ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ശൃംഗിവേരപുരത്തിന്നധിപൻ, നിഷാദൻ
ഹൃദയമാം ഗുഹയിൽ വസിപ്പവൻ, ഗുഹൻ.
കാട്ടാളനെങ്കിലും കറയറ്റ രാമഭക്തൻ
അധിപനെങ്കിലുമുടയോൻ്റെയടിമ.
നീണ്ട പ്രാർത്ഥനയ്ക്കൊടുവിലൊരു നാൾ
കോസലം വിട്ട്, വേദശ്രുതിയും ഗോമതിയും
സ്യന്ദികാ നദിയും കടന്നീ ഗംഗാ തീരത്തെന്നരികിലെത്തിയെൻ രാമൻ.
സീതാലക്ഷ്മണസമേതനായ്.
രാജകീയാടകളില്ലാഭരണങ്ങളില്ല
പാദുകങ്ങളില്ല പാദസേവകരില്ല.
കുശപ്പുല്ലും വൽക്കലവും മൃഗത്തോലുടയാടയും
തോളിൽ വില്ലുമാവനാഴിയിലമ്പുമായുധവും
കണ്ടു ഞാനമ്പരന്നു പോയ്.
കെട്ടിപ്പുണർന്നും നെറുകയിൽ ചുംബിച്ചും കാതിൽ
” താതാനുജ്ഞയാൽ വനവാസത്തിനിറങ്ങിയ
കഥകൾ പറഞ്ഞും മന്ദഹസിച്ചു നിൽക്കവേ,
എൻ്റെയുള്ളമൊന്നാകെയുലഞ്ഞു പോയ്.
ചുട്ട മത്സ്യവും കാട്ടുതേനും ഫലമൂലാദികളുമൊക്കെ
പെട്ടെന്നൊരുക്കി ഞാൻ സൽക്കരിക്കെ
ഒന്നുമേ ഭുജിച്ചീല രാമൻ
ദാഹനീർ മാത്രം മോന്തി
ഓടൽമരച്ചോട്ടിൽ പുല്ലു മെത്തയിൽ അന്തി ചാഞ്ഞു
സീതാദേവിയ്ക്കൊപ്പം.
കാവലാളായി ഞാനും ലക്ഷ്മണനും സുമന്ത്രനും
രാമകഥകളും പറഞ്ഞുറങ്ങാതിരിക്കെ
പുലരി വന്നതറിഞ്ഞില്ല, ദേവനുണർന്ന് പേരാൽക്കറയാൽ
ജടയുമൊരുക്കി
താപസവേഷം പൂണ്ടു പുറപ്പെടുകയായ്….
“അരുത് പോകരുതങ്ങയ്ക്കു വനവാസമല്ലേ വേണ്ടൂ
പതിന്നാലു വത്സരമീ രാജ്യം ഭരിച്ചു സന്തോഷവാനായി ” ഞാൻ യാചിക്കവേ.
” വനവാസത്തിൻ നോവറിയണം, രാവണനിഗ്രഹ നിയോഗം നടത്തണം.
പോകാതെ വയ്യെന്നെ ഗംഗ കടത്തുക.”
വേഗം തോണിയിറക്കി ഞാൻ മൂവരേം മറുകരയെത്തിച്ചൊപ്പം നടക്കാൻ തുനിയവേ…
” നീ തിരികെപ്പോക, പോയി രാജഭരണം നടത്തി
പ്രജകളെ പരിപാലിക്ക.
ജന്മം കൊണ്ടെനിക്കു മൂന്നു സഹോദരരെങ്കിലുമിന്നിപ്പോൾ നാലാണനുജന്മാരനുസരിക്ക നീ…”
രാമവാക്കുകൾ കേട്ടു ഞാൻ പിൻവാങ്ങവേ, പതിന്നാലു വത്സരം കാത്തിരിക്കണമിനിയുമെൻ
രാമനെ ദർശിക്കുവാനെന്നോർക്കവേ
നെഞ്ചു നീറിയോ ഉള്ളിൽ പിന്നെയും
നെരിപ്പോടെരിഞ്ഞുവോ….

ജയൻ തനിമ

By ivayana