രചന : എം പി ശ്രീകുമാർ ✍
വയനാടൻ മണ്ണിൽ പേമാരിയാണെ
കണ്ണീരു പെയ്യും പേമാരിയാണെ
മല പിളർന്നെല്ലാമാർത്തിരമ്പി
മലയും മലവെള്ളോമൊത്തു വന്നു !
മലയടിവാരം തകർന്നടിഞ്ഞു
മിഴിനീരു മാത്രം തെളിഞ്ഞു നിന്നു
മാനുഷരൊക്കെയൊലിച്ചു പോയി
മണ്ണും മരങ്ങളുമുടഞ്ഞൊഴുകി
ബഹുജീവജാലം തകർന്നു പോയ്
ജീവിതമാഴത്തിലാണ്ടുപോയി !
ഭൂമി പിളർന്നു തകർന്നു വന്നാ
രോദനമെങ്ങൊയകന്നു പോയ്
എന്തീ മലയുടെ നെഞ്ചു പൊട്ടി
ചെഞ്ചോര പോലവെ വെള്ളമെത്തി ?
എന്തേ ഹൃദയം നുറുങ്ങി ഭൂമി
വേദന കൊണ്ടു പിടഞ്ഞു പോയി?
ഗോവർദ്ധനം പോലീ നാടു കാത്ത
മാമല മേലാരു കത്തി താഴ്ത്തി ?
നല്ല പേമാരികളേറ്റുവാങ്ങി
മെല്ലെ യമൃതായ് പകർന്നുതന്നാ
മാമലമേൽ മുറിവേകിയേകി
ലാഭക്കൊതിയോടെ ചോടുടച്ചു !
പണ്ഡിതർ ചൊല്ലിയ വാക്കുകളെ
പാഴ്മണ്ണുപോലെ ചവുട്ടി മാറ്റി
ലോഭങ്ങളാളിപ്പടർന്നു കേറെ
ലോകം നശിക്കാതെയാരു കാക്കും !
വയനാടൻ മണ്ണിൽ പേമാരിയാണെ
കണ്ണീരു പെയ്യും പേമാരിയാണെ