ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

“മോനേ… മൂന്നാം തീയതിയാണ് കറുത്തവാവ്, അച്ഛന് ബലിയിട്ടിട്ടെത്രകാലായി നീ ? ഇത്തവണയെങ്കിലും നീ വരില്ലേ ? പെമ്പിള്ളാരു രണ്ടുപേരും എല്ലാക്കൊല്ലവും അവർക്കൊക്കുന്നപോലെ ചെയ്യാറുണ്ടെങ്കിലും നീയുംകൂടെ ഇതൊക്കെ ചേയ്യേണ്ടതല്ലേ. മക്കളെല്ലാവരും ബലിയിടുമ്പോഴല്ലേ അച്ഛന്റെ ആത്മാവിന് തൃപ്തിയുണ്ടാവുക. തൊടിയിൽ ബലിക്കാക്കകൾ വരാൻതുടങ്ങി.”
ഇന്നലെ വിളിച്ചപ്പോൾകൂടെ അമ്മ ഓർമ്മിപ്പിക്കയുണ്ടായി. ഏഴാം വയസ്സിൽ തുടങ്ങിയ ബലിയിടീലാണ്. ജോലികിട്ടി നാടുവിടുന്നവരെയും എല്ലാക്കൊല്ലവും മുടങ്ങാതെ അറബിക്കടലിനെ സാക്ഷിനിർത്തി വർക്കലയിലോ തൃക്കുന്നപ്പുഴയിലോപോയി ബലിയിട്ടിരുന്നതാണ്.
അനിയത്തിമാരായിരുന്നു പിന്നീടങ്ങോട്ട് അച്ഛന് ബലിയിട്ടുകൊണ്ടിരുന്നത്. അച്ഛൻ മരിക്കുമ്പോൾ ഇരട്ടക്കുട്ടികളായ അവർ കൈക്കുഞ്ഞുങ്ങളായിരുന്നു. അവർക്ക് അച്ഛനെ കണ്ട ഓർമ്മയില്ലാന്ന് എപ്പോഴുംപറഞ്ഞ് സങ്കടപ്പെടാറുള്ളതാണ്.
വ്രതശുദ്ധിയോടെ പിതൃമോക്ഷ പ്രാപ്തിക്കായി നടത്തുന്ന ബലിതർപ്പണം കഴിഞ്ഞ് ആ അന്നം കാക്കകൾക്ക് ഊട്ടിക്കഴിയുമ്പോൾ ഒരു ആത്മസംതൃപ്തി ഉണ്ടാവാറുണ്ട്. ഇത്തവണ എന്തായാലും നാട്ടിൽപ്പോയി അച്ഛന്റെ ആത്മാവിന് ബലിതർപ്പണം ചെയ്യണമെന്ന് തീരുമാനിച്ചിട്ടാണ് ഉറങ്ങാൻകിടന്നത്.
നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയപ്പോൾ രാത്രി എട്ടുമണി. ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. ആഹാരം വീട്ടിൽ ചെന്നിട്ടാകാമെന്നുകരുതി, പെട്ടെന്ന് ചെന്നു കയറുമ്പോൾ അമ്മയ്ക്കതൊരുവലിയ സന്തോഷമായിരിക്കും.
“സാന്ദ്രമാം മൗനത്തിൻ കച്ചപുതച്ചു നീ
ശാന്തമായ് അന്ത്യമാം ശയ്യ പുൽകീ..
മറ്റൊരാത്മാവിൻ ആരുമറിയാത്ത
ദുഃഖമീ മഞ്ചത്തിൽ പൂക്കളായി..”
ദാസേട്ടന്റെ മനോഹരമായ ശബ്ദം കാറിന്റെ സ്റ്റീരിയോയിൽനിന്ന് അങ്ങനെ ഒഴുകിയെത്തുന്നു. ഡ്രൈവർ ഒരു സംഗീത പ്രേമിയാണന്നു തോന്നുന്നു.
സംഗീതത്തിന്റെ സുഖം കൂടുതൽ നുകരാൻ കണ്ണുകൾപൂട്ടി ചാരിക്കിടന്നു.
പാട്ടിന്റെ വരികളിലൂടെ ചിന്തകൾ പുറകോട്ട് പാഞ്ഞു.
പട്ടാളക്കാരനായിരുന്നതിനാൽ വർഷത്തിൽ ഒരു പ്രാവശ്യമാണ് അച്ഛൻ ലീവിന് വന്നിരുന്നത്. അന്നൊക്കെ അച്ഛൻ നാട്ടിൽ വരുന്നത് ഒരു ഉത്സവംപോലെയായിരുന്നു.
കൃഷിക്കാര്യങ്ങളിൽ വലിയ കമ്പമുണ്ടായിരുന്ന ആളായിരുന്നതിനാൽ ആ സമയം നോക്കിയൊക്കെയാണ് അച്ഛൻ സാധാരണ ലീവിന്‌ വരാറ്. രാത്രിയിൽ അച്ഛന്റെ കൂടെക്കിടന്ന് പട്ടാളക്കഥകൾ കേട്ടുറങ്ങുന്നത് ഒരു ശീലമായിരുന്നു. ആ തോളിൽ കയറിയിരുന്ന് എത്രയെത്ര ഉത്സവങ്ങളാണ് കാണാൻപോയിട്ടുള്ളത്.
“ഗോപാലാ, നാളെ നമ്മുടെ രണ്ടുപറയിൽ ഞാറുനടണം, ഇത്തവണ കണ്ടത്തിൽ ലേശം വെള്ളം കൂടുതലാണ്. നീയും ആനന്ദനും കൂടി ചക്രം എടുത്ത് നാട്ട്. ഞാറുനടാനുള്ള പെണ്ണുങ്ങളോട് പറഞ്ഞേക്കുക”
“ഞാനൊരിടംവരെ പോവുകുയാണ് വരാൻ വൈകും. നീയെല്ലാം ഏർപ്പാടാക്കിവെയ്ക്കണം കേട്ടോ”
രാവിലെ പണിക്കാർക്കുള്ള നിർദ്ദേശം കൊടുത്തുകൊണ്ടച്ഛൻ മുറ്റത്ത് നിൽക്കുന്നു. അച്ഛനുള്ളപ്പോൾ പണിക്കാർക്കും വലിയ ഉത്സാഹമാണ്. കാരണം വൈകിട്ട് കൂലിക്കുപുറമേ പട്ടാളത്തിൽനിന്ന് കൊണ്ടുവരുന്ന റമ്മ് രണ്ടളവ് ഒഴിച്ചുകൊടുക്കുന്ന പതിവുള്ളതാണ്.
വല്ലപ്പോഴും അടുത്തവീട്ടിലെ അമ്മൂമ്മ ഒരു ചെറിയ കുപ്പി കൊണ്ടുവന്നിട്ടു പറയും “മോനെ, ആ വായൂന്റെ മരുന്നുണ്ടെങ്കിൽ കുറച്ച് ഇതിലോട്ടൊഴിച്ചുതാ”
അതിൽ കുറച്ച് ഒഴിച്ചുകൊടുത്തിട്ട് അച്ഛൻ ചിരിച്ചുകൊണ്ട് പറയും
“വെള്ളം ചേർത്ത് കുടിക്കണേ കുഞ്ഞിക്കാ, അല്ലേ ചങ്കെരിഞ്ഞുപോകും”
ഞാൻ പതുക്കെ മുറ്റത്തേക്കിറങ്ങി അച്ഛന്റെ വിരലിൽ പിടിച്ചുകൊണ്ടു പറഞ്ഞു.
“അച്ഛാ, ഇന്ന് ശ്രീകൃഷ്ണജയന്തിയുടെ അവധിയാണ്. വൈകിട്ടെന്നെ അമ്പലത്തിൽ കൊണ്ടുപോകുമോ ? ഉറിയടി കാണാൻ ?”
“പിന്നെന്താ, അച്ഛൻ പോയിട്ട് വേഗം വരാം, എന്നിട്ട് നമുക്കെല്ലാർക്കുംകൂടെ അമ്പലത്തിൽ പോകാം ട്ടോ.”
പിന്നെ അകത്തുകയറി ഉടുപ്പും മുണ്ടും മാറിയുടുത്ത് അമ്മയോടെന്തോ പറഞ്ഞിട്ട് അച്ഛൻ വേഗം റോഡിലേക്കിറങ്ങി നടന്നു.
വൈകുന്നേരമായിട്ടും അച്ഛൻ വന്നില്ല. പത്തായപ്പുരയിൽ നിന്നും ചക്രം എടുത്ത് വെയ്ക്കാൻവന്ന പണിക്കാരോടൊപ്പം അവിടെ നിൽക്കുമ്പോഴാണ് വീടിനു മുന്നിൽ ഒരു അംബാസിഡർ കാറ് വന്നുനിൽക്കുന്ന ശബ്ദം കേട്ടത്. ആരാണെന്നു നോക്കാൻ വേഗം അങ്ങോട്ടോടി.
കാറിന്റെ പിൻസീറ്റിൽനിന്ന് ഒരാളെ പണിപ്പെട്ട് പുറത്തേക്കെടുക്കുന്നു.
“അച്ഛാ..” ഞാനുറക്കെ വിളിച്ചു.
അച്ഛന്റെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. കൈകൾ ബലമില്ലാത്തപോൽ തൂങ്ങിക്കിടക്കുന്നു.
ബഹളംകേട്ട് വീട്ടിൽനിന്ന് എല്ലാരും ഇറങ്ങിയോടിവന്നു. പെട്ടെന്നാണവിടൊരു കൂട്ടനിലവിളിയുയർന്നതും ജനക്കൂട്ടമായതും.
അച്ഛനെ പൂമുഖത്ത് ഒരു പായവിരിച്ച് അതിൽക്കിടത്തി ഒരു വെള്ളമുണ്ടുകൊണ്ട് പുതപ്പിച്ചു. അച്ഛന്റെ മാറിലേക്ക് വീണുകരയുന്ന അമ്മ.
അച്ഛനുറങ്ങുന്നതിന് എന്തിനാണെല്ലാരും ഇങ്ങനെ കരയുന്നതെന്നറിയാതെ അന്തംവിട്ടുനിൽക്കുകയായിരുന്നു ഞാൻ. എന്നെ കെട്ടിപ്പിടിച്ച് അമ്മ കരഞ്ഞപ്പോൾ സങ്കടം അണപൊട്ടി എന്തിനാണെന്നറിയാതെ കൂടെക്കരഞ്ഞു.
ആരോ അടക്കം പറയുന്നതു കേട്ടു കൃഷ്ണൻനായര് ചേട്ടൻ മരിച്ചൂന്ന്.
മരിക്കയോ? അച്ഛൻ മരിച്ചെന്നോ.? ആദ്യമായിട്ടായിരുന്നു ഒരു മരണം കാണുന്നത്.
പടിഞ്ഞാറുവശത്ത് നിന്നിരുന്ന ഒരു മൂവാണ്ടൻമാവു വെട്ടിയതും തെക്കെത്തൊടിയിൽ ഒരു പട്ടട ഉയർന്നതും പെട്ടന്നായിരുന്നു.
ആരോയെന്നെ കിണറ്റുകരയിൽ കൊണ്ടു നിർത്തി തലയിലൂടെ ഒരുതൊട്ടി വെള്ളം കൊരിയൊഴിച്ചിട്ട് ഒരു തോർത്തുടുപ്പിച്ചു.
“മോൻ അച്ഛന്റെ കാലിന്റെ ഭാഗത്ത് പിടിച്ചോളൂ” അരോ പറഞ്ഞത് അനുസരിച്ചു.
അച്ഛനെ പട്ടടയിലേക്ക് എടുത്തപ്പോൾ ഉള്ളൊന്ന് തേങ്ങി.
അരിയും പൂവും എള്ളും നുള്ളി ആ കുഞ്ഞുകൈകളാൽ അച്ഛന് വായ്ക്കരിയിട്ടപ്പോൾ പൊട്ടിക്കരഞ്ഞു പോയി. ആരോ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.
“സർ.. സർ..” ഡ്രൈവർ കുലുക്കി വിളിച്ചപ്പോളാണ് ചിന്തവിട്ടുണർന്നത്.
“സർ.. സ്ഥലം അടുത്തു ഇനി എങ്ങോട്ടാണ് തിരിയേണ്ടത്?, എന്തുപറ്റി സാർ കരയുകയായിരുന്നോ?”
“ഏയ് അല്ല.. കണ്ണിലൊരു പൊടി വീണതാ.
ദാ ആ കാണുന്ന കവലയിൽ നിന്നും ഇടത്തോട്ടുതിരിയണം. വീടെത്തുമ്പോൾ ഞാൻപറയാം, വണ്ടി വിട്ടോളൂ.”
———–

ശ്രീകുമാർ പെരിങ്ങാല

By ivayana