ഞാൻ മനുഷ്യനെന്ന “അഹം:ന്ത”യിൽ നിന്നുയിർക്കൊണ്ട് ലൗകികാഡംബര സുഖലോലുപതാ മോഹങ്ങളുടെ ചോദനകൾക്കടിമയായി അടങ്ങാത്ത ഭൗതികാധികാര ദാഹത്താൽ ഉടൽരൂപം പ്രാപിച്ച് ചതിയുടെയും, വഞ്ചനയുടെയും അസൽ നിരാചാര രൂപകങ്ങളുടെ പ്രതിനിധി.
സാമാന്യ ജനതയുടെ ഉപജീവന പരതകളിൽ നിത്യനിർബന്ധിതമായ കർമ്മഗണിതങ്ങളെ മതങ്ങളുടെയും,വേദങ്ങളുടെയും അടിസ്ഥാനത്തിൽ ആസൂത്രിതമായ രീതിയിൽ അപരാധപ്പെടുത്തി അവയെ ദുർദിശയിൽ നിർവചനം ചെയ്ത് മനുഷ്യനെ നിത്യ,സത്യമായ ഈശ്വര ചൈതന്യത്തിൽ നിന്ന് അകറ്റി ലോകം മുഴുവൻ കെണികളായി കുരുക്കിയിട്ട മതപൗരോഹിത്യം….”,
കാലാകാലങ്ങളിൽ ജന സാമാന്യങ്ങളെ രാജഭരണത്തിലും, ജനാധിപത്യത്തിലും പെടുത്തി
അടക്കി ഭരിക്കുന്ന ആഗോള അധോസഭയിൽ അധിഷ്ഠിതമായ പൊളിറ്റിക്കൽ സിസ്റ്റം.
മാറി മറിയുന്ന ഭരണവർഗ്ഗങ്ങളാൽ അതീവ ജാഗ്രതയോടെ പരിഗണിക്കപ്പെടുന്ന,കാലാനുസൃതമായി നിരന്തരം പുതുക്കപ്പെടുന്ന കൗടില്യ കൗശലതകളുടെ അതിക്രൂരമായ ചാണക്യസൂത്രങ്ങൾക്ക് ഇരകളായി അപ്രസക്തമാവുന്ന സാധാരണ ജനപഥങ്ങളുടെ പ്രതികരിക്കാനാവാത്ത നിസ്സഹായതകളുടെ നേർസാക്ഷി.അഥവ ശോകമൂകൻ….”,!
വിലക്ഷണാ…..”,
ങും…”,
നീ അനുഭവിക്കുന്നുണ്ടോ….?
എന്ത്….”,
കണ്ണുകളും,കാതുകളും പുറത്തേക്ക് തുറക്കൂ…
ഇന്നലത്തെ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ കാറ്റിനും,മഴക്കും, മണ്ണിനും,ഈ അന്തരീക്ഷത്തിന് പോലും മനുഷ്യരക്തത്തിന്റെയും, മരണത്തിന്റെയും രൂക്ഷഗന്ധമായിരിക്കുന്നു….”,!
ഇന്നലെ വരെ സഹജമായ വിഭവ സമൃദ്ധികളിൽ ഒരുമയിൽ കഴിഞ്ഞ ഒരു ജനപഥവും, അതിമനോഹരമായൊരു പൂന്തോട്ടവും ഉണ്ടായിരുന്നു ഇവിടെ….”!
ഞാൻ വിരൽ ചൂണ്ടുന്ന ഇടങ്ങളിലേക്ക് അവൻ നോക്കി…. “!
വിലക്ഷണാ…..”,
ഞാൻ വീണ്ടും വിളിച്ചു….”,
ങും…”,
ഒറ്റമൂളലിൽ അവസാനിക്കുന്ന അവന്റെ പുച്ഛം കലർന്ന നീരസഭാവം.
ഇന്നലത്തെ ഒറ്റ നിശീഥം കൊണ്ട് നാട്ടുവഴികളും, നാൽക്കവലകളും അപ്രത്യക്ഷമായിരിക്കുന്നു .
ഹൃസ്വജന്മം പേറുന്ന ഒരു മിന്നാമിന്നിയുടെ ഹൃദയത്തിൽ മാത്രം അവശേഷിക്കുന്ന ദുരന്ത ഭൂപടം…”!
കലിംഗക്ക് ശേഷമുള്ള അശോക ബിന്ദുസാര മൗര്യനായി മാറിയിരിക്കുന്നു ഞാനിപ്പോൾ…. “,!
അടിക്കടിയുണ്ടാവുന്ന ഒരോ പ്രകൃതിദുരന്തങ്ങളും എന്നിലെ ബുദ്ധനെ വല്ലാതെ സങ്കടപ്പെടുത്തുന്നു…”,!
ശിരസ്സറ്റ് മുഖങ്ങൾ അപ്രത്യക്ഷമായി വീർത്തു വിറങ്ങലിച്ച് മണ്ണിൽ പുതഞ്ഞു കിടക്കുന്ന അനേകങ്ങളായ കബന്ധങ്ങൾ…”,
പുഴുക്കളെപ്പോലെ ഇഴഞ്ഞിഴഞ്ഞു പോകുന്ന അംഗഭംഗം വന്നവരുടെ ദയനീയ ചലനങ്ങൾ….”,
ആഴത്തിൽ മുറിവേറ്റവരുടെ മരണവക്രത്തിൽ കിടന്ന് പിടഞ്ഞുള്ള ദീനരോദനങ്ങൾ….”,!
മാതാക്കളെ നഷ്ടപ്പെട്ട ശിശുക്കൾ….”,!
ഗളച്ഛേദം ചെയ്യപ്പെട്ട പിതാക്കളുടെ ശരീരം തിരിച്ചറിയാൻ സാധിക്കാതെ എന്റേത്, തന്റേത്, അവന്റേതെന്ന് ഉഴറുന്ന മക്കൾ…മരുമക്കൾ.. പേരക്കിടാങ്ങൾ .”,!
അന്ത്യകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കാനാവാതെ തന്ത്രവിദ്യകൾക്ക് ഫലം ഭവിക്കാത്ത വിധം ആത്മാവിൽ നിന്ന് മന്ത്രങ്ങൾ ഊർന്നുപോയി രണഭൂമിയിൽ ഏതോ വിധത്തിൽ ബാക്കിയായ ഒറ്റ രാത്രികൊണ്ട് ദേഹമാസകലം ജരാനരകൾ ബാധിച്ച വൃദ്ധ പുരോഹിതർ….”,!
ഉറ്റവരും,ഉടയവരും നഷ്ടപ്പെട്ട് അനാഥമായവർ….”,!
ആജ്ഞകൾ ശ്രവിക്കാൻ കഴിയാത്ത രൂപത്തിൽ കർണ്ണങ്ങളറ്റ് തുമ്പിക്കൈ നെടുകെ പിളർന്ന കരിവീര ഗജങ്ങൾ…. “,!
കാലറ്റ്…..വാലറ്റ്…. ദേഹമാസകലം കുന്തമുനകളുറഞ്ഞ് അർദ്ധപ്രാണനുമായി മല്ലടിക്കുന്ന അശ്വങ്ങൾ….”,!
ജീവനും,മൃത്യുവിനും ഇടയിൽ കുരുങ്ങിയ അസന്നിഗ്ദാവസ്ഥയിലെ ഊർദ്ധ്വാൻ വലികൾക്കും,തപ്ത നിശ്വാസങ്ങൾക്കുമിടയിൽ ഊരിത്തെറിച്ചു പോയ അനേകങ്ങളായ രഥചക്രങ്ങൾ…..”,!
വാശിയും, വൈരാഗ്യവും ഇട്ടെറിഞ്ഞു സംന്യാസത്തിനും, വന വാസത്തിനും പോയ പടയാളികളുടെ ഖഡ്‌ഗങ്ങൾ…”കരവാളങ്ങൾ…, കൃപാണങ്ങൾ… ശൂലങ്ങൾ…ഉടുചേലകൾ….”!
ജയപരാജയങ്ങളുടെ യുക്തി കണ്ടെത്തി തത്സമയം ന്യായവിധി പറയാനാവാതെ കുഴങ്ങിയ അഷ്ടകുലനെ അവഗണിച്ചുകൊണ്ട് ആഭ്യന്തര സുരക്ഷാ നിർവ്വഹണത്തിന്റെ ചുമതലയുള്ള മഹാബാദ്രികൃതനെ തിരഞ്ഞോടുന്ന ഗണപ്രമുഖരും,ഗണമുഖ്യന്മാരും…. “,!
സ്വ: പാലകനെ കാണാതെ മൈതാനങ്ങളിലും,തെരുവുകളിലും, വെളിമ്പ്രദേശങ്ങളിലും കെട്ടഴിഞ്ഞുഴറുന്ന ഗോക്കളും,ഗഡ്ഡലങ്ങളും…. “!,
യുദ്ധഭയത്താൽ നദിയുടെ അങ്ങേ കരയിലേക്ക് ജീവനും കൊണ്ടോടിയ ധാവക:ന്മാരായ യജമാനന്മാർ തങ്ങളുടെ പുറത്ത് വെച്ച് കെട്ടിയ വിഴുപ്പിന്റെ ഭാണ്ഠക്കെട്ടുകളുമായി മുഖത്തോട് മുഖം നോക്കിയും, ഇടയ്ക്കിടെ ചിറികൾ കോട്ടിയും രണഭൂമിയുടെ പല കോണുകളിൽ ഗർദഭഃക്കൂട്ടങ്ങൾ ശേഷിച്ച ജന്മം ഇനി മറ്റൊരു യജമാനനെ കാത്ത്‌ വിധിയുടെ അനിശ്ചിതത്വത്തിന് മുൻപിൽ അടിമത്തം വരിക്കാൻ സ്വയം സന്നദ്ധരായി ക്ഷമയോടെ കാത്തുനിൽക്കുന്നു….”!
ഹന്ത:ഹന്ത! വിധി വിലാസ…. “!
വിലക്ഷണൻ ഒട്ടൊരു ദൂരത്തേക്ക് എന്തിനെന്നില്ലാതെ നടന്നിരിക്കുന്നു….”!

By ivayana