രചന : രാജു കാഞ്ഞിരങ്ങാട്✍️
ബാംസൂരിയുടെയീണം
എൻ്റെ കന്യാമുലകളെ വന്നു –
തഴുകുന്നു
അവൻ്റെ ഗന്ധമുള്ള
ഉപ്പു രുചിയുള്ള കടൽകാറ്റ്
മേനിയെ തഴുകി ഇക്കിളിയാ
ക്കുന്നു
പാഞ്ഞുവന്നൊരു തിരമാല
കാൽപ്പാദങ്ങളെ ചുംബിച്ചുല –
യ്ക്കുന്നു
അവൻ്റെ കാൽപ്പാടു വരഞ്ഞ
കവിതയാണു ഞാൻ
അടിമുടി പൂത്തൊരു പൂമരം
അവനെൻ്റെ കൃഷ്ണൻ
യമുനയുടെ തോഴൻ
അവൻ്റെ വേണുനാദത്തിൽ
പാദാരവിന്ദത്തിൽ
വിരിയുന്നു ഞാൻ
കടലേ,
എൻ്റെ കവിതേ
എൻ്റെ കന്യാവനങ്ങളിൽ
നിനക്കു മാത്രം പ്രവേശനം!
ഞാൻ രാധ
അവനെൻ്റെ കണ്ണൻ
അവൻ്റെ ബാംസൂരിയീണം
എൻ്റെ കന്യാ മുലകളെ തഴുകുന്നു
എൻ്റെ കന്യകാത്വം അവനായ് –
സമർപ്പിക്കുന്നു
………………………………..