രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
മതങ്ങളെവിടെ, ജാതികളെവിടെ, ദൈവങ്ങളുമെവിടെ?
ചിതകളെരിഞ്ഞു പുകഞ്ഞീടുമ്പോൾ ചോദിച്ചീടുന്നേൻ
മനുഷ്യനൊന്നേ കൈകൾനീട്ടാൻ മനുഷ്യനായുള്ളൂ
മനുഷ്യനായി മതങ്ങൾവെടിയൂ,
ജാതികളും പാടേ
പള്ളികൾ,ക്ഷേത്രങ്ങൾ,മസ്ജിത്തുക-
ളെന്തിനു പണിവൂനാം
വേണ്ടതു മാനവനന്തിയുറങ്ങാ-
നുള്ളോരിടമല്ലോ
മനുഷ്യനല്ലാതുണ്ടോ ദൈവം
മഹീതലത്തിങ്കൽ?
മനുഷ്യജീവനു തുണയേകീടാൻ
മനുഷ്യനേയാകൂ
സമസ്ത ജീവനുമായീജീവിത-
മുഴിഞ്ഞുവച്ചീടാം
സമഭാവന കൈവെടിയാതെന്നും
നമുക്കു നീങ്ങീടാം
ഒരിക്കലേവരുമിവിടീമണ്ണോ-
ടടിഞ്ഞുചേരില്ലേ
അതിന്നുമുന്നേ ജീവിതമെന്തെ-
ന്നറിയുക സദയംനാം
പരസ്പരം സ്നേഹപ്പൂച്ചെണ്ടുകൾ
കൈമാറീടാതെ,
നമുക്കു നേടാനാവില്ലൊന്നും
ധരതന്നിൽ സതതം!
കനവുകളങ്ങനെ കാൺമൂനമ്മൾ
നിരന്തരം മന്നിൽ
മരണംവരെയും ചെയ്യുകനൻമക-
ളരുതൊരു ചെറുഹുങ്കും
ഇടതടവില്ലാതിവിടുണ്ടാകാം
കൊടിയ വിപത്തിനിയും
അടിമുടിയതിനെയുമതിജീവിപ്പൂ,
പടുതയൊടീനമ്മൾ
തെളിഞ്ഞ ഹൃദയവുമായ് സൻമാർഗ്ഗം
തെളിച്ചുസാമോദം
തുടർന്നിടൂ വാഴ്‌വവനിവിശാലം,
അടിപതറാതേവം.