രചന : S. വത്സലാജിനിൽ✍️
ഈയിടെ ഒരു സുഹൃത്ത്, എന്നോട് പറഞ്ഞു:
വയനാടുള്ള തന്റെ ബന്ധുവിനെ വിളിച്ചപ്പോൾ വളരെ വിഷമത്തോടെ അവർ പറഞ്ഞതിപ്രകാരം ആയിരുന്നു..
“എന്നും പുലർച്ചെ ഒന്ന് വിളിച്ചേക്കണേ!
ഇവിടെ ഞങ്ങൾ ചത്തോ, ജീവിച്ചിരിപ്പുണ്ടോ.. എന്ന് ഒന്ന് അന്വേഷിച്ചറിയണേ!
അതൊരു നെഞ്ചുപൊട്ടിയുള്ള
അപേക്ഷയുടെ പരിദേവനം ആയിരുന്നു..
പുലി ഇറങ്ങിയപ്പോഴും…
കാട്ടാന മദമിളകി നിന്നലറിയപ്പോഴും
അതിനെയെല്ലാം അതിജീവിച്ചു കൊണ്ട്
ഇവർ വയനാട്ടുകാർ ധൈര്യസമേതം മുന്നോട്ട് പോകുകയായിരുന്നു…
പക്ഷേ
ഇന്നിതാ
കാലം!!
ഒരല്പം പോലും ദയയില്ലാതെ കുരുക്കിയെറിഞ്ഞ മഹാവിപത്തിന്റെ ഒടുങ്ങാത്ത ദുരിതത്തിൽ
വയനാടും ഒപ്പം കേരളക്കര ആകേയും മരവിച്ചു വിറങ്ങലിച്ചു നിൽക്കുന്നു…
എങ്ങോട്ടെന്നറിയാതെ…..
ജീവിതയാത്രയിൽ,ഇന്നലെ വരെയും,
അവരെല്ലാം നമ്മോടൊപ്പം ഉണ്ടായിരുന്നു.
നാളെ എന്ന ശുഭപ്രതീക്ഷയുമായി,
രാത്രി ഉറങ്ങാൻ കിടന്നവരാണ്!..
അവരെയാണ് മരണം ഒരു തസ്‌ക്കരനെപ്പോലെ കടന്നു വന്നു കവർന്നെടുത്തത്!!
അവരിൽ
ഗൃഹപാഠം ചെയ്തു വച്ച സന്തോഷത്തിൽ തന്റെ പാവക്കുട്ടിയേം ചേർത്തു പിടിച്ചു മയങ്ങിയ കുട്ടികൾ …ഉണ്ടാകാം!
വെളുപ്പിനെ അടുക്കളയിൽ കയറി ധൃതിയോടെ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ, ഉറങ്ങും മുന്നേ ഒന്നൂടി കൃത്യമായി അടുക്കിവച്ച അമ്മമാർ…ഉണ്ടാകാം!
മഴ നിമിത്തം നാളെയും,ജോലിക്ക് പോക്ക് മുടങ്ങുമോ…? എന്ന് ആധി പൂണ്ട്
സ്വന്തം പ്രാരാബ്‌ദത്തോട് വാദിച്ചു തോറ്റു ഉറക്കമില്ലാതെ കിടന്ന അച്ഛന്മാർ…ഉണ്ടാകാം
കള്ളകർക്കിടകത്തിന്റെ കാലദോഷങ്ങൾ മാറുവാൻ. .രാമായണം പാതി വായിച്ചു മടക്കി വച്ച മുത്തശ്ശിമാർ…ഉണ്ടാകാം!
ഒരു നിമിഷം കൊണ്ട്
അവരുടെയെല്ലാം സ്വപ്‌നങ്ങളെ കടപുഴക്കിയെറിഞ്ഞു,അവരുടെ മേലേയ്ക്ക് മഹാദുരന്തത്തിന്റെ അശനിപാതം സൃഷ്ടിച്ചു:
പ്രകൃതി അതിക്രൂരതയോടെ സംഹാരതാണ്ഡവമാടി…രമിച്ചു .
ആ മണ്ണിൽ,നേർത്തസാന്ത്വനത്തിന്റെ
ഒരിത്തിരി വെളിച്ചം നൽകാൻ
ഒരു മിന്നാമിനുങ്ങിനെപ്പോലും ബാക്കിവയ്ക്കാതെ..
പ്രതീക്ഷയുടെ
ഒരു കുഞ്ഞുതുമ്പിയെപ്പോലും കാണുവാൻ കഴിയാത്ത വിധം
ആ സ്വർഗ്ഗഭൂമിയെ
ഇതാ
ശ്മശാനതുല്യമാക്കിയിരിക്കുന്നു…
പ്രകൃതി ഈ വിധം നമ്മെ ആക്രമിച്ചു തുടങ്ങിയാൽ :
“അതിജീവനം!!
എന്ന കരുത്തുമായി,
തളർന്നാലും…. വീഴാതെ!!
ഇനിയും എത്ര കാതമാണ് നമുക്കെല്ലാം മുന്നോട്ട് പോകാൻ കഴിയുക….. 🙏🏿🌹