രചന : ദിനേശ് മേലത്ത്✍️
ജീവനം സുന്ദരമാക്കീടുന്നൊരു ജീവകാലത്തിനായ്,
സ്വാർഥരാം മാനുഷൻ ധരണിയിൽ വാഴുന്നു,
ലോകം പിടിച്ചടക്കീടുവാനുള്ള മോഹമായ്,
കൊലയും ,കൊള്ളയും നിത്യമാം ദേശത്തിൽ .
ചക്രവാതമായ്… തരംഗാവലിയായ് പ്രകൃതിമാറി,
സദാനാശം വിതച്ചീടും ദുരന്തമാകുന്നൊരീ-
മഞ്ജീരമണി നാദമായ് മാറുന്നൊരീ ഭൂതലം.
ഉന്മാദചിന്തയാൽ മാതാപിതാക്കളെ നിഗ്രഹിച്ചീടുന്നു
ഇന്നെനിക്കെല്ലാം തന്റെ കരങ്ങളിൽഒതുക്കണമെന്നുള്ള
വ്യാമോഹ നിനവിനാൽ ക്ഷണികമാം വേലകൾ
അന്ധകാരത്തിൻ രാക്ഷസനാവുന്നു മർത്ത്യൻ.
കള്ളവും, കാപട്യങ്ങളും നിറഞ്ഞൊരീ മഹീതലം,
എന്നും പീഡനത്തിൻ വൃത്താന്തങ്ങൾ കാതിലിരമ്പുന്നു,
പ്രപഞ്ചശക്തിയേ നീ ലോകത്തെ സംരക്ഷിച്ചീടുകയെന്നും
മർത്ത്യജന്മം ജലത്തിലെ കുമിളയെന്നപോൽ കണ്ണിമവെട്ടി
തുറക്കുന്ന മാത്രയിൽ പേമാരി ദുരിതമായ് മാറുന്ന കാഴ്ചയും
മാനവദ്രോഹത്താൽ നിറയുമീ മന്നിടം,
പല ചെയ്തിയാൽ മനുജൻ ഒറ്റശീലയിൽ വിശ്വത്തെ മൂടുന്നു.