ചില്ലകൾവെട്ടി താഴെവീഴ്ത്തുമ്പോൾ
മാമരം കണ്ണുതുറിച്ചുനോക്കി
കഷ്ടം…കഷ്ടം മർത്ത്യാനിൻ ചെയ്തികൾ
കഷ്ടകാലത്തിന്റെ കാണാപ്പുറങ്ങൾ
നഷ്ടമായതീ മരമല്ലനിന്നുടെ
ജീവിതമാർഗത്തിന്റെ കാലടികൾ
കഷ്ടം..കഷ്ടം നീയെത്രനിഷ്ക്രിയൻ
കണ്ണ് തുറക്കുക കാണാം നിഷ്ക്രിയത്വം
ഇലകൾപൊഴിഞ്ഞു വീണുപിടയുമ്പോൾ
മാമരം കണ്ണു നിറച്ചുപോയി
കഷ്ടം…കഷ്ടം മർത്ത്യാനിൻ തെറ്റുകൾ
നഷ്ടമാക്കുന്നത് സ്വന്തം തണൽക്കാടുകൾ
അന്യമാകുന്നതീ മരത്തിന്റെയിലയല്ല
നിന്നുടെ ജീവിതത്തിൻശ്വാസതാളം
കഷ്ടം.. കഷ്ടം നീയെത്ര നികൃഷ്ടനായ്
ഉള്ളംതുറക്കുക കാണാം നികൃഷ്ടതകൾ
തടിമരംവേർപെട്ട് മണ്ണിൽപ്പതിക്കുമ്പോൾ
മരമന്ത്യശ്വാസം വലിച്ചുപോയി
കഷ്ടം… കഷ്ടം മനുഷ്യാനിൻ ക്രൂരത
താറുമാറാക്കുന്നു പ്രകൃതിയുടെ സന്തുലിത
ഇല്ലാതാവുന്നതീ മരത്തിന്റെ തടിയല്ല
പ്രപഞ്ചത്തിൻതാളം ജീവതാളം
കഷ്ടം…കഷ്ടം നീയെത്ര സ്വാർത്ഥനായ്
ചിന്തകൾക്കപ്പുറം നിന്റെ സ്വാർത്ഥമോഹം
എല്ലാം നഷ്ടമായപ്പോൾ വേരുകൾമണ്ണിൽ
പിടഞ്ഞു പുളഞ്ഞു താണ്ഡവമാടിപ്പോയി
മണ്ണതിൻ പ്രഹരത്തിൽ പ്രകമ്പനം കൊണ്ടു
അടിത്തട്ടിലുരുൾപൊട്ടി പ്രളയമായി
നഷ്ടമായത് വെറുമൊരുമരമല്ല മലയല്ല
ജീവജാലങ്ങളത്രേ ഏറെയേറെ
കഷ്ടം… കഷ്ടം മർത്ത്യാനിൻ ചെയ്തികൾ
കഷ്ടകാലത്തിന്റെ കാണാപ്പുറങ്ങൾ
കഷ്ടകാലത്തിന്റെ. കാണാപ്പുറങ്ങൾ…!

മോഹനൻ താഴത്തേതിൽ

By ivayana