രചന : ഉണ്ണി കെ റ്റി ✍️
നീ പറഞ്ഞത് ശരിയാണ്. സൃഷ്ടാവിന്റെ ഒട്ടും സർഗ്ഗാത്മകമല്ലാത്ത ഭാവനയിൽ ഉരുതിരിഞ്ഞതാണ് ഞാനും എന്റെ കഥയും.
ക്ഷമിക്കണം. ഞാൻ നിന്നെ നോവിക്കാൻ ഉദ്ദേശിച്ചല്ല ചോദിച്ചത്…, അന്യനൊരുത്തന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനുള്ള ജനിതകമായ കൗതുകത്തിന്റെ മ്ലേച്ഛത എന്നിലും ഊറിക്കൂടിയിട്ടുണ്ട്.
ഹേയ്… നീയപ്പോഴേക്കും വികാരഭരിതയായല്ലോ…? ഈസി ഈസി…
ഞാനവളെ എന്നിലേക്ക് ചേർത്തുപിടിച്ചു. നമുക്കിടയിൽ ഇപ്പോഴും ഒരകലം ബാക്കിയുണ്ട്…
അല്ലെങ്കിൽ നീയങ്ങനെ ഇമോഷണലാകുമായിരുന്നോ…?
അവളൊന്നും മിണ്ടാതെ എന്നിൽനിന്നകലാതെ, കൂടുതൽ ഇഴുകിനിന്നു.
നീയെന്നെ സംശയിക്കുന്നുവോ…?
ഈറൻപടർന്ന കണ്ണുകളുയർത്തി അവളെന്റെ മുഖത്തേക്ക് നോക്കി.
സംശയമോ…? നീപോലും വേർതിരിച്ചെടുക്കാത്ത വാസ്തവമാണത്. ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽനിന്നെത്തിയവരാണ് നമ്മൾ.
എന്നെ മുഴുവൻ പഠിക്കാൻ നിനക്കാകില്ലെന്ന ബോധ്യം നിന്റെ ഉപബോധമനസ്സിലുണ്ട്. നേരിനെ നേരിടാൻ മടിയുള്ളതുകൊണ്ടാണത് നിന്നില്നിന്ന് മറഞ്ഞു നിൽക്കുന്നത്.
എനിക്കുമതെ, നിന്നെ മുഴുവനായറിയാൻ കഴിയില്ലെന്നറിയാം. എങ്കിലും അറിഞ്ഞിടത്തോളം അറിവാണെന്നും അറിയാനുള്ളത് അന്വേഷണമാണ് എന്നും വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ!
സൗഹൃദങ്ങൾക്കിടക്ക് പക്ഷെകൾക്കും ക്ഷമാപണത്തിനും ഒരു സ്ഥാനവുമില്ലെന്നു ഞാൻ വിശ്വസിക്കുന്നു.
നാനാത്വങ്ങളില്നിന്ന്, വിഭജിക്കാനാരുതാത്ത ആകാശത്തിന്റെ കീഴെ പരസഹസ്രങ്ങളായ ചേതനവും അചേതനവും പങ്കിടുന്ന കാറ്റിന്റെ യും വെളിച്ചത്തിന്റെയും പങ്കുതന്നെയല്ലേ നാമിരുവരും പകുത്തനുഭവിക്കുന്നത്…?
എന്നിട്ടും നമ്മൾ പരസ്പരം അവിശ്വസിക്കുന്നു…, സുരക്ഷിതമെന്നരകലം പണിയുന്നു…!
അവളെന്റെ അരക്കെട്ടിലൂടെ കൈയിട്ട് എന്നെ കൂടുതൽ അവളിലേക്ക് ചേർത്തു. “എന്റെ അറിവുകേട്…, നിന്നെപ്പോലെ ചിന്തിക്കാൻ ഞാനിനിയുമെത്ര വളരണം?” ശബ്ദം ഇടറുന്നത് മറച്ചുപിടിക്കാൻ അവൾ കൃത്രിമമായി ചുമച്ചു.
ഏറെ നേരമായി നമ്മൾ നടക്കുന്നു. നമുക്കോരോ കാപ്പികുടിക്കാം. മുന്നിൽക്കണ്ട തട്ടുകടയുടെ നേർക്ക് നടന്നുകൊണ്ടു ഞാൻ എന്നെ ചുറ്റിയ അവളുടെ കൈകൾ സാവധാനം വിടർത്തി ഞാനവളുടെ മുഖത്തേക്ക് പാളിനോക്കി. ഒട്ടും ഉന്മേഷമില്ലാത്ത ഭാവം കല്ലിച്ചുകിടപ്പുണ്ടവിടെ.
നിരത്തിയിട്ട പഴകി നിറംമങ്ങിയ നാല് പ്ലാസ്റ്റിക് സ്റ്റൂളുകളിൽ അടുത്തടുത്ത രണ്ടെണ്ണത്തിൽ ഞങ്ങൾ കാപ്പിയുംകാത്ത് ഇരുന്നു. വിട്ടൊഴിയാൻ മടിക്കുന്ന മൗനം ഞങ്ങൾക്കു ചുറ്റും ഘനീഭവിച്ചു നിന്നു.
ചൂടുള്ള കാപ്പി ഊതക്കുടിച്ചുകൊണ്ടു ഞാൻ അവളെത്തന്നെ നോക്കിയിരുന്നു. മറ്റേതോ ലോകത്തെന്നപോലെ യാന്ത്രികമായി കാപ്പി നുണയുന്നയതുകണ്ടപ്പോൾ എനിക്ക് നേരിയ കുറ്റബോധംതോന്നി.
നീയെന്താ കൺമിഴിച്ച് സ്വപ്നം കാണുന്നോ….? ഞാനവളുടെ തോളിൽ മൃദുവായിത്തട്ടി. ചെറിയൊരു ഞെട്ടലോടെ അവളെന്നെനോക്കി, പിന്നെ ഉദാസീനമായി മന്ദഹസിച്ചു.
ഞാൻ നിന്നെ വേദനിപ്പിച്ചോ …?
നിറഞ്ഞുവരുന്ന കണ്ണുകൾ എന്നില്നിന്നു മറയ്ക്കാനാവൾ ദൂരെക്കു നോക്കി, പിന്നെ കൈയിലിരുന്ന തൂവാലകൊണ്ടു കണ്ണുകളൊപ്പി.
ഞാൻ പാതികുടിച്ച കാപ്പി അടുത്തുള്ള സ്റ്റൂളിൽവച്ച് എഴുന്നേറ്റു. കടക്കാരന് പൈസകൊടുത്തുകൊണ്ടവളോട് പറഞ്ഞു. വാ…നമുക്ക് പോകാം.
അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ശേഷിച്ച കാപിയുപേക്ഷിച്ച് അവളെന്നെ പിന്തുടർന്നു.
ഏറെദൂരം ഞങ്ങളൊന്നും സംസാരിച്ചില്ല. ഏറെ പിറകിലായണവൾ നടക്കുന്നത്.
ചിന്തകളും കുറ്റബോധവും എന്നെ നിയന്ത്രിച്ചതിനാലാകാം ഞാനറിയാതെ എന്റെ ചുവടുകൾക്ക് വേഗമേറിയത്. അവൾ ഒപ്പമെത്താൻ ഞാൻ കാത്തുനിന്നു. നേരിയ കിതപ്പോടെ നടന്നെത്തി അവളെന്റെ മുന്നിൽനിന്ന് തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.
നിനക്കും വിഷമമായി. അവൾ ഇടറിയ സ്വരത്തിൽപ്പറഞ്ഞെന്റെ ഇടതുകൈയിൽ വിരൽകോർത്തു, വാ…, നടക്കാം. എന്നെ ഏറെത്തിരക്കുള്ള എങ്ങോട്ടെങ്കിലും കൊണ്ടുപോകൂ…
ഒന്നും മിണ്ടാതെ ദൂരെനിന്ന് വരുന്ന ഒരു ഓട്ടോറിക്ഷക്ക് ഞാൻ കൈകാണിച്ചു. ആദ്യം അവളും പിന്നെ ഞാനും കയറി.
ബീച്ചിലേക്ക് …
വഴിനീളെ ഞങ്ങളൊന്നും സംസാരിച്ചില്ല. ഞാനെങ്ങോ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്തോടെ എന്റെ തോളിൽ തലചായ്ച്ചവളെന്നോട് ഇഴുകിയിരുന്നു.
കടലിലേക്ക് പതിയെ ആഴ്ന്നിറങ്ങുന്നു ശോണബിംബം.
ചക്രവാളം പ്രതിഫലിക്കുന്ന ജലത്തിൽ പടർന്ന ചുവപ്പുരാശി എന്നെ വീണ്ടും നിനവുകളുടെ അശ്വവേഗങ്ങളനുഭവിക്കുമ്പോൾ പഴയ ഉന്മേഷം വീണ്ടെടുത്ത അവൾ എന്റെ കൈപിടിച്ചു വലിച്ചു, വാ, നമുക്ക് വെള്ളത്തിലിറങ്ങാം….
കാലിലെ ചെരുപ്പ് കൈയിലെടുത്തുപിടിച്ച് തീരത്തേക്ക് വരുന്ന തിരകൾക്കൊപ്പം അവളെന്നെയും വലിച്ച് മേൽപ്പോട്ടോടുകയും തിരികെ ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
ചെറുതായിരിക്കുമ്പോൾ ചെറിയമ്മമാരുടെ മക്കളുടെ കൂടെ തൊട്ടുമണ്ടിക്കളിച്ചിരുന്നതോർമ്മവന്നു. ഇപ്പോൾ അവരെല്ലാം എവിടെയായിരിക്കും?
അകാലത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥനായിപ്പോയവന്റെ ഓർമ്മയിലേക്ക് ഇടക്കിടക്ക് വിരുന്നെത്തുന്ന ബാല്യകൗമാര സ്മരണകളുടെ മങ്ങിയനിറംപോലെ ആഴിയിൽ മുങ്ങിയ സൂര്യനൊപ്പം പതിയെ ഇരുളിൽ മായുന്ന പശ്ചിമാംബരത്തിലേക്ക് നോക്കി ഒരു നിമിഷം നിന്ന എന്റെ മുട്ടോളമെത്തിയ ഒരു തിരയെന്നെ നനച്ചു. ഒപ്പം അവളും നനഞ്ഞു, എന്നെ എന്റെ ചിന്തകളിലേക്ക് വിട്ട് ഇരുണ്ട കടൽനോക്കി നിൽക്കുന്ന അവളിലേക്ക് തിരപടർത്തിയ നനവന്നെ തിരികെയെത്തിച്ചു.
ഞാൻ…ഞാനെന്തോ ഓർത്തുനിന്നു പോയി. ഒരു ക്ഷമാപണംപോലെ ഞാനവളിലേക്ക് കുനിഞ്ഞു.
എനിക്കറിയാം…ഞാനാണ് നിന്റെ മൂഡ് നശിപ്പിച്ചത്. നീ പറഞ്ഞത് സത്യമാണ്. എന്നിലെവിടെയോ ഒരവിശ്വാസി ഉണ്ടായിരുന്നു. നൂറുശതമാനം നിന്നെ വിശ്വസിച്ചില്ലെന്ന സത്യത്തെ ഞാൻ ഉൾക്കൊള്ളുകയായിരുന്നു.
വാ…., ആൾ തിരക്കധികമില്ലാത്ത ഒരു കോണിലേക്ക് ഞാനവളുടെ കൈപിടിച്ചു നടന്നു.
പൂഴിമണ്ണിൽ ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു. കൂട്ടുകാരീ, ഞാനൊരരസികനാണല്ലേ, അന്തർമുഖനും…? എന്നെ പരിചയപ്പെട്ടത് അബദ്ധമായെന്നു പലപ്പോഴും നിനക്ക് തോന്നിയിട്ടില്ലേ…? എനിക്ക് ചുറ്റും നിഗൂഢമായ ഏതോ കഥയുണ്ടെന്നു നീ വിശ്വസിക്കുന്നു. ശരിയല്ലേ…?
സത്യം പറയട്ടേ…., ഇതിൽ വലിയൊരളവ് സത്യമുണ്ട്. ആർക്കും മുഖംതരാതെയുള്ള നിന്റെ നടപ്പ് സ്വാഭാവികമായും നിന്നിലെന്തോ നിഗൂഢതയുള്ളതായി സംശയിക്കാൻ മതിയായ കാരണമായിരുന്നു. എങ്കിലും നിന്നെ എനിക്ക് എങ്ങനെയോ ഇഷ്ടമായി.
നിന്റെ രഹസ്യങ്ങളറിയാൻ, നിന്റെ നേരറിയാനാണ് നിരന്തരം നിന്റെ കഥകേൾക്കാൻ ഞാനാഗ്രഹിച്ചത്.
പുതുമയൊന്നും ഇല്ലാത്ത കഥയാണെന്റേത്. നൂറ്റൊന്നാവർത്തിച്ച മറ്റൊരു ജീവിതം. സാഹചര്യങ്ങൾ അറിയാതെന്നെ പൊതിഞ്ഞെടുത്ത കവചമാണ് ഈ അന്തർമുഖത്വം. ഇതിപ്പോൾ ഒരു പരിചപോലെ ഞാൻ ഉപയോഗപ്പെടുത്തുന്നു!
ഒരനാഥൻ ഓടിത്തീർത്തവഴികളിലെ വിരസകഥകൾ നീയൊത്തിരി കേട്ടിട്ടില്ലേ, പേരും മുഖവും മാറുന്നു എന്നല്ലാതെ എന്റെ കഥയിലും പുതിയതായി ഒന്നുമില്ല.
ഇനി വേണമെങ്കിൽ നിനക്കുവേണ്ടി നൂറ്റൊന്നാവർത്തിച്ച കഥ ഒരിക്കൽക്കൂടി ആവർത്തിക്കാം …
സത്യം… ഞാനൊരു കഥയും ഇല്ലാത്തവനാണ്. എനിക്കറിയാം, നീ ഈ ട്രിപ്പ് പ്ലാൻ ചെയ്‌തത് എന്റെ രഹസ്യചരിതം ഖനനം ചെയ്യാനാണ്.
എനിക്കതിൽ പരാതിയില്ല. പക്ഷെ നീ പ്രതീക്ഷിക്കുന്നതോ നിന്നെ രസിപ്പിക്കുന്നതോ ആയ വ്യത്യസ്തമായതൊന്നും എനിക്കു കഥിക്കുവാനില്ല.
വേണമെങ്കിൽ പിറവികൊണ്ടു എന്നെ പലമേഖലകളിലേക്ക് പകുത്ത പിതാവിന്റെയും മാതാവിന്റെയും മൗഢ്യത്തിന്റെ, സാന്ദ്രമായ ഭ്രമസങ്കല്പങ്ങളുടെ ഇരുൾചുമരുടച്ച വിപ്ലവം പുളിച്ചുമണക്കുന്ന നിന്നെ ത്രസിപ്പിക്കുന്ന കഥയായെനിക്ക് അനാച്ഛാദനം ചെയ്യാം. പക്ഷെ കൂട്ടുകാരി, അതെല്ലാം വെറും പതിരാണ്. നീ വെറുതെ കേട്ടുമറക്കുന്ന ഒട്ടും നിലവാരമില്ലാത്ത കഥ!
ഞാനിപ്പോൾ ഏകനല്ല ഉപാധികളോടെയെങ്കിലും നീയെന്നെ സ്നേഹിക്കുന്നുണ്ടല്ലോ…?
ഇത്രയേറെ ദൂരം എന്നോടൊപ്പം വന്നതിന്, കേൾക്കാനാഗ്രഹിച്ചതൊന്നും എനിക്ക് പറയാനില്ലെന്നറിയുമ്പോൾ നിനക്ക് ഒരു വ്യർത്ഥയാത്രയുടെ നിരാശാനിർഭരമായ പരിസമാപ്തിയിൽ എന്നെഭർത്സിക്കാം, അല്ലെങ്കിൽ സ്വയം കുറ്റപ്പെടുത്താം. വേണമെങ്കിൽ ഒറ്റപ്പെടുത്താം.
നിരാശ നിന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്നതുനോക്കി ഞാൻ പറയട്ടേ, പ്രിയദേ…,
ഒരു കഥയുമില്ലാത്തവനാണു ഞാൻ….! അതാണെന്റെ കഥ!
അവളെന്റെ അരികിലേക്ക് കൂടുതൽ നീങ്ങിയരുന്ന് എന്റെ തലപിടിച്ച് അവളുടെ തോളിലേക്ക് ചായ്ച്ചു. പതിയെ എന്റെ മുടിയിലൂടെ വിരലോടിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ഇപ്പോൾ എനിക്ക് നിന്നെയറിയാം. നിന്റെ കഥയും.
ഇടതുകൈകൊണ്ടവൾ എന്റെ മുതുകത്ത് സാന്ത്വനതാളമിട്ടു. തിരകളെത്തൊട്ട ഒരീറൻകാറ്റ് ഞങ്ങളെത്തഴുകി കടന്നുപോയി.
പതിയെ ഉള്ളിന്റെയുള്ളിൽ ഞാനൊരു കഥയുള്ളവനായി പരിണമിക്കുന്നുണ്ടോ? എങ്കിൽ പ്രിയ തോഴി എന്റെ കഥയുടെ ശീർഷകം നീയല്ലേ?