രചന : മംഗളൻ. എസ് ✍️
(ഭാഗം -1)
“”””””””
കരയല്ലേ കണ്ണേയീ കാഴ്ചകൾ കൺകേ
കഥയല്ലിതു ഭാവനയേതുമല്ല!
കനലെരിയുന്ന കരളുകളൊന്നായ്
കദനങ്ങൾ കൈമാറും നേർക്കാഴ്ചയല്ലോ!
ഒന്നല്ല നാലുരുൾ പൊട്ടിയാ നാടകെ
ഒന്നായൊലിച്ചു പോകുന്നൊരു നേർകാഴ്ച!
ഒരുരാത്രിയൊരു ഗ്രാമമൊലിച്ചു പോയ്
ഒത്തിരിയേരേറെ ജീവൻ പൊലിഞ്ഞു പോയ്!
ഉഗ്രശബ്ദം കേട്ടുണരുന്ന മാത്രയിൽ
ഉലയുന്ന വീടുകളിലാടി മർത്യൻ!
ഒന്നിച്ചുറങ്ങിയിരു മുറികളിലായ്
ഒരുമുറിയും ഉറ്റവരുമൊഴുകിപ്പോയ്!
ഒരുമുറിയിൽ ബാക്കിയായവർ തേങ്ങി
ഒരു നെടുവീർപ്പേടവർ മലകേറി!
രാക്ഷസിയെപ്പോലെ രൗദ്രഭാവം പൂണ്ടാ-
രാത്രിയുരുൾപൊട്ടി വന്നു പുന്നപ്പുഴ!
പുഴയോ വഴിമാറിയൊഴുകിപ്പോയി
പുഴയേത് വഴിയേതെന്നറിയാതായി!
വൈദ്യുതി ബന്ധങ്ങളെല്ലാം നിലച്ചപ്പോൾ
വയനാട്ടിലോ കൂരിരുൾ മൂടിപ്പോയി!
പിഞ്ചുകുഞ്ഞുങ്ങളെ കാണാതെയമ്മമാർ
പിച്ചും പേയും പറഞ്ഞങ്ങു കരയുന്നു!
പുഴയൊട്ടു രൗദ്രഭാവം വെടിഞ്ഞില്ല
പേമാരിപ്പെയ്ത്തൊട്ടു തോരുന്നതുമില്ല!
പാഞ്ഞെത്തിവന്ന തൊളിവെള്ളപ്പാച്ചിലിൽ
പാലം തകർതകർന്നങ്ങെഴുകി പ്പോയി!
കണ്ണേ കരയല്ലേ.. (ഭാഗം .. 2)
(ഒന്നാം ഭാഗത്തിൻ്റെ തുടർച്ച)
“””””””””””””””””””””””””””””””””””””””””””””””””””
ഒന്നിനു പുറകേ മറ്റൊന്നായുരുൾ പൊട്ടി
ഒന്നല്ല രണ്ടു ഗ്രമങ്ങൾ തകർന്നുപോയ്
ഒന്നാമുരുൾ പൊട്ടലിൽ ബാക്കിയായോരെ
ഒന്നാകെ രക്ഷിക്കാനോടി നടന്നവൻ
ഒരുപാട് പേരെ മലകേറ്റി നിർത്തിയോൻ
ഒന്നൂടെ നോക്കി വരാൻ ജീപ്പുമായിപ്പോയ്
ഒത്തിരി ജീവൻ രക്ഷിച്ച പ്രതീഷ് അവൻ
ഒടുവലാ ജീവൻ ഉരുളെടുത്തു പോയ്
ഒരുരാത്രി മുഴവൻ മലമേൽ നിന്നോർ
ഒന്നിച്ചാരാത്രി പ്രതീഷിനായ് പ്രാർത്ഥിച്ചു
ഒരുവന്യമലമേലേ പെരുമഴയിൽ
ഒരുതുള്ളിയ്ക്കൊരുകുടമേറ്റുവാങ്ങി!
ഒന്നുമെടുത്തിറങ്ങാനവർക്കായില്ല
ഒറ്റയുടുതുണിയല്ലാതെ മറ്റൊന്നും
ഒരു കൈത്താങ്ങാരാത്രി കണ്ടുമുട്ടാഞ്ഞോർ
ഒന്നാകെ പാറകൾക്കൊപ്പമൊഴുകിപ്പോയ്!
ഒരു വൻ ദുരന്തത്തിൽ കൈത്താങ്ങായവൻ
ഒരു വൻ പ്രതീക്ഷയ്ക്കൊടുവിലെ നോവായ്!