കുന്ന വേഷങ്ങളോട്..
അവയുടെ എല്ലാ പോരായ്മകളോടും കൂടെ..
നീതി പുലർത്തുന്നവർക്കിടയിലാണ് ഹൃദയബന്ധങ്ങൾ രൂപപ്പെടുക..!!
എല്ലാമാകുമെന്നു പ്രതിജ്ഞ ചൊല്ലി തുടങ്ങുന്ന ബന്ധങ്ങളിൽ പലതും പാതിയിൽ അവസാനിക്കുന്നത് ഹൃദയം കൈമാറാൻ മറന്നുപോകുന്നതു കൊണ്ടാണ്..
ഹൃദയത്തിന്റെ ഉടമകൾക്കു
സ്പന്ദനങ്ങൾ മനസ്സിലാകും.. കൂടെയുള്ളപ്പോഴും ഇല്ലാത്തപ്പോഴും..!
നിവൃത്തികേടിന്റെ പേരിൽ നിലനിർത്തേണ്ടി വരുന്ന ബന്ധങ്ങളാണ് മനസ്സിന്റെ നിഷ്കളങ്കതയും സമാധാനവും നശിപ്പിക്കുന്നത്..
കുറച്ചൊക്കെ എന്തെങ്കിലും ജീവിതത്തിൽ നേടിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഉണ്ടാകും നാമൊന്നും തിരിച്ചറിയാതെ പോകുന്ന ദൈവം നമ്മിലേക്ക് അയച്ച ചിലർ..
അവരെ കണ്ടത്തുന്നയിടത്താണ്
ഈ കുഞ്ഞു ജീവിതം പൂർണമാകുന്നത്..!!
ജീവിതത്തിൽ തോറ്റു പോയവർ..
ഒറ്റപ്പെടലിന്റെ വേദനയനുഭവിക്കുന്നവർ..
സന്തോഷം ആഗ്രഹിക്കുന്നവർക്ക് പ്രത്യാശയുടെ വാതിലുകൾ തുറന്നിടുമ്പോഴാണ് നമ്മുടെയും അവരുടെയും ജീവിതം അർത്ഥപൂർണ്ണമാകുന്നത്..!
സ്നേഹപൂർവ്വം റിഷു❤..