സ്ക്രീനിൽ ചീറ്റിത്തെറിച്ച ചോര വീണ്
ഹൃദയം മുറിഞ്ഞ് വേദനിച്ചപ്പോൾ
മക്കളെയോർത്തു ചങ്കുലഞ്ഞ് ആധി കേറി
പ്രാർത്ഥനയോടെ അമ്മ ചാനൽ മാറ്റി .
അഗ്നിയായ് ആളിപ്പടർന്ന പെൺജീവൻ്റെ
മരണപ്പാച്ചിൽ കണ്ടുള്ളു പൊള്ളിയപ്പോൾ
ഫോണിൽ കുത്തിക്കൊണ്ടിരുന്ന മകളെ
ശകാരിച്ച് അമ്മ ചാനൽ മാറ്റി .
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചയാളെ
തെളിവില്ലാതെ വെറുതെവിട്ടെന്നു കേട്ട്
മുറ്റത്തു മണ്ണുവാരും കുഞ്ഞിനെയെടുത്ത്
നെഞ്ചിൽ ചേർത്ത് അമ്മ ചാനൽ മാറ്റി .
ക്രിമിനൽ കേസുകളിൽ പ്രതിയായ
പോക്സോ പ്രതിക്കു ജാമ്യമെന്നു കേട്ട്
കള്ളനു കഞ്ഞിവച്ചൂട്ടുന്നവരെ
ഉറക്കെ ശപിച്ച് അമ്മ ചാനൽ മാറ്റി .
പ്രണയമെന്ന വിശുദ്ധപുസ്തകത്തിൽ
പകയും ക്രൂരതയും എഴുതിച്ചേർത്ത്
വികലമാക്കിയവരെ നിശ്ശബ്ദം പ്രാകി
കലിയോടെ അമ്മ ചാനൽ മാറ്റി .
ധനമോഹത്തിൻ്റെ വിഷധ്വംസനമേറ്റ്
ചേതനയറ്റ നിസ്സഹായമുഖം കണ്ട്
തിരുത്തില്ലാത്ത കാലപ്രയാണത്തിൽ
മുഖം പൂഴ്ത്തി അമ്മ ചാനൽ മാറ്റി .
കൊടുംക്രൂരരുടെ കത്തിമുനകളിൽ
പിടയും ജീവൻ്റെ പെരുംനിലവിളികൾ
കണ്ടു ഞടുങ്ങി , പേടിച്ച് , കൂടെക്കരഞ്ഞ്
അമ്മ ചാനൽ തെരുതെരെ മാറ്റി മടുത്തു .
മടിശ്ശീലക്കനത്തിൽ കീഴ്മേൽമറിയും
നിയമവും നീതിന്യായമൗനവും കണ്ട്
പ്രതിഷേധിച്ച് ചാനലുകൾ മാറ്റി മാറ്റി
ഹൃദയവ്യഥയാൽ അമ്മ ടിവി ഓഫാക്കി .

By ivayana