യുദ്ധം കൊഴുക്കുന്നു
മാനസവീഥിയിൽ ;
ശത്രുവരെന്നതു
നിശ്ചയമില്ലാതെ !
ശസ്ത്രമില്ലെന്റെ
കരങ്ങളിലച്യുതാ
ശത്രുവെ നേരിടാൻ
ശാസ്ത്രം മതിയല്ലോ.
എവിടെയാണീ യുദ്ധ-
ഭൂമിയിലെന്നിടം
അവിടെയോ ഇവിടെയോ
ഇവരുടെ നടുവിലോ ?!
മദ്ധ്യത്തിൽ നില്പവൻ
മുറിവേല്ക്കുമെപ്പോഴും
പക്ഷം പിടിയ്ക്കുകിൽ
രക്ഷനേടാം.
അപ്പുറമുള്ളത്
രാവണസേനയും
ഇപ്പുറമുള്ളത്
ശ്രീരാമചന്ദ്രനും .
യുദ്ധക്കളത്തിന്റെ
ഒത്ത നടുവിലായ്
വിശ്വാസപൂർവ്വകം
നില്പു ഞാനും.
വിശ്വാസമാണെന്റെ –
യാശ്വാസ കേന്ദ്രങ്ങൾ,
വിശ്വസിക്കേണ്ടടോ
നിങ്ങളാരും .
കുതികാലു വെട്ടുവാൻ
കൊള്ളയടിക്കുവാൻ ,
കൂടുന്നില്ല ഞാൻ
നിങ്ങളോട് .
ആഹാ! മനോഹരം .
ചേതോഹരമങ്ങു
ദൂരെയുയരുന്ന
ശാന്തിഗീതം.
ചേരുന്നു ഞാനുമാ
മന്ത്രം ജപിക്കുവാൻ ,
പോരുന്നോ നിങ്ങളും
പേടി വേണ്ടാ…